ന്യൂയോര്‍ക്ക്: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരസംഘടനകള്‍ നടത്തിയ ഭീകരാക്രമണത്തിനെതിരെ അമേരിക്കയിലെ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ നാല്‍പ്പതിലധികം സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതിഷേധ പ്രകടനത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും പങ്കെടുത്തു. കൊടും തണുപ്പിനെയും മഞ്ഞു വീഴ്ചയെയും വകവെക്കാതെ വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേരാണ് പാകിസ്ഥാനെതിരായ മുദ്രാവാക്യങ്ങളുമായി ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിനു മുന്നില്‍ തടിച്ചുകൂടിയത്.
ഭീകരരെ ഇന്ത്യക്കു കൈമാറണമെന്നും അല്ലാത്ത പക്ഷം പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ സമതിക്ക് ഇവര്‍ നിവേദനം കൈമാറി. ഇന്ത്യ പാക്കിസ്ഥാനു നേരെ നടത്തിയ മിന്നലാക്രമണത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനും അഭിവാദ്യങ്ങളും അര്‍പ്പിച്ചു. ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കുന്നതിനായി ലോകരാഷ്‌ട്രങ്ങളെ മുഴുവന്‍ ഇന്ത്യക്കു അനുകൂലമായി കൊണ്ടുവരാന്‍ സാധിച്ചത് സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ നേടിയെടുത്ത ഏറ്റവും വലിയ നയതന്ത്രവിജയമാണ്. സമാനമായ ഒരു പ്രതിഷേധ പ്രകടനം ഒരാഴ്ച മുന്‍പ് പാകിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പിലും പിന്നീട് ടൈം സ്‌ക്വയറിലും നടത്തിയിരുന്നു.
















