അലൗകികതയുടെ പ്രതീകമാണ് സത്വഗുണ സമ്പന്നമായ കൂവളം. മഹാദേവന് ഏറെ പ്രിയപ്പെട്ട പൂജാദ്രവ്യം. ശിവപ്രീതിക്ക് കൂവളം കൊണ്ടുള്ള അര്ച്ചനയില് കൂടുതലൊന്നും വേണ്ടെന്നാണ് വിശ്വാസം. കൂവളം അര്ച്ചിച്ചാല് ജന്മാന്തര പാപങ്ങള് തീരും. വാടിയതായാലും കൂവളം അര്ച്ചനയ്ക്ക് എടുക്കുന്നതില് തെറ്റില്ല. ശിവമല്ലി, ശിവദ്രുമം എന്നീ പേരുകളിലും കൂവളം അറിയപ്പെടുന്നു.
മൂന്നായി പിരിഞ്ഞ രൂപത്തിലുള്ള കൂവളത്തിന്റെ ഇല മൂര്ത്തിത്രയത്തെയും ശിവന്റെ ത്രിനയനങ്ങളെയും സൂചിപ്പിക്കുന്നു. ഇതു നട്ടു വളര്ത്തിയാല് കാശിമുതല് രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങള് സന്ദര്ശിക്കുന്നതിന് തുല്യമത്രേ. ആയിരം പേര്ക്ക് അന്നദാനംനടത്തിയ ഫലവും സിദ്ധിക്കും. ഗംഗയില് നീരാടിയ ഫലം ലഭിക്കും. ഭാദ്രത്തിലെ ഒമ്പതാം ദിവസം പാലാഴിമഥനത്തിനിടെ പ്രത്യക്ഷയായ ലക്ഷ്മീദേവി കൂവളത്തിലയില് വിശ്രമിച്ചെന്ന ഐതിഹ്യവും കൂവളത്തിന്റെ മാഹാത്മ്യത്തിന് പവിത്രത കൂട്ടുന്നു. ഈ പുണ്യവൃക്ഷത്തിന്റെ മഹത്വമുണര്ത്തുന്ന മറ്റൊരു ഐതിഹ്യവുമുണ്ട്.
ഒരിക്കല് ഒരു രാത്രിയില് ശിവഭകതനായ ഒരു വേടന് വഴി തെറ്റി കാട്ടിലൂടെ അലഞ്ഞു. പുലിയുടെ ഗര്ജ്ജനം കേട്ടു ഭയന്ന അവന് ഓടി അടുത്തു കണ്ടൊരു കൂവള മരത്തില് കയറി. രാത്രി മുഴുവന് മരത്തില് കഴിഞ്ഞു. പുലിയില് നിന്ന് രക്ഷ നേടാന് കൂവളത്തിന്റെ ഇല പറിച്ച് ശിവനാമം ചൊല്ലി ഇലകള് താഴേക്കിട്ടു. മരത്തിലിരുന്ന് ഉറങ്ങിപ്പോയ വേടന് ഉണര്ന്നപ്പോള് താഴെ ആയിരക്കണക്കിന് ശിവലിംഗങ്ങള് കണ്ടു. കൂവളത്തിലയെടുത്ത് പൂജിച്ചതിനാല് ഭഗവാന് സംപ്രീതനായി വേടനെ ആപത്തില് നിന്ന് രക്ഷിച്ചതായാണ് കഥ.
ക്ഷേത്രങ്ങളില് കൂവളാര്ച്ചന നടത്തുമ്പോള് ഭക്തര് ബില്വാഷ്ടകം ചൊല്ലുന്നത് നല്ലതത്രേ.പൂജാദി കര്മങ്ങളില് മാത്രമേ കൂവളം ഉപയോഗിക്കാവൂ. ഇതിന്റെ തടി വിറകായോ, മറ്റാവശ്യങ്ങള്ക്കോ ഉപയോഗിച്ചാല് ശിവകോപത്തിന് കാരണമാകും. വീടിന്റെ തെക്ക്, പടിഞ്ഞാറ് ദിശകളില് കൂവളം നടുന്നത് ഐശ്വര്യദായകമാണ്.
കൂവളം പരിപാലിച്ചാല് സര്വ്വാനുഗ്രഹങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടില് വളര്ത്തുന്ന കൂവളം നശിക്കാതെ നോക്കണം. അത് കുടുംബാംഗങ്ങള്ക്ക് ദോഷമാണ്. നട്ടുവളര്ത്തിക്കഴിഞ്ഞാല് അതങ്ങനെ വളരും. ഇതിന്റെ ചുവട്ടില് വിളക്കു കൊളുത്തുന്നത് ശ്രേഷ്ഠമാണ്. കൂവളവൃക്ഷം പെട്ടെന്നൊന്നും നശിച്ചു പോകില്ല. മാസങ്ങളുടെ ആദ്യദിനം, പൗര്ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്ഥി, തിങ്കള് ദിവസങ്ങളിലൊന്നും കൂവളം പറിക്കരുത്. കൂവളത്തില പറിക്കുന്നതിനുമുണ്ട് നിഷ്ഠ. ഒരിക്കലും വൃക്ഷക്കൊമ്പ് ഒടിച്ചെടുക്കരുത്. തല്ലിപ്പൊട്ടിച്ചും ഇലകളെടുക്കരുത്. വലിയ മരമെങ്കില് കയറി പറിച്ചെടുക്കാം.
ഒരുപാട് ഔഷധഗുണങ്ങളുള്ള കൂവളം നല്ലൊരു വിഷശമനിയാണ്. വല്വാദി ഗുളിക ഇതില് നിന്നാണ് ഉണ്ടാക്കുന്നത്. കൂവളത്തിന്റെ വേരാണിതിന് ഉപയോഗിക്കുന്നത്. കൂവളം പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: