ശ്രീഗണേശന്റെ തൃപ്പാദങ്ങളെ വന്ദിച്ചു കൊണ്ടാണ് കുമാരന് യുദ്ധമാരംഭിച്ചത്. താരകാസുരവധത്തിനായി കുമാരന് കൂടുതല്‍ ശ്രദ്ധയും ശക്തിയും ലഭിക്കാനായി ശ്രീഗണേശന് വീരേന്ദ്രനുമായി ചേര്‍ന്ന് താരകന് ഏറെ തടസ്സങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.
എന്നാല്‍ കുമാരന് കുറേനേരം താരകാദി അസുരകളെ യുദ്ധത്തില്‍ പരിഹാസ്യരാക്കി, ഭയപ്പെടുത്തി ആസ്വദിച്ചു.
താരകാസുരന് പ്രയോഗിച്ച മഹാ അസ്ത്രങ്ങളെ മുഴുവന്‍ മുരുകന് നിഷ്പ്രയാസം നശിപ്പിച്ചു. താരകന്റെ കൊടിയും ധ്വജസ്തംഭവുമെല്ലാം തകര്‍ത്തു. തേരാളിയേയും വധിച്ചു. താരകന്റെ കിരീടം നിലം പതിച്ചു. തുടര്‍ന്ന് തേരുകൂടി തകര്‍ന്നതോടെ രക്ഷയില്ലാതെ താരകന് മായാപ്രയോഗത്തിലൂടെ ക്രൗഞ്ചഗര്ത്തങ്ങളില് മറഞ്ഞു.
അന്ധകാരാസ്ത്രത്താല് മുരുകനെ നേരിട്ടപ്പോള്‍ സൂര്യാസ്ത്രം കൊണ്ട് നശിപ്പിച്ചു. സൂര്യരശ്മികള്‍ ക്രൗഞ്ചമലയുടെ ഉള്ളില്‍ ഓരോ ഗര്‍ത്തത്തിലും കടന്നുചെന്നു. മുരുകന്റെ തേരാളി വായു, മുരുകനെ ക്രൗഞ്ചന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. വായുവിനും
സൂര്യരശ്മിക്കുപോലും കടക്കാനാവാത്ത വിധം അടഞ്ഞു കിടന്ന ഗര്‍ത്തങ്ങളെ തുറന്ന് വിഘ്നേശ്വരന് വിഘ്നങ്ങളെ നീക്കി.
എല്ലാ മാര്‍ഗങ്ങളും തന്റെ വിജയത്തിന് വിഘ്നമുണ്ടാക്കുന്നുവെന്ന് കണ്ട താരകാസുരന് ഒടുവില്‍ മുരുകനു നേരെ ബ്രഹ്മാസ്ത്രമയച്ചു. താരകന് ബ്രഹ്മാസ്ത്രം കൈയിലെടുത്തപ്പോള്‍ തന്നെ ശ്രീഗണേശന് മുരുകന്റെ ചെവിയില്‍ മന്ത്രിച്ചു. ബ്രഹ്മാസ്ത്രത്തെ ബഹുമാനിച്ചു നില്‍ക്കണം.
ശ്രീഗണേശന്റെ നിര്‍ദേശത്തെ അനുസരിച്ച് മുരുകസൈന്യം ബ്രഹ്മാസ്ത്രത്തെ വന്ദിച്ചു. ബ്രഹ്മാസ്ത്രം മുരുകാദികളെ വന്ദിച്ച് പരസ്പര ബഹുമാനം പ്രകടമാക്കി. അത് സമുദ്രാന്തര്ഭാഗത്തിലെവിടെയോ ചെന്ന് സമുദ്രത്തെ ഇളക്കിമറിച്ചു. സമുദ്രം ഇളകിക്കയറി, ക്രൗഞ്ചമലയെ വലയം ചെയ്ത് അതിന്റെ മായാശക്തികളെ വിലയനം ചെയ്തു.
അഗസ്ത്യശാപത്താല്‍ മലയായി മാറിയിരുന്ന ക്രൗഞ്ചാസുരന് ശ്രീമുരുകന് ശാപമോക്ഷം നല്കി. ക്രൗഞ്ചന്റെ മറവില്‍ മായായുദ്ധം ഇനി നടപ്പില്ലെന്ന് താരകാസുരന് പൂര്‍ണമായും വ്യക്തമായി. താരകന് തികച്ചും ഭയപ്പെട്ടു. ഇനി തന്റെ മായാപ്രയോഗങ്ങളൊന്നും നടക്കില്ലെന്നു പ്രകടമായി. എങ്കിലും സ്വതഃസിദ്ധമായ ശൂരത്വലഹരിയില് വീണ്ടും മുരുകന് നേരെ ഉഗ്രാസ്ത്രങ്ങളെ അയച്ചു. ശ്രീമുരുകന് പരാശക്തിയെ മനസ്സില്‍ ധ്യാനിച്ച് പാശുപതമൂര്ത്തിയുടെ അനുഗ്രഹത്തോടെ താരകാസുരനെ വധിച്ചു. മറ്റ് അസുരന്മാര് ഭയന്നോടി.
ദേവന്മാരും ഋഷിമാരും ശ്രീമുരുകനെ അഭിനന്ദിച്ചു. വീരബാഹുവും വീരേന്ദ്രനും ഗണേശനെ വന്ദിച്ച് മുരുകന്റെ മുന്നിലെത്തി നമസ്കരിച്ചു. ഇനിയും തങ്ങള്‍ മുരുകന്റെ ആജ്ഞയ്ക്കായി കാത്തിരിക്കുകയാണെന്ന് അവര്‍ ബോധ്യപ്പെടുത്തി.
ശ്രീപരമേശ്വരനും ശ്രീപാര്‍വതിയും മുരുകനെ അഭിനന്ദിച്ചു.
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ ശ്രീഗണേശന് കന്നിമൂലയിലേക്ക് മാറിനിന്ന്, എല്ലാം ആസ്വദിച്ചു.
വീരബാഹുവും വീരേന്ദ്രനും ചേര്‍ന്ന് മുരുകനിര്ദേശം ശിരസാ വഹിച്ച് താരകന്റെ തടവറയില്‍ കഴിഞ്ഞിരുന്ന ജയന്താദി ദേവന്മാരെ മോഹിപ്പിച്ച് മുരുകസന്നിധിയില് ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: