ന്യൂദല്‍ഹി: ഡിസംബര്‍, 2017- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. രാമക്ഷേത്ര വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു സിബലിന്റെ ആശങ്ക.
രാജ്യത്ത് ‘ഹിന്ദു ഭീകരത’യുണ്ടെന്ന് ഒരുകാലത്ത് പ്രചാരണം നടത്തിയ കോണ്‍ഗ്രസ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തോടെ തങ്ങള്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ രാമക്ഷേത്രത്തിനെതിരായി നിലപാടെടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല. അനുകൂലിച്ചാല്‍ ഇതുവരെ ബിജെപിയെ എതിര്‍ത്തുവന്ന രാഷ്ട്രീയത്തെ പൂര്‍ണമായും റദ്ദു ചെയ്യലുമാകും. പ്രതിസന്ധി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ വഴിയാണ് വാദം അനിശ്ചിതമായി നീളുകയെന്നത്. അതിനാല്‍ സുപ്രീംകോടതിയുടെ മധ്യസ്ഥ ചര്‍ച്ച ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും സോണിയാ സംഘത്തെയാണ്. എട്ട് ആഴ്ചയാണ് ചര്‍ച്ചകള്‍ക്കായി നല്‍കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുന്‍പ് വാദം നടക്കാനുള്ള സാധ്യത ഇനിയില്ല. ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയത് കോണ്‍ഗ്രസ്സിന് ഇരട്ടിമധുരമായി.
ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രത്തിനായി വിശ്വാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1528ലാണ് മുസ്ലിം അധിനിവേശത്തിന്റെ കൈക്കരുത്തിന് മുന്നില്‍ രാമക്ഷേത്രം തകര്‍ക്കപ്പെട്ടത്. അതേ സ്ഥാനത്ത് ഹൈന്ദവ ജനതയുടെ അടിമത്തത്തെ എക്കാലവും ഓര്‍മിപ്പിച്ച് ബാബറി മസ്ജിദ് ഉയര്‍ന്നുവന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്‍പ്പെടെ ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ നടന്നു. പ്രദേശത്ത് വര്‍ഗീയ കാലപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1950ല്‍ ഇരുവിഭാഗവും കോടതിയിലെത്തി. 2010ലാണ് തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. 2011ല്‍ ഇത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ എട്ട് വര്‍ഷത്തിലേറെയായി സുപ്രീം കോടതിയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതിനിടെയൊന്നുമില്ലാതിരുന്ന മധ്യസ്ഥ ചര്‍ച്ച ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് സംശയത്തോടെയാണ് ഹിന്ദു സംഘടനകള്‍ കാണുന്നത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സമൂഹം പ്രക്ഷോഭത്തിലാണ്.
മുന്‍പ് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടും ഫലമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് തുറന്നുപറഞ്ഞിരുന്നു. 1990കളില്‍ പ്രശ്നപരിഹാരത്തിനായി വിഎച്ച്പിയും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2003ല്‍ കാഞ്ചി ശങ്കരാചാര്യരും ഒത്തുതീര്‍പ്പിന് മുന്നിട്ടിറങ്ങിയെങ്കിലും വെറുതെയായി. ”കാശിയും മധുരയും അയോധ്യയും ഹിന്ദുക്കളുടേതാണ്. രാജ്യത്തിന്റെ വിശാലതാല്‍പ്പര്യവും മതസൗഹാര്‍ദവും ഉള്‍ക്കൊണ്ട് ഇവ തിരിച്ചുനല്‍കണം. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണെങ്കിലും ഇത് ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും. രാജ്യത്തെ മുസ്ലിങ്ങള്‍ മാനസികമായി ഇതിന് തയാറെടുക്കണം”. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. 2017ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. ഖെഹാര്‍ മധ്യസ്ഥത നടത്താമെന്ന് വ്യക്തമാക്കിയെങ്കിലും മുന്നോട്ട് പോയില്ല. ഇതിന് പിന്നാലെ ശ്രീ ശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വിയും നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: