തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറായില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും നിരത്തുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്വേസ്റ്റേഷന്, വിമാനത്താവളം, കെഎസ്ആര്‍ടിസി ബസ്സുകള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ അതേപടി നില്‍ക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ പരസ്യബോര്‍ഡുകള്‍ പാടില്ല. നിരത്തുകള്‍, വാഹനങ്ങള്‍, ഉപകരണങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ പേരിലുള്ള എസ്എംഎസ്, ഈമെയില്‍ സന്ദേശങ്ങള്‍, എല്‍ഇഡി വാള് ഡിസ്പ്ലെകള്‍, സാമൂഹ്യമാധ്യങ്ങളിലെ സര്‍ക്കാര്‍ പോസ്റ്റുകള്‍, ഓണ്‍ലൈന്‍ സൈറ്റുകളിലെ സര്‍ക്കാര്‍ പ്രമോഷനുകള്‍ എന്നിവയ്ക്കെല്ലാം പെരുമാറ്റച്ചട്ടം ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിണറായി വിജയന്റെ ചിത്രത്തോടെയുള്ള സര്‍ക്കാരിന്റെ 1000 ദിവസത്തിന്റെ നേട്ടം വിവരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ നിറച്ചിരിക്കുകയാണ്. മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും സര്‍ക്കാരിന്റെ 1000 ദിനം പരസ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കണമെന്ന ലക്ഷ്യത്തോടെ കോടികള്‍ മുടക്കി സ്ഥാപിച്ച പരസ്യങ്ങളാണ് പ്രത്യേക കേന്ദ്രങ്ങളുടെ ഇടപെടല്‍ മൂലം എടുത്തുമാറ്റാന്‍ വൈകിപ്പിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡുകള്‍ ഭൂരിഭാഗവും വെള്ളത്തുണികള്‍ കൊണ്ട് മറച്ചുകഴിഞ്ഞു. ദല്‍ഹിയിലെ കേരളാ ഹൗസിന്റെ മുന്നിലുള്ള പിണറായി വിജയന്റെ ചിത്രത്തോടെയുള്ള ഫ്ളക്സ് ബോര്‍ഡ് ഉള്‍പ്പടെയുള്ളവ എടുത്തുമാറ്റി. കേരളത്തില്‍ സര്‍ക്കാരിന്റെതായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പരാതിനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: