തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ചൂട് തിളച്ചു നിന്നപ്പോള്‍ ഗവര്‍ണറായി മിസ്സോറാമിലേക്ക് പോയ കുമ്മനം രാജശേഖരന് പൊതു തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോള്‍ തിരിച്ചെത്തുന്നത് സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകരും. പാര്‍ട്ടിക്കനുകൂലമായ രാഷ്്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുക എന്ന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചുള്ള കുമ്മനത്തിന്റെ മടങ്ങി വരവ്.
ഏറ്റവും ജനകീയനായ കുമ്മനം ബിജെപി അധ്യക്ഷനായത്് അപ്രതീക്ഷിതമായിട്ടായിരുന്നു. പാര്‍ട്ടിയുടെ ചുമതലകളൊന്നും വഹിക്കാതെ സംസ്ഥാന അധ്യക്ഷ പദവിയില്‍. ബിജെപിക്ക് കന്നി എംഎല്‍എ ഉണ്ടായതുള്‍പ്പെടെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന കുമ്മനം അധ്യക്ഷപദവി ഒഴിഞ്ഞതും അവിചാരിതമായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍ നിന്നപ്പോഴാണ് മിസ്സോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാകുന്നത്. സംഘടനാ ചുമതലയില്‍നിന്ന് ഭരണഘടനാപദവിയിലേക്കുള്ള അപ്രതീക്ഷിതമായ മാറ്റം കുമ്മനത്തെ അടുത്തറിയാവുന്നവരെപ്പോലും അത്ഭുതപ്പെടുത്തി.
കുമ്മനത്തിന്റെ അഭാവം കേരളത്തിന്റെ പൊതുരംഗത്ത് കുറവ് ഉണ്ടാക്കി എന്ന് എതിരാളികള്‍ പോലും സമ്മതിച്ചു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം കുമ്മനത്തിന്റെ അനിവാര്യത വിളിച്ചറിയിച്ചു. കുമ്മനം തിരിച്ചു വരുമെന്നു വാര്‍ത്തകളും വരണമെന്നുള്ള ആവശ്യവും ഉണ്ടായി. നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കുമ്മനം കേരളത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നു കേന്ദ്ര നേതൃത്വത്തിനു കൂടി ബോധ്യമായി.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലങ്കിലും കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പാണ്, രാജി വാര്‍ത്ത അറിഞ്ഞ ഉടന്‍ നഗരത്തില്‍ കുമ്മനത്തിന് വോട്ടുതേടി ചുവരെഴുത്ത് തുടങ്ങിയതു തന്നെ തെളിവ്.
ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങുക. സിപിഐ സി. ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. കുമ്മനം കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി തിരുവനന്തപുരം വീണ്ടും മാറും. കഴിഞ്ഞ തവണ 15,470 വോട്ടിനു നഷ്ടമായ മണ്ഡലം കുമ്മനത്തിലൂടെ തീരിച്ചു ബിജെപി പിടിക്കുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകരില്‍ ഉറപ്പിക്കാനും എതിരാളികളില്‍ ഉണര്‍ത്താനും കുമ്മനത്തിന്റെ മടങ്ങിവരവ് വഴിവെയ്ക്കും.
1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ വലിയരീതിയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണപിള്ള 35,562 വോട്ടു നേടിയപ്പോള്‍ 23,835 വോട്ടുനേടി കുമ്മനം രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43,700 വോട്ടു നേടി വട്ടിയൂര്‍ക്കാവിലും കുമ്മനം രണ്ടാമതെത്തി. തിരുവനന്തപുരത്ത് മൂന്നാമതൊരങ്കത്തിന് കുമ്മനം എത്തുമ്പോള്‍ ഉറച്ച വിജയത്തിലപ്പുറം ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: