തിരുവനന്തപുരം: തിരുവനന്തപുരത്ത് സി. ദിവാകരനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ കേരളത്തിലും കോണ്‍ഗ്രസ് ഇടതു ധാരണ ഉറപ്പായി. പേരിനൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുക എന്നതാണ് സിപിഎം ആഗ്രഹമാണ് ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തെളിഞ്ഞത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സിപിഎം തീരുമാനിച്ചതിന് സമാന തീരുമാനം.
ശക്തമായ ത്രികോണ മത്സരം ഉണ്ടായാല്‍ ബിജെപി അനായാസ വിജയം നേടുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ തവണ ഒ. രാജഗോപാലിന്റെ ജയം തടഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥിയുടെ ദുര്‍ബ്ബലതയായിരുന്നു. അതിനു സമാനമത്സരം മതിയെന്ന സിപിഎം ആഗ്രഹത്തിന് സിപിഐ വഴങ്ങി. കാനം രാജേന്ദ്രനെയോ ആനി രാജയേയോ നിര്‍ത്തി ശക്തമായ മത്സരം നടത്താന്‍ സിപിഐയ്ക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും സിപിഎം താത്പര്യത്തെ മറികടക്കാനായില്ല.
ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുമായും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തീരുമാനം നടപ്പിലാക്കലുകൂടിയാണ് ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തും പുറത്തും നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുള്ള ആളാണ് ദിവാകരന്. കഴിഞ്ഞതവണ മത്സരിച്ച ഡോ. ബനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വം പെയ്മെന്റ് സീറ്റെന്ന് ആരോപണം ഉയര്‍ന്നു. ബനറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇടനിലക്കാരനായത് ദിവാകരനായിരുന്നു. ബനറ്റില്‍ നിന്ന് വാങ്ങിയ കോടികളുടെ കണക്ക് സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.
സി. ദിവാകരനാണ് ഇടനിലക്കാരനായതെന്ന് വ്യക്തമാക്കി സിപിഐ ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍നായര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കി. തുടര്‍ന്ന് രാമചന്ദ്രന്‍നായര്‍ പാര്‍ട്ടി വിട്ടു. രാമചന്ദ്രന്‍നായര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ ജില്ലാകമ്മറ്റി അംഗമാണ് . ദിവാകരനെ സംസ്ഥാന എക്സിക്യൂട്ടിവില്‍ നിന്ന് തരം താഴ്ത്തിയെങ്കിലും സിപിഎമ്മിലെയും സിപിഐലെയും കൂടുതല്‍ നേതാക്കള്‍ കുടുങ്ങുമെന്നായതോടെ മറ്റ് നടപടികള്‍ സ്വീകരിച്ചില്ല.
സിപിഎമ്മിലെയും സിപിഐലെയും പ്രവര്‍ത്തകര്‍ക്ക് ഏറെ അനഭിമതനായ വ്യക്തിയെ മത്സര രംഗത്ത് ഇറക്കിയതു തന്നെ തിരുവനന്തപുരത്ത് ബിജെപിയെ തളയ്ക്കുക എന്ന രഹസ്യ അജണ്ട പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ്. ദിവകാരനെ സംബന്ധിച്ച് തോറ്റാലും നഷ്ടമില്ല. എംഎല്‍എ ആയി തുടരാം.
കോണ്‍ഗ്രസില്‍ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ സിഎസ്ഐ വിഭാഗത്തിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എല്‍ഡിഎഫിനോട് സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഈ വിഭാഗത്തില്‍ മത്സരിപ്പിക്കാന്‍ തക്ക സ്ഥാനാര്‍ത്ഥി സിപിഐയില്‍ ഇല്ല എന്നാണ് പാര്‍ട്ടി നല്കുന്ന വിശദീകരണം. കഴിഞ്ഞ തവണ ബനറ്റിന്റെ സ്ഥാനാര്ത്ഥിത്വത്തോടൊപ്പം സഭ നല്കിയ നിരവധി പേരുകള്‍ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാന്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: