കട്ടപ്പന: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ചിന്നാര്‍ വരിക്കാനിക്കല്‍ ജെയിംസ് (57) ആണ് പെരിഞ്ചാംകുട്ടിയിലെ തേക്ക് മുള പ്ലാന്റേഷനിലെ തേരക മരത്തില്‍ തൂങ്ങിമരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി.
കൊന്നത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ചിന്നാര്‍ ഇരുമലകപ്പ് അടിവാരം ഭാഗത്തെ താമസക്കാരനായ ജെയിംസ് കൃഷി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നിരുന്നത്. നാലുപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യ കൃഷി കുരുമുളക് ആയിരുന്നു. കൃഷിക്കും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇദ്ദേഹം വായ്പ എടുത്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിലും കീടബാധയിലും കൃഷി തകര്‍ന്നതോടെ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെ ഇദ്ദേഹം വലിയ കടക്കെണിയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ വീടും രണ്ടേക്കറോളം വരുന്ന സ്ഥലവും മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്കി. എന്നാല്‍ ഈ തുകകൊണ്ടും ബാധ്യതകള്‍ തീര്‍ക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.
ഒരു വര്‍ഷത്തോളമായി ജെയിംസും കുടുംബവും മുരിക്കാശേരിയില്‍ വാടകയ്ക്കാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ ദിവസം അടിമാലിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഇദ്ദേഹത്തിന് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നിരുന്നു. ജെയിംസിന്റെ സഹോദരന് സിബിയാണ് നോട്ടീസ് കൈപ്പറ്റിയത്.
ജെയിംസ് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് 2012ല്‍ 2.5 ലക്ഷം രൂപ വായ്പ എടുത്തത്. പലിശ സഹിതം 4,64,173 രൂപ അടക്കണമെന്ന് കാട്ടിയാണ് നോട്ടീസ് വന്നത്. എടുത്ത പണത്തിന്റെ ഇരട്ടിയിലധികം രൂപ അടയ്ക്കേണ്ട അവസ്ഥ വന്നതോടെ ഗതികെട്ട് ഈ കര്ഷകന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പാറത്തോട് സഹകരണ ബാങ്കിലെ അടക്കം വലിയൊരു തുക ബാധ്യതയായി ഈ കുടുംബത്തിനുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ മക്കള്‍ പഠനം നടത്തുന്നതിനാല്‍ ഭാര്യയും ജെയിംസും തനിച്ചായിരുന്നു മുരിക്കാശേരിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് തന്നെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും പറയുന്നു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: ലൗലി. മക്കള്‍: എബിന്, എബിറ്റ്.
കര്‍ഷക ആത്മഹത്യയില്‍ നടുങ്ങി ഇടുക്കി
അടിമാലി: മലയാളികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷകരുടെ ശവപ്പറമ്പാവുകയാണ് മലയോര ജില്ലയായ ഇടുക്കി. ആത്മഹത്യയുടെ പരമ്പര തുടരുന്നതിനിടെ ഇനിയെന്ത് എന്നറിയാതെ ആയിരക്കണക്കിന് കര്‍ഷകരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഇടുക്കി ജില്ലയില്‍ 7 കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത്. ഇതില്‍ അഞ്ച് പേരും ഇടുക്കി താലൂക്കിലാണ്. രണ്ട് പേര് ദേവികുളം താലൂക്കിലും.
പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതുവരെ ജീവനൊടുക്കിയ കര്‍ഷകരെല്ലാം ബാങ്കില്‍ നിന്ന് തിരിച്ചടവിനായി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ച സുരേന്ദ്രന്റെയും ജെയിംസിന്റെയും സ്ഥിതി വ്യത്യസ്തമല്ല.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ ദൈനംദിന ജീവിതം പോലും തള്ളി നീക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ ബാങ്കുകളുടെ ഭീഷണികള്‍ക്കു മുമ്പില്‍ ഇവര്‍ പകച്ചുനില്‍ക്കുകയാണ്.
വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ പ്രളയശേഷം ഇപ്പോഴും വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്നവരും ജില്ലയില്‍ നിരവധിയാണ്. ഇടുക്കി താലൂക്കിലെ മൂന്ന് കര്‍ഷകരുടെ വീടുകള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റൊരു കര്‍ഷക കുടുംബത്തിലും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രിയും ഇടുക്കിയില്‍ എത്തിയിരുന്നു. 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെന്ന് ഊറ്റം കൊള്ളുന്നവര്‍ കര്‍ഷക ആത്മഹത്യകള്‍ ഗൗരവത്തിലെടുക്കുന്നില്ല.
കുടുംബനാഥനെ നഷ്ടപ്പെട്ട കുടുബങ്ങളുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, ജപ്തി നോട്ടീസുകളയച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ബാങ്കുദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. ഇതിനിടെ തിങ്കളാഴ്ച വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കര്ഷകന് അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: