ഇടുക്കി: വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സര്‍വകാല റെക്കോഡിനരികെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതുവരെ ഏറ്റവും കൂടുതല്‍ വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചത് 2018 ഏപ്രില്‍ 30ന് ആയിരുന്നു, 80.6 ദശലക്ഷം യൂണിറ്റ്.
വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 80 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. മുന്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് അഞ്ച് ദശലക്ഷം കൂടുതല്‍. ഈ വര്‍ഷം ജനുവരി പാതിക്ക് ശേഷം കൂടിയ ഉപഭോഗം ഒരോ ആഴ്ച അവസാനത്തിലും (വ്യാഴം, വെള്ളി) 10-20 ലക്ഷം യൂണിറ്റ് വരെ ഉയര്‍ന്നിരുന്നു.
വെള്ളിയാഴ്ച 57.83 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്നെത്തിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 22.15 ആയിരുന്നു. ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 53 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ 55 ശതമാനമാണിത്, 2360.2 അടി. പമ്പ, കക്കി-55, ഷോളയാര്‍-53, ഇടമലയാര്‍-42, കുണ്ടള-98, മാട്ടുപ്പെട്ടി-60, കുറ്റ്യാടി-63, തരിയോട്-35, ആനയിറങ്കല്‍-80, പൊന്മുടി-50, നേര്യമംഗലം-65, പെരിങ്ങല്‍-28, ലോവര്‍ പെരിയാര്‍-28 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ കണക്കുകള്‍.
ഫെബ്രുവരി 13ന് പെന്‍സ്റ്റോക്കിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ച കക്കാട് നിലയത്തില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ വീണ്ടും ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി പരീക്ഷകൂടി ആരംഭിക്കാനിരിക്കെ വരുന്ന വാരം ഉപഭോഗം വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: