ന്യൂദല്‍ഹി: പാക് ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈനയും റഷ്യയും. ‘ഭീകരതയുടെ വിളനിലങ്ങള്‍’ തുടച്ചുനീക്കാന്‍ കൂടുതല്‍ സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ചൈനയില്‍ നടന്ന മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റഷ്യക്കൊപ്പം ചൈനയും ഇന്ത്യയുടെ പക്ഷത്ത് അണിചേരുന്നത്. പുല്‍വാമ ഭീകരാക്രണത്തിന് ശേഷം അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ചൈനയുടെ പിന്തുണ.
ഭീകരതയുടെ വിളനിലം എന്ന് പ്രസ്താവനയില്‍ എടുത്തുപറഞ്ഞത് ഇന്ത്യക്ക് നേട്ടമാണ്. പാക്കിസ്ഥാനെ ഭീകരത വളര്‍ത്തുന്ന കേന്ദ്രമായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. അവിടെയുള്ള ജെയ്ഷെ താവളങ്ങള്‍ ഇന്ത്യയുടെ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. നേരത്തെ പാക്ക് അനുകൂല നിലപാടുകളാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎന്‍ രക്ഷാസമിതിയില്‍ നിരവധി തവണ ചൈന തടഞ്ഞിരുന്നു.
നയപരമായും പ്രായോഗികമായും ശക്തമായ ഏകോപനത്തിലൂടെ എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും ചെറുക്കാന്‍ തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്യി പറഞ്ഞു. ഭീകരതയുടെയും തീവ്രവാദത്തിന്റെയും വിളനിലങ്ങളെ ഇല്ലാതാക്കുകയെന്നതാണ് പ്രധാനം. ഭീകരതക്കെതിരായ ശക്തമായ നിലപാട് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന് ഭീകരതയെ എതിര്‍ക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമാക്കില്ലെന്ന ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നിലപാട് സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെയും റഷ്യയുടെയും വിദേശകാര്യമന്ത്രിമാരായ സുഷമാ സ്വരാജിനും സെര്‍ജി ലാവ്റോവിനുമൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ വാങ്യി ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളുടെയും പൊതുവായ സുഹൃത്ത് എന്ന നിലയില്‍ ചൈന ക്രിയാത്മക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലൂടെ സ്ഥിഗതികള്‍ ശാന്തമാക്കാനും സമാധാനം പുലര്‍ത്താനും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. വാങ്യി അഭിപ്രായപ്പെട്ടു.
പുല്‍വാമ ഭീകരാക്രണണത്തില്‍ ഇന്ത്യക്കും ചൈനക്കും വ്യത്യസ്ത നിലപാടുകളാണോ ഉള്ളതെന്ന ചോദ്യത്തിന് ഭീകരരുടെ വിളനിലം എന്ന വാക്ക് വാങ്യി ഉപയോഗിച്ചതെന്ന് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. ഭീകരവാദം മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ്. ഇതിനെതിരെ ലോകരാജ്യങ്ങളെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കണം, അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: