കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്. മുന്നണികളുടെ ഓരംപറ്റി നേട്ടങ്ങള്‍ ഒപ്പിക്കുന്നതില്‍ മാത്രം മികവ് തെളിയിച്ചിട്ടുള്ള ഇക്കൂട്ടര്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കലഹത്തിലാണ്.
കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും തൊടുപുഴ എംഎല്‍എയുമായ പി.ജെ. ജോസഫിന്റെ മോഹമാണ് മാണിയും മകനും കൂട്ടരും ചേര്‍ന്ന് കഴിഞ്ഞ രാത്രി മരവിപ്പിച്ചത്. തുടര്‍ന്ന് ആഭ്യന്തര പ്രശ്നങ്ങള്‍ കേരളാകോണ്‍ഗ്രസിന്റെ മറ്റൊരു പിളര്‍പ്പിന് വഴിയൊരുക്കുകയാണ്. ലയനത്തിലൂടെ ഒരു ഗുണവും കിട്ടിയിട്ടില്ലെന്ന പരിദേവനത്തോടെയാണ് സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ജോസഫ് രംഗത്തെത്തിയത്.
നിലവിലുള്ള എംഎല്‍എമാരുടെയും തുണയ്ക്കുന്ന ക്രിസ്തീയ സഭാനേതൃത്വങ്ങളുടെയും പിന്തുണ ഏതാണ്ടുറപ്പിച്ച പി.ജെ. ജോസഫ് കോട്ടയത്ത് മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും ഉറപ്പിച്ചിരുന്നു. പാര്‍ട്ടിക്കകത്തും പുറത്തും ജോസഫിന്റെ മോഹങ്ങള്‍ക്ക് ഒപ്പമാണെന്ന തോന്നല്‍ മാണി വാക്കുകളിലൂടെ സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി വാര്‍ത്താചാനലുകള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ തീരുമാനിച്ചതായി അറിയിക്കുമ്പോഴും മാണിയില്‍ നിന്നുള്ള ശുഭകരവാര്ത്ത പ്രതീക്ഷിക്കുന്നുവെന്ന മറുപടിയാണ് ജോസഫ് നല്‍കിയത്.
രാഷ്ട്രീയ ചാണക്യനായി വാഴ്ത്തപ്പെടുന്ന കെ.എം. മാണിയുടെ നീക്കങ്ങള്‍ കണ്കെട്ടുപോലെയായിരുന്നുവെന്ന വിലയിരുത്തലാണ് ജോസഫ് വിഭാഗത്തിനുള്ളത്. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാകുമെന്നത് തിരിച്ചറിയാന്‍ വൈകിപ്പോയെന്ന വിലയിരുത്തലാണ് അണികള്‍ക്ക്.
ആത്മഹത്യക്കും കൊലയ്ക്കും ഇടയിലൂടെയാണ് ജോസഫിന്റെയും രാഷ്ട്രീയയാത്രയെന്നാണ് അടക്കംപറച്ചിലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: