ഇന്നു വനിതകളുടെ ദിനമാണ്. വനിതകളുടെ സേവനങ്ങളെയും പ്രവര്ത്തിമണ്ഡലങ്ങളിലെ മികവിനേയും അറിഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ദിവസം. കേരളത്തിന് ഇതു വനിതാ നവോത്ഥാനത്തിന്റെ കാലമാണ്. ഞങ്ങളെ ഞങ്ങള്‍ക്കറിയാം എന്നു സ്ത്രീസമൂഹം ഒരുമിച്ചു പ്രഖ്യാപിച്ച നാളുകള്‍. വനിതാ സംരക്ഷകരായി സ്വയം അവതരിച്ച ചിലര്‍ ഭരണത്തിന്റ തണലില്‍ നടത്തിയതു കപടനവോത്ഥാന വൈകൃതമായിരുന്നു. അതിനെ വെല്ലുവിളിക്കുംപോലെ ശക്തമായി ഉണര്‍ന്നെഴുന്നേറ്റ സ്ത്രീശക്തി യ്ഥാര്‍ഥ നവോത്ഥാനമെന്തെന്നു കാണിച്ചുതന്നു. വിവിധ പ്രവര്‍ത്തിമേഖലകളില്‍ സ്ത്രീകള്‍ ധീരമായ നടപടികളിലൂടെ വ്യക്തിത്വവും മികവും പ്രകടിപ്പിച്ചതു സമൂഹം കണ്ടു. അധികാര കുത്തകകളെ വകവയ്ക്കാതെ ഉറച്ച തീരുമാനങ്ങളും നടപടികളുമെടുത്ത ടി.വി. അനുപമ എന്ന സബ്കലക്ടറും ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസുപോലും റെയ്ഡ് ചെയ്യാന്‍ തന്റേടം കാണിച്ച ചൈത്ര തേരേസ ജോണ്‍ എന്ന യുവ ഐപിഎസ് ഓഫീസറും, മാറുന്നൊരു ഉദ്യോഗസ്ഥ ഭരണവ്യവസ്ഥയുടെ ചിത്രമാണു കാണിച്ചത്. അവരില്‍നിന്ന് ഏറെപ്പേര്‍ ഊര്‍ജം ഉള്ക്കൊണ്ടിട്ടുമുണ്ടാകും. അതും സ്ത്രീശക്തിയുടേയും നവോത്ഥാനത്തിന്റെയും ഭാഗംതന്നെ.
ശബരിമല വിഷയത്തില്‍ കണ്ട വനിതാമുന്നേറ്റം ഒന്നുമതി സ്ത്രീശക്തിയെ നിര്‍വചിക്കാന്‍. സുപ്രിംകോടതി വിധിയുടെ മറവില്‍ ഹൈന്ദവ വിശ്വാസത്തിനെതിരെ ഇറങ്ങിത്തിരിച്ച സര്‍ക്കാരിന്റെ അധികാര ഗര്‍വിനേയും പൊലീസ് സേന അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളേയും ശക്തമായ അടിത്തറയുണ്ടെന്നു മേനിനടിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയേയും തെല്ലും വകവയ്ക്കാതെ സ്ത്രീസമൂഹം നടത്തിയ ചെറുത്തുനില്‍പ്പ് ചരിത്രപരമായിരുന്നു. സ്ത്രീത്വത്തിനുനേരെ കാര്‍ക്കിച്ചുതുപ്പിയ ഒരു നോവലിസ്റ്റിനും നോവലിനും അതിനെ വാരിപ്പുല്കിയ മാധ്യമസ്ഥാപനത്തിനും വികല ബുദ്ധിജീവികള്‍ക്കും സ്ത്രീശക്തിയുടെ തീജ്വാലകണ്ടു പിന്‍വാങ്ങേണ്ടിവന്നു. ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും പറയുംപോലെ പുരുഷവല്ക്കരണമല്ല സ്വയം തിരിച്ചറിവാണ് യഥാര്‍ഥ സ്ത്രീശക്തിയെന്ന് അവര്‍ തെളിയിച്ചു. ക്രിസ്തീയസഭയില്‍ ഇരുമ്പുമറയ്ക്കപ്പുറത്തെ ഉച്ചനീചത്വങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനുമെതിരെ പരസ്യമായി തെരുവിലിറങ്ങിയ കന്യാസ്ത്രീസമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പൗരോഹിത്യത്തിന്റെ കോട്ടകള്‍ ഇളകിയാടി.
യഥാര്‍ഥ വനിതാശക്തി എന്തെന്ന് അറിയാന്‍ കേന്ദ്രമന്ത്രിസഭയിലേയ്ക്കു നോക്കിയാല്‍ മതിയാകും. സുപ്രധാന വകുപ്പുകളായ വിദേശകാര്യവും പ്രതിരോധവും കൈകാര്യം ചെയ്യുന്ന സുഷമസ്വരാജും നിര്‍മല സീതാരാമനും അഗ്നിപരീക്ഷകളിലൂടെ അടിതെറ്റാതെ നടന്നുകയറിയ ദിവസങ്ങളാണു കടന്നുപോയത്. രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സങ്കീര്‍ണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ കാണിച്ച കൃത്യതയും നേതൃപാടവവും തന്റേടവും ലോകശ്രദ്ധയില്‍ നിറഞ്ഞുനില്ക്കുന്നു. ശത്രുക്കളോടുള്ള ഇടപെടലിലെ കരുത്തും തന്റേടവും നിലനില്‍ക്കെത്തന്നെ വീരജവാന്മാരുടെ കുടുംബത്തോടുകാണിക്കുന്ന മാതൃതുല്യമായ വാല്സല്യവും ആദരവും രാഷ്ട്രമനസ്സില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നു. കടുത്ത നടപടികള്‍ക്കും തീരുമാനങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും സ്ത്രീത്വം തടസ്സമോ ദൗര്‍ബല്യമോ ആകുന്നില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ രണ്ടു വനിതകള്‍. എന്താണു വനിതാശക്തിയെന്ന് പ്രവര്‍ത്തിയിലൂടെ അവര്‍ വ്യക്തമാക്കിത്തരുന്നുണ്ട്. വാക്കിലും നോക്കിലും നടപ്പിലും വസ്ത്രധാരണത്തിലും സ്ത്രീത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതു പൂര്‍ത്തിയാക്കാമെന്ന് അവര്‍ കാണിച്ചുതന്നു. ആ ശക്തിയുടെ തിലകക്കുറിയാണ് ഭാരതീയവനിതകള്‍ നെറ്റിയിലണിയുന്ന സിന്ദൂരം.
ശാക്തീകരണമല്ല അംഗീകാരവും വിശ്വാസവുമാണു വനിതകള്‍ക്കു വേണ്ടത്. അതുരണ്ടും നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ രാഷ്ട്രം തയ്യാറായപ്പോഴാണ് ആ വിശ്വാസത്തിനനുസരിച്ച് ഉയരാന്‍ ഇരുവര്‍ക്കുമായത്. വനിതകള്‍ തയ്യാറായിക്കഴിഞ്ഞു. അവരെ അറിഞ്ഞ് അംഗീകരിക്കാനും അവരില്‍ വിശ്വാസമര്‍പ്പിക്കാനും ഉള്ള മനസ്സ് സമൂഹത്തിനുണ്ടായാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: