ഇടുക്കി: ഉഷ്ണവാതത്തിനുള്ള സാധ്യത കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ താപനിലയില്‍ നേരിയ കുറവ്. ആശങ്ക പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും ചൂട് കുറയുന്നത് ആശ്വാസമാവുകയാണ്. ആറ്, ഏഴ് തീയതികളില്‍ ഉഷ്ണവാതം കോഴിക്കോട് ജില്ലയില്‍ അനുഭവപ്പെടുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. അഞ്ചിന് ഈ മുന്നറിയിപ്പ് പിന്‍വലിച്ചു.
കോഴിക്കോട് ടൗണില്‍ 36.3 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയില്‍ ഒരു ഡിഗ്രിയിലും അധികം കുറവാണ് രണ്ട് ദിവസം കൊണ്ടുണ്ടായത്. അതേസമയം, പാലക്കാട്ട് താപനിലയില്‍ കാര്യമായ വ്യത്യാസമില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 37.4 ഡിഗ്രി. പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളിലും താപനില താഴ്ന്നു. ശരാശരി 33 ഡിഗ്രിക്കും മുകളിലാണ് അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ സ്റ്റേഷനുകളിലെ എല്ലാം താപനില.
ചൂട് കുറഞ്ഞെങ്കിലും വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്താകെ ഉപയോഗിച്ചത് 78.59 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം 80.6 ദശലക്ഷം ആണ്. ഫാന്‍, എയര്‍ കണ്ടീഷണര്‍, കൂളര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ സംസ്ഥാനത്ത് അടുത്തിടെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്താകെ ശരാശരി രേഖപ്പെടുത്തിയത് 0.23 സെ.മീ. മഴയാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളിലെല്ലാം അകന്നു നിന്നു.
വേനല്‍മഴ ശരാശരിയിലും കൂടുതല്‍ ലഭിച്ചാല്‍ മാത്രമേ താപനിലയില്‍ കാര്യമായ മാറ്റം ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പക്ഷം. അതേസമയം, ഉഷ്ണവാതത്തിന്റെ ഭീഷണിയില്‍ നിന്ന് സംസ്ഥാനം ഉടന്‍ മുക്തമാകില്ലെന്നും ഇവര്‍ പറയുന്നു. വൈദ്യുതി വകുപ്പിന് കീഴിലുള്ള ജലസംഭരണികളിലെ ജലശേഖരം 55 ശതമാനമായി കുറഞ്ഞു. മഴക്കാലമെത്താന്‍ ഇനി 87 ദിവസം കൂടിയാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: