കോട്ടയം: ജനതാദളില്‍നിന്ന് തിരിച്ചുപിടിച്ച കോട്ടയം ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ജനപ്രിയ നേതാക്കളില്ലാത്തത് സിപിഎമ്മിനെ വലയ്ക്കുന്നു. ജനസ്വാധീനമുള്ള പുതുനേതൃനിരയുടെ അഭാവംമൂലം മൂന്നര പതിറ്റാണ്ടുമുമ്പ് വിജയം നേടിയ വ്യക്തിയെതന്നെ കളത്തിലിറക്കുകയാണ് ഉചിതമെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളത്.
ഒന്നിലധികം തവണ ലോക്സഭയിലേക്ക് കോട്ടയത്തിന്റെ പ്രതിനിധിയായി വിജയിക്കുകയും അതുപോലെതന്നെ പരാജയപ്പെടുകയും ചെയ്തിട്ടുള്ള കെ. സുരേഷ്കുറുപ്പിലാണ് സിപിഎം നേതൃത്വം ഇപ്പോള്‍ അഭയംകാണുന്നത്. 1984ല്‍ ഇന്ദിരാതരംഗത്തെ അതിജീവിച്ച് കൈവരിച്ച വിജയമാണ് കുറുപ്പിനെ ശ്രദ്ധേയനാക്കിയത്. 89ല്‍ ചെന്നിത്തലയോട് അടിതെറ്റിയെങ്കിലും ഹാട്രിക് നേടിയ ചെന്നിത്തലയെ തോല്‍പ്പിച്ച് വീണ്ടും കുറുപ്പ് ലോക്സഭയിലെ കോട്ടയത്തിന്റെ പ്രതിനിധിയായി. പിന്നീട് മൂന്നുവട്ടം വിജയം ഒപ്പം നിര്‍ത്തിയ കുറുപ്പിന്റെ ചുവടുപിഴപ്പിച്ചത് കേരളാകോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് മുന്നിലാണ്. ഇതോടെ ലോക്സഭാ അങ്കം മതിയാക്കി നിയമസഭയിലേക്ക് തിരിഞ്ഞ കെ. സുരേഷ് കുറുപ്പ് ഇപ്പോള്‍ ഏറ്റുമാനൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പരിഗണിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ മൂന്നുപേരില്‍ മുന്‍ഗണനയുള്ളതും മുന്‍ എംപിയും ഇപ്പോള്‍ എംഎല്‍എയുമായ കെ. സുരേഷ് കുറുപ്പിനാണ്. സിപിഎം ജില്ലാസെക്രട്ടറി വി.എന്‍. വാസവന്, അഡ്വ. പി.കെ. ഹരികുമാര്‍ എന്നിവരാണ് മറ്റ് രണ്ട് പേരുകാര്‍. വാസവന് മുന്‍എംഎല്‍എയും പിണറായി-കോടിയേരി അച്ചുതണ്ടിന്റെ ഇഷ്ടക്കാരനുമാണ്.
കഴിഞ്ഞതവണ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളാ കോണ്‍ഗ്രസ് വൈസ്ചെയര്‍മാന്‍ ജോസ് കെ. മാണി ഇവിടെ വിജയിച്ചത്. എന്നാല്‍ കേരളാകോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളും മാണിവിഭാഗത്തോടുള്ള കോട്ടയം ഡിസിസിയുടെ അമര്‍ഷവും പരമാവധി മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന് മുമ്പിലുള്ളത്. ഇതാണ് സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതും.
1984ലെ പ്രസരിപ്പോ ഊര്‍ജസ്വലതയോ നിയമസഭാംഗമെന്ന നിലയില്‍ സുരേഷ്കുറുപ്പിന്റെ പ്രകടനത്തില്‍ കാണാനില്ലെന്ന ആക്ഷേപം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വ്യാപകമാണ്. ജനകീയ പിന്തുണയില്‍ വന്‍ ഇടിവ് സംഭവിച്ചുവരികയാണെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തിവരുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് കുറുപ്പ് കയറിയത്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള എന്‍എസ്എസ്സിന്റെ നിലപാടുകളെ മയപ്പെടുത്തിക്കുന്നതിനും, ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പിന്തുണ ആര്‍ജ്ജിക്കുന്നതിനും ഒരു ഹിന്ദു നാമധാരി തന്നെയായിരിക്കണം സ്ഥാനാര്‍ത്ഥിയാകേണ്ടതെന്ന നിലപാടും സിപിഎമ്മിനുണ്ട്. ഇതിലൂടെ കോട്ടയം ഒരിക്കല്‍കൂടി തിരിച്ചുപിടിക്കാന്‍ കഴിുമെന്ന പ്രതീക്ഷയാണ് സിപിഎം നേതൃത്വത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: