കോട്ടയം: ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങിയ കുമ്മനം രാജശേഖരന് ഇനി ജനസേവകനായി ജനങ്ങള്‍ക്കിടയില്‍. മിസോറം ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയിലിരിക്കുമ്പോള്‍ ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടിപ്രവര്‍ത്തകരുടെയും കുമ്മനംകാരുടെയും പഴയ രാജേട്ടനായി അദ്ദേഹം മടങ്ങിയെത്തുകയാണ്.
കുമ്മനമെന്ന മൂന്നക്ഷരത്തില്‍ ഈ ഗ്രാമത്തിന്റെ എല്ലാ നൈര്‍മല്യവും അടങ്ങിയിട്ടുണ്ട്. ഏതു സ്ഥാനത്തെത്തിയാലും അദ്ദേഹത്തിന് എളിമ വിടാതിരിക്കാന്‍ തുണയായതും ഈ ഗ്രാമത്തില്‍ നിന്നുള്ള ജീവിതാനുഭവങ്ങളാണ്. കുമ്മനത്തുകാരുടെ രാജന് ഉയരങ്ങളിലേക്ക് നടന്ന് കയറുമ്പോള്‍ ആ ഗ്രാമം ഒന്നടങ്കം ആഹ്ലാദത്തിലായി. ഗവര്‍ണറായതിന് ശേഷം ആദ്യമായി കുമ്മനത്ത് വന്നപ്പോള്‍ നല്കിയ പൗരസ്വീകരണം തന്നെ അതിന് ഉദാഹരണമാണ്. തന്റെ തട്ടകമായ കോട്ടയത്ത് എണ്ണമറ്റ പരിപാടികളിലാണ് ഗവര്‍ണര്‍ പദവിയിലിരിക്കെ പങ്കെടുത്തത്.
ഭരണഘടനാ പദവിയിലിരിക്കുമ്പോള്‍ തന്റെ സ്വതസിദ്ധമായ ലാളിത്യവും സൗമ്യമായ ഇടപെടലും അദ്ദേഹം കൈവിട്ടില്ല. ഇതാണ് ഏത് പദവിയിലെത്തിയാലും കുമ്മനത്തിനെ ജനങ്ങള്‍ക്കിടെയില്‍ സ്വീകാര്യനാക്കിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം വന്നപ്പോഴും കേരളത്തില്‍ അങ്ങോളം ഇങ്ങോളം പരിപാടികളുണ്ടായിരുന്നു. കോട്ടയം പബ്ലിക്ക് ലൈബ്രറിയില്‍ ഒരുക്കിയ പൗരസ്വീകരണം തന്റെ ജന്മനാടിന്റെ മറ്റൊരു സ്നഹോപഹാരമായിരുന്നു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായി വരാനിരിക്കെയാണ് അദ്ദേഹം ഗവര്‍ണര്‍ പദവി വിട്ട് മടങ്ങിയെത്തുന്നത്.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ധാര്‍മിക മേഖലകളില്‍ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുമായിട്ടാണ് കുമ്മനം മിസോറാമിലേക്ക് വിമാനം കയറിയത്. ഗവര്‍ണറായതോടെ അദ്ദേഹത്തിന് ഭരണപരമായ മേഖലയില്‍ പരിചയവുമായി. ഏല്‍പ്പിച്ച എല്ലാ പ്രവര്‍ത്തനവും അദ്ദേഹം ഭംഗിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്തുചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. പുതിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ജനസേവനം അഭംഗുരം തുടരാനുള്ള നിയോഗമാണ് അദ്ദേഹത്തിന് വീണ്ടും ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: