കോഴിക്കോട്: വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനെ നേരിടാന്‍ ആര്‍എംപിഐ നേതാവും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ രംഗത്തിറക്കുമെന്ന് സൂചന. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന ആര്‍എംപിഐ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായ തായാണ് വിവരം.
കെ.കെ. രമ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത, യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി എന്‍. വേണു തള്ളിയില്ല. വടകരയ്ക്കുപുറമെ കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനും യോഗത്തില്‍ തീരുമാനമായി. വടകരയില്‍ ഏറ്റവും ശക്തിയുള്ള സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുകയെന്നായിരുന്നു വേണുവിന്റെ മാധ്യമങ്ങളോടുള്ള മറുപടി.
വടകരയില്‍ കെ.കെ. രമ മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ രമ ഈ വാര്‍ത്ത തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി. ജയരാജനെ പ്രഖ്യാപിച്ചതോടെ ഏത് വിധേനയും വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ആര്‍എംപിഐ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ നിലപാട് സ്വീകരിക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇതിനായി വടകരയില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് തീരുമാനമെന്ന് വേണു പറഞ്ഞു. സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നുവന്ന പേരുകള്‍ ഒന്നും തള്ളേണ്ടതില്ല. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പേരുകള്‍ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
ഇടതുപക്ഷത്തിന്റെ കോട്ട ആയിരുന്ന വടകര മണ്ഡലം ആര്‍എംപിഐയുടെ ഇടപെടലിലൂടെയാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും അത് കൈവിട്ടു പോകാതിരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: