ഇടുക്കി: വേനല്‍ക്കാലം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ചൂടിന് നേരിയ കുറവ് വന്നെങ്കിലും ഇതുമൂലമുള്ള അസ്വസ്ഥതകള്‍ തുടരുന്നു. സാധാരണ പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെ താപനില കുറവാണ്. പകല്‍ സമയത്തേക്കാള്‍ 6-11 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസം. ഇപ്പോള്‍ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം കുറഞ്ഞു.
ഉഷ്ണം കൂടിയതോടെ ഫാന്‍, എസി എന്നിവയില്ലാതെ വീടുകളിലും ഫ്ളാറ്റുകളിലും പുലര്‍ച്ചെ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പല മേഖലകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈദ്യുതി മുടക്കവും പതിവാണ്. ഇതും ജനത്തെ സാരമായി വലയ്ക്കുന്നു. സാധാരണ 20-23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയത്തെ കുറഞ്ഞ താപനില. എന്നാല്‍, ഇത് 25-27 വരെയായി ഉയര്‍ന്നു.
അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ കണക്ക് പ്രകാരം പുനലൂരാണ് വെള്ളിയാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 37.6 രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ പുലര്‍ച്ചെ ഇത് 25 ഡിഗ്രിയായിരുന്നു. പാലക്കാട് ഇത് യഥാക്രമം 37.4, 26.3 ഡിഗ്രി വീതവും രേഖപ്പെടുത്തി. കൊച്ചിയില്‍ 34.8, 25.9 ഉം, വെള്ളാനിക്കരയില്‍ 33.9, 25.5 ഡിഗ്രി സെല്‍ഷ്യസും വീതമായിരുന്നു. രണ്ട് ദിവസമായി ഇടുക്കിയിലെ പീരുമേട് മഴ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് രണ്ട് സെ.മീ. മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. തുലാമഴ നേരത്തെ പെയ്ത് പോയതും വേനല്‍മഴ അകന്ന് നില്ക്കുന്നതും തിരിച്ചടിയാണ്. മധ്യകേരളത്തില്‍ വരും ദിവസം മഴ പെയ്യുമെന്നാണ് പ്രവചനം.
ചൂടിന് കാരണം ആര്‍ദ്രത കൂടിയത്
അന്തരീക്ഷ വായുവിന് ഉള്‍ക്കൊള്ളാനാകുന്ന നീരാവി അഥവാ ജലാംശത്തെയാണ് ആര്‍ദ്രത/ഹ്യുമിഡിറ്റി എന്ന് പറയുന്നത്. അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുതലാണെങ്കില്‍ ചൂട് കൂടുകയും മറിച്ചാണെങ്കില്‍ കുറയുകയും ചെയ്യും.
ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനമാണ് വിയര്‍ക്കല്‍. ആര്‍ദ്രത അനുഭവപ്പെടുന്നതിനാലാണ് നാം വിയര്‍ക്കുന്നത്. ഇത്തരത്തില്‍ ജലം ബാഷ്പീകരിച്ച് പോകുമ്പോള്‍ ശരീരം തണുക്കും. എന്നാല്‍, ആര്‍ദ്രത കൂടിയിരിക്കുന്ന സമയങ്ങളില്‍ ജലം ബാഷ്പീകരിക്കുന്നത് തീരെ കുറയും. ഇതാണ് ശരീരം വിയര്‍ത്തൊലിക്കാന്‍ കാരണം.
മഴക്കാലത്തും നമ്മള് വിയര്‍ക്കുന്നുണ്ടെങ്കിലും ആര്‍ദ്രത കുറഞ്ഞ് നില്ക്കുന്നതിനാല് ഇത് ബാഷ്പീകരിച്ച് പോകും. ശരീരം തണുക്കുകയും ചെയ്യും. പുലര്‍ച്ചയോടടുത്ത സമയങ്ങളില്‍ അന്തരീക്ഷ താപനില കുറഞ്ഞുവരും. ഈ താപനിലയില്‍ വായുവിന് ഉള്‍ക്കൊള്ളാനാവുന്നതിലും അധികമുള്ള ആര്‍ദ്രത ഘനീഭവിച്ച് ജലകണമാകും. പകല്‍ സമയത്ത് വീണ്ടും താപനില ഉയരും. വായുവിന്റെ താപനില കൂടുംതോറും നീരാവിയെ ഉള്‍ക്കൊള്ളാനുള്ള കഴിവും കൂടും. ആര്‍ദ്രതയും ഇതോടൊപ്പം പരമാവധി അളവിലെത്തും. ഇതോടെ ശരീരം തണുക്കുന്നത് വൈകും. ഉഷ്ണം കൂടുതലായി അനുഭവപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: