ആലപ്പുഴ: പ്രളയാനന്തര കൃഷിയില്‍ നെല്ലുത്പാദത്തില്‍ റെക്കോഡ് നേട്ടം കര്‍ഷകര്‍ കൈവരിക്കുമ്പോഴും, കുട്ടനാട്ടില്‍ പാടശേഖരങ്ങള്‍ നികത്തുന്നതിന് കുറവില്ല. കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് നികത്തുന്നത്.
മഹാപ്രളയത്തില്‍ നിന്നുപോലും കുട്ടനാട്ടുകാര്‍ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് കൈനകരിയിലെ നിലംനികത്തല്‍. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ പ്രദേശമാണ് കൈനകരി. പ്രളയജലം ഒഴുകി പോകാന്‍ വൈകിയതിനാല്‍ മാസങ്ങളാണ് കൈനകരിക്കാര്‍ കടുത്ത ദുരിതം അനുഭവിച്ചത്. എന്നിട്ടും പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടെ നിലങ്ങള്‍ നികത്തി പരിസ്ഥിതിയെ തകര്‍ക്കുന്നു.
കൈനകരി പതിനാലാം വാര്‍ഡിലാണ് നിലവില്‍ പാടശേഖരങ്ങള്‍ നികത്തുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റോഡ് നിര്‍മാണത്തിന്റ മറവിലാണ് രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ പാടശേഖരം നികത്തുന്നത്. സിപിഎമ്മിന്റെ കോട്ട എന്നറിയപ്പെടുന്ന പ്രദേശത്താണ് നികത്തല്‍ തകൃതിയായുള്ളത്. പ്രളയദുരിതത്തിനിടയിലും കുട്ടനാട്ടില്‍ നെല്ലുത്പാദനം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ അടിഞ്ഞ എക്കലാണ് നല്ല വിളവിന് സഹായിച്ചത്.
കൂടാതെ ജൈവകാര്‍ബണിന്റെ അളവ് ഒന്നര ശതമാനത്തില്‍ നിന്ന് മൂന്നര ശതമാനമായി ഉയര്‍ന്നു. ഇത്തവണ വിളവ് ഹെക്ടറില്‍ ശരാശരി എട്ടു ടണ്ണിലധികമാണ്. മുന്‍ കാലങ്ങളില്‍ ഹെക്ടറില്‍ നിന്ന് ശരാശരി മൂന്നര മുതല്‍ നാല് ടണ്‍ വരെ വിളവ് മാത്രമാണ് ലഭിച്ചിരുന്നത്. 7000 ഹെക്ടര്‍ പാടത്ത് കഴിഞ്ഞ പുഞ്ചകൃഷി സീസണിലേതിലും അധികമായി വിത്ത് വിതച്ചതിലൂടെ മാത്രം 50,000 ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കാനാകുമെന്നും മറ്റു പാടശേഖരങ്ങളിലെ ഉയര്‍ന്ന അളവിലുള്ള വിളവ് കൂടി കണക്കാക്കുമ്പോള്‍ നെല്ലുത്പാദനത്തില്‍ ആലപ്പുഴയ്ക്ക് റെക്കാഡ് നേട്ടമാകും ഉണ്ടാകുകയെന്നുമാണ് പ്രതീക്ഷ. ഇത്തരം സാഹചര്യത്തിലും പാടശേഖരങ്ങള്‍ നികത്തുന്നത് വ്യാപകമാകുന്നെന്നതാണ് വിരോധാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: