കൊച്ചി: സിപിഎം ഭരണത്തില്‍ ത്രിപുരയില്‍ കൊലചെയ്യപ്പെട്ടത് 10000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ”1978-ല്‍ സിപിഎം അധികാരത്തിലെത്തിയ ഉടന്‍ അവര്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്താന്‍ തുടങ്ങി. കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും പതിനായിരത്തില്‍ ഒട്ടും കുറയില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.” കെ. സുജിത് എഴുതിയ ‘ത്രിപുരയുടെ ചൂണ്ടുവിരല്‍’ എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തപസ് ദേ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്.
”സിപിഎമ്മിന്റെ ഫാസിസ്റ്റ് സ്വഭാവവും അസഹിഷ്ണുതയും സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്നത് പോരായ്മയാണ്. അത് അംഗീകരിച്ചേ മതിയാവൂ. കൊലപാതകം നിത്യ സംഭവമായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. പോലീസും അവര്‍ക്കൊപ്പമായിരുന്നു. പ്രവര്‍ത്തകരുടെ ജീവന് നഷ്ടമാകുന്നത് ബിജെപി ഇപ്പോള്‍ വളരെ ഗൗരവത്തിലെടുക്കുന്നുണ്ട്. പക്ഷേ നേരത്തെ അത് സാധിച്ചിരുന്നില്ല” തപസ് ദേ വിശദീകരിക്കുന്നു.
ചാവക്കാട് നടന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സമ്മേളനത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവാണ് പുസ്തകം പ്രകാശനം ചെയ്തത്. ജന്മഭൂമി ദല്‍ഹി ബ്യൂറോയില്‍ സീനിയര്‍ കറസ്പോണ്ടന്റാണ് ഗ്രന്ഥകാരനായ കെ. സുജിത്. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സിപിഎം നടത്തിക്കൊണ്ടിരുന്ന ഏകപക്ഷീയമായ കൊലപാതകങ്ങള്‍ക്ക് അറുതി വന്നതെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. കുരുക്ഷേത്ര പ്രകാശനാണ് പുസ്തകത്തിന്റെ പ്രസാധകര്.
ആയിരക്കണക്കിന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൊലചെയ്ത സിപിഎമ്മുമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ് കൈകോര്‍ക്കുമ്പോഴാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയതിനോട് കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തോട് പ്രതികരിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ സിപിഎമ്മിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.
കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പെരിയ ഇരട്ടക്കൊലനടന്നത്. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് മറയിടാന്‍ ശ്രമിക്കുമ്പോള്‍ ത്രിപുരയിലെ പാര്‍ട്ടി നേതാവുതന്നെ ഇടതുപക്ഷഭീകരതയെക്കുറിച്ച് വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന് തലവേദനയാവും. കാസര്‍കോട്ട് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ ഈ മാസം 15ന് രാഹുല്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഎം കോണ്‍ഗ്രസുകാരെ കൂട്ടക്കൊല ചെയ്തത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയാല്‍ മറുപടി പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: