ഇടുക്കി: കര്‍ഷകരുടെ കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം നീട്ടിയ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ബാങ്ക് പ്രതിനിധികളുടെ ചര്‍ച്ച നിര്‍ണായകം. ബാധ്യത എങ്ങനെ വീട്ടുമെന്നതില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കാതെ വിട്ടുവീഴ്‌ച്ചയ്‌ക്കില്ലെന്നാണ് വിവിധ ബാങ്ക് പ്രതിനിധികള്‍ പറയുന്നത്.
സഹ. ബാങ്കുകള്‍ ഈ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുമ്പോഴും പലിശയില്‍ ഇളവ് നല്‍കാന്‍ തയാറാകുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ചയില്‍ സഹായകമായ തീരുമാനം ഉണ്ടാകുമെന്നാണ് കര്‍ഷകരും പ്രതീക്ഷിക്കുന്നത്. വീണ്ടും കൃഷി ഇറക്കുന്നതിന് കര്‍ഷകര്‍ക്ക് സാധിച്ചെങ്കില്‍ മാത്രമേ പണം തിരിച്ചടയ്‌ക്കാന്‍ സാധിക്കു. ഇതിന് പണം വേണം, ഇനി വായ്പ ചോദിച്ചാല്‍ കിട്ടാനുള്ള സാഹചര്യമില്ല. കടുത്ത വേനലായതിനാല്‍ ഇനി മഴ തുടങ്ങിയ ശേഷമെ കൃഷിയിറക്കാനുമാകൂ. ഇതിന് സര്‍ക്കാരോ സന്നദ്ധസംഘടനകളോ സഹായിക്കണം. ലക്ഷങ്ങള്‍ ബാധ്യതയുള്ളവര്‍ക്ക് ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ പണം തിരിച്ചടിക്കാനുമാകില്ല. ഇതിനും കൂടിയാലോചനയിലൂടെ പരിഹാരം കണ്ടെത്തണം.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി വിജയമായതോടെ അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച താത്പര്യമെങ്കിലും കൃഷിക്കാരുടെ കാര്യത്തില്‍ വേണമെന്നും അഭിപ്രായം ഉയരുന്നു. ചര്‍ച്ചകള്‍ തുടരുമ്പോഴും ജില്ലയിലെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വന്ന നോട്ടീസുകളില്‍ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുന്നില്ല.
ബ്ലേഡില്‍നിന്നും കൈവായ്പയായും പണംവാങ്ങി കൃഷിയിറക്കിയവരെ ഇത്തരക്കാരും വേട്ടയാടുകയാണ്. ജില്ലയില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഏഴ് കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇവരുടെ വീടുകളില്‍ വായ്പ നല്‍കിയവര്‍ കയറിയിറങ്ങുകയാണ്. പണം ഏത് വിധേനയും തിരിച്ചുപിടിക്കാന്‍ ഭീഷണിയും വെല്ലുവിളിയുമായി. വായ്പ താന്‍ മരിച്ചാലെങ്കിലും ഇല്ലാതാകുമെന്ന് കരുതിയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍, പണം തിരിച്ചുകിട്ടുന്നത് വരെ വായ്പ നല്‍കിയവര്‍ വീട്ടുകാരുടെ പിന്നാലെ കഴുകന്‍ കണ്ണുകളുമായി ഉണ്ടാകുമെന്നത് ഇവര്‍ ഓര്‍ക്കുന്നില്ല.
കൃഷി നശിച്ചതോടെ എല്ലാം നശിച്ചെന്ന് കരുതുന്ന കര്‍ഷകരും ചെറുതല്ല. ഇതിന് മുമ്പും നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും എല്ലാ വിളകളെയും ബാധിക്കുന്നത് ആദ്യമായാണെന്ന് കര്‍ഷകര്‍ പറയുന്നു.
ചില സ്വകാര്യബാങ്കുകളും സഹകരണ ബാങ്കുകളും വായ്പയ്‌ക്ക് ഇളവ് പ്രഖ്യാപിച്ച് യോഗങ്ങള്‍ വിളിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പ്രഹസനമായി മാറുന്നു.
കൃഷി നശിച്ചതിന് കൃത്യമായ സഹായം പോലും നല്‍കാനാകാത്ത സര്‍ക്കാരിന്റെ ഒരു നടപടിയിലും വിശ്വാസമില്ലെന്നാണ് ഭൂരിഭാഗം കര്‍ഷകരുടെയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: