ആലപ്പുഴ: സംസ്ഥാന ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ നേട്ടങ്ങളൊന്നും പറയാനില്ലാത്ത സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റുക ചെങ്ങന്നൂര്‍ മോഡല്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളെയും ക്രൈസ്തവ മത നേതൃത്വങ്ങളെയും പ്രീണിപ്പിച്ചും, ഒരു പരിധി വരെ ഭീഷണിപ്പെടുത്തിയും തങ്ങള്‍ക്ക് അനുകൂലമാക്കാനും, റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കാനും സിപിഎമ്മിന് സാധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റുക ഇതേ തന്ത്രമായിരിക്കും.
ശബരിമല വിഷയം ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു, സമൂഹമാധ്യമങ്ങളിലോ, പ്രസംഗങ്ങളിലോ, മറ്റു പ്രചാരണങ്ങളിലോ ശബരിമല യുവതീപ്രവേശനം സര്‍ക്കാരിന്റെയോ, മുന്നണിയുടേയോ ലക്ഷ്യമാണെന്ന് പരാമര്‍ശിക്കരുതെന്ന നിര്‍ദേശം അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഹൈന്ദവ സംഘടനകളോ ബിജെപിയോ ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടാലും പ്രതികരിക്കരുതെന്നും നിര്‍ദേശമുണ്ട്. വനിതാ കണ്‍വന്‍ഷനുകളില്‍ പോലും ശബരിമല യുവതീപ്രവേശനം ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു.
ശബരിമല യുവതീപ്രവേശനത്തെ വനിതാ നവോത്ഥാനമായി കൊണ്ടാടിയ ഇടതുവനിതാ സംഘടനകളും സാംസ്കാരിക സംഘടനകളും പൊടുന്നനെ മൗനത്തിലായതും സിപിഎമ്മിന്റെ നിലപാടു മാറ്റം മനസ്സിലാക്കിയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വലിയ തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് വ്യക്തമായി കഴിഞ്ഞു. പരമാവധി ക്ഷേത്രങ്ങളും സമുദായ ഓഫീസുകളും സന്ദര്‍ശിക്കുക, സാമുദായിക സംഘടനാ നേതാക്കളുടെ പിന്തുണ ഉറപ്പാക്കുക തുടങ്ങി എല്ലാ തന്ത്രങ്ങളും പയറ്റാനാണ് അണികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കുമുള്ള നിര്‍ദേശം.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പിന്തിരിപ്പന് ശക്തികളെന്നും സവര്‍ണ ഫാസിസ്റ്റുകളെന്നും അവഹേളിച്ചവരെ പോലും ഒഴിവാക്കാതെ സൗഹാര്‍ദ്ദം ഉണ്ടാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. സമുദായ സംഘടനാ നേതാക്കളേയും മത നേതാക്കളെയും പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തുക, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുക എന്ന നയമാണ് സിപിഎമ്മിന്റേത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ്, പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്നമായതിനാല്‍ സര്‍വശക്തിയും വിനിയോഗിക്കാനാണ് തീരുമാനം.
കടുത്ത വര്‍ഗീയ പ്രചാരണങ്ങളിലൂടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തീവ്ര സംഘടനകള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം മുസ്ലിം ജനവിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളെയും സ്വാധീനിക്കാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ അകന്നു പോകുന്നത് ഒഴിവാക്കുന്നതിനുള്ള അടവു നയങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ സിപിഎം പയറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: