ന്യൂദല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം ഡോ. കുമ്മനം രാജശേഖരന് രാജിവെച്ചു. രാജി സ്വീകരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസം ഗവര്‍ണര്‍ പ്രൊഫ. ജഗ്ദീഷ് മുഖിക്ക് അധിക ചുമതല നല്കി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കുമ്മനം കത്തില്‍ ചൂണ്ടിക്കാട്ടി. ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുന്ന കുമ്മനം ലോക്സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കഴിഞ്ഞ മെയ് 25നാണ് അദ്ദേഹം ഗവര്‍ണറായി നിയമിക്കപ്പെട്ടത്. അഞ്ച് വര്‍ഷമാണ് ഗവര്‍ണറുടെ കാലാവധി. ഒന്‍പത് മാസത്തിനുശേഷമാണ് കുമ്മനത്തിന്റെ മടക്കം.
1952 ഡിസംബര്‍ 23ന് കോട്ടയം അയ്മനം പഞ്ചായത്തിലെ കുമ്മനത്ത് ജനിച്ച അദ്ദേഹം സസ്യശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പിജി ഡിപ്ലോമയും നേടി. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയിലെ ജോലി രാജിവെച്ചാണ് മുഴുവന്‍സമയ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജന്മഭൂമിയില് സബ് എഡിറ്ററായിരുന്ന കുമ്മനം മാനേജിംഗ് ഡയറക്ടര്‍, ചെയര്മാന് പദവികളും വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംഘടനാ സെക്രട്ടറി, ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനര്‍, അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി, ആറന്മുള പൈതൃക സംരക്ഷണ കര്‍മസമിതി മുഖ്യ രക്ഷാധികാരി തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. സമരനായകനായ കുമ്മനം നിലയ്ക്കല്‍ പ്രക്ഷോഭത്തോടെ ഹൈന്ദവ നേതൃസ്ഥാനത്തെത്തി. ആറന്മുള വിമാനത്താവളത്തിനെതിരായ സമരം പൊതുസമൂഹത്തിന്റെ നേതാവുമാക്കി. മാറാട് പ്രക്ഷോഭം, ക്ഷേത്ര വിമോചന സമരം, മംഗളാദേവി, അഗസ്ത്യാര്‍കൂടം മോചനരഥയാത്ര, ഏകാത്മരഥയാത്ര തുടങ്ങി നിരവധി സമരപരമ്പരകള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.
ഇന്ന് കൊല്‍ക്കത്തയിലെത്തുന്ന കുമ്മനം ദല്‍ഹിയിലെത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: