ജയ്ഹോ! നൂറ്റിയിരുപതുകോടി ഭാരതീയര്‍ അഭിമാനത്തോടെ മുഴക്കുന്ന ഈ വാക്കില്‍ എല്ലാം നിറഞ്ഞുനില്ക്കുന്നു. പന്ത്രണ്ടുദിവസം മുമ്പ് കശ്മീരിലെ പുല്‍വാമയില്‍ നമ്മുടെ നാല്‍പ്പതിലേറെ ജവാന്മാരുടെ ജീവനെടുത്ത രാക്ഷസീയതയുടെ നട്ടെല്ല് തകര്‍ത്ത തിരിച്ചടിയുടെ വീറുംവാശിയും പോരാട്ടവീര്യവും നിറഞ്ഞുനില്‍ക്കുന്നുണ്ട് ആ വാക്കില്‍. ഭാരതത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിവെക്കേണ്ട ദിനമായി ഫെബ്രുവരി 26 മാറി. മാനവികതയും മനുഷ്യത്വവും ദേശീയതയും സൗഹാര്‍ദവും സാഹോദര്യവും അയല്പക്ക ബന്ധവും എന്തെന്നറിയാത്ത പാക്കിസ്ഥാന്റെയും അവര്‍ തീറ്റിപ്പോറ്റുന്ന ഭീകരതയുടേയും ഇളകിയാട്ടത്തെ അടിച്ചമര്‍ത്താന്‍ ഭാരതത്തിന്റെ പന്ത്രണ്ട് വ്യോമസേനാ പൈലറ്റുകള്‍ക്കായി.
ഭീകരരെ തേനും പാലും ഊട്ടിവളര്‍ത്തുന്ന പാക്കിസ്ഥാന്റെ മണ്ണില്‍കടന്ന് 21 മിനിറ്റാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ തീ തുപ്പിയത്. ഇന്നലെ പുലര്‍ച്ചെ 3.30ന് അതിര്‍ത്തികടന്ന വിമാനങ്ങള്‍ 3.45ന് ബലാകോട്ടിലും 3.48ന് മുസഫറാബാദിലും 3.58ന് ചകോതിയിലുമായി ഏതാണ്ട് ആയിരം കിലോ ബോംബാണു വര്‍ഷിച്ചത്. ജെയ്ഷെ മുഹമ്മദ് എന്ന കാട്ടാള സംഘടനയുടെ നെടുംതൂണ് തകര്‍ന്നുവീണു. അതിന്റെ തലവന്‍ മസൂദ് അസറിന്റെ അടുത്തബന്ധു യൂസഫ് അസര്‍ ഉള്‍പ്പെടെ ഒട്ടേറെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരന്മാരും ആക്രമണത്തില്‍ തവിടുപൊടിയായി. ഖൈബര്‍ പക്തൂണ്‍ മേഖലകളിലെ പ്രത്യേക ഇടങ്ങളില്‍ പാക്കിസ്ഥാന് ഒരുക്കിക്കൊടുത്ത ഒളിയിടങ്ങളിലാണ് ജെയ്ഷെ മുഹമ്മദ് പരിശീലനക്യാമ്പുകള്‍ നടത്തിയിരുന്നത്. പരിശീലനം നേടിയ ഭീകരരെ യഥാസമയം അതിര്‍ത്തി കടത്തിവിടുന്നതും പാക് സൈനികരായിരുന്നു. ജെയ്ഷെയുടെ ആല്‍ഫ കണ്ട്രോള് യൂണിറ്റാണ് ഇന്ത്യ നശിപ്പിച്ചത്.
ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല സമിതിയില്‍ തിരിച്ചടിക്ക് എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് നല്കി. അവര്‍ രാജ്യത്തിന്റെ വിശ്വാസം കാത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനായിരുന്നു പൂര്‍ണചുമതല. 2016ല്‍ നടന്ന മിന്നലാക്രമണം കരസേനയുടെ നടപടിയായിരുന്നെങ്കില്‍ ഇന്നലെ വ്യോമസേന ആ ചുമതല ഏറ്റെടുത്തു. കടുകിടതെറ്റാതെ ഓപ്പറേഷന് പൂര്‍ത്തിയാക്കി സുരക്ഷിതരായി മടങ്ങുകയും ചെയ്തു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവജാഗ്രത പുലര്‍ത്തുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അതീവ തന്ത്രപരമായ നീക്കമാണ് ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള നയതന്ത്രനീക്കങ്ങള്‍ നടത്തുമ്പോള്‍തന്നെ അവരെ സസൂക്ഷ്മം വീക്ഷിക്കുകയുമായിരുന്നു. കരസേനയുടെ നീക്കം പ്രതീക്ഷിച്ച പാക്കിസ്ഥാനെ വ്യോമസേന ഞെട്ടിച്ചുകളഞ്ഞു. സമാധാനം ഉയര്‍ത്തിക്കാട്ടി വീരജവാന്മാരുടെ ജീവന്‍വെച്ച് കളിക്കാനാവില്ല എന്ന കൃത്യമായ മറുപടിയിലൂടെ ഭാരതത്തിന്റെ ആത്മാഭിമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.
2016ല്‍ ഭാരതം നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാന് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. മതിയായ തെളിവുകള്‍ നിരത്തി ഭാരതം വിവരം പുറത്തുവിട്ടപ്പോഴാണ് നില്‍ക്കക്കള്ളിയില്ലാതെ അവര്‍ ശരിവച്ചത്. എന്നാല്‍ ഇത്തവണ മിന്നലാക്രമണം നടന്നതിനെക്കുറിച്ച് ആദ്യം പാക്കിസ്ഥാനാണ് പ്രതികരിച്ചത്. അതിനാല്‍ത്തന്നെ അവരുടെ ‘ഭീകര നട്ടെല്ലി’ലൂടെയാണ് ഇന്ത്യന്‍ ആക്രമണം തുളഞ്ഞുകയറിയിരിക്കുന്നത് എന്ന് ഉറപ്പ്. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെങ്കിലും ഒരു നാശനഷ്ടവും വരുത്താന്‍ സാധിച്ചില്ലെന്നും വേണ്ടസമയത്തു തിരിച്ചടിക്കുമെന്നുമുള്ള പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രതികരണം ഒരു മുഖം രക്ഷിക്കലായേ കാണാനാകൂ.
ഈ സൈനിക നടപടിയെ ഇന്ത്യയില്‍ പാര്‍ട്ടിഭേദമില്ലാതെ എല്ലാവരും കലവറയില്ലാതെയാണ് പിന്തുണച്ചിരിക്കുന്നത്. അത്രമാത്രം രോഷമാണ് പാക്കിസ്ഥാനെതിരെയുള്ളതെന്ന് അര്‍ഥം. ധീരജവാന്മാരുടെ ഒരുതുള്ളി ചോരയും പാഴാവില്ലെന്നു പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യവും തിരിച്ചടി ആഗ്രഹിച്ച ജനകോടികളും ആവേശപൂര്‍വം വിളിക്കുകയാണ്: ഭാരത് മാതാ കി ജയ്! ശഠനോട് ശാഠ്യമല്ലാതെ മറ്റുവഴിയില്ലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: