തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ സിപിഐക്കുള്ളില്‍ പൊട്ടിത്തെറി സൃഷ്ടിക്കുന്നു. തൃശൂരില്‍ സിറ്റിങ് എംപി സി.എന്‍. ജയദേവനെ ഒഴിവാക്കി പകരം കെ.പി. രാജേന്ദ്രനെ സഥാനാര്ഥിയാക്കണമെന്ന് സിപിഎം നേതൃത്വം നിര്‍ദേശിച്ചു.
സംസ്ഥാന നേതൃത്വം ഇതിന് അനുകൂലമായ നിലപാടെടുത്തതോടെ ജില്ലയില്‍ ജയദേവനെ അനുകൂലിക്കുന്ന ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും നിരാശയിലാണ്. നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധത്തിനൊരുങ്ങുകയാണ് അവര്‍. സിപിഐയില്‍ കാനം വിരുദ്ധ പക്ഷത്തിനൊപ്പമാണ് ജയദേവന്. പക്ഷേ സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷവും ജില്ലാ നേതൃത്വവും ജയദേവന് ഒരു വട്ടം കൂടി അവസരം നല്‍കണമെന്ന നിലപാടിലായിരുന്നു. സിപിഎമ്മിനെ കൂട്ടുപിടിച്ച് കാനം ജയദേവനെ വെട്ടിയെന്നാണ് ഇവര്‍ കരുതുന്നത്. കെ.പി. രാജേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്കാന് ഒരുങ്ങുകയാണ്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനെതിരെ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ രൂക്ഷവിമര്‍ശനം അക്കാലത്ത് ഉയര്‍ന്നിരുന്നു. വലതുപക്ഷ നിലപാടും കാര്യപ്രാപ്തിയില്ലായ്മയും ചൂണ്ടിക്കാട്ടി രാജേന്ദ്രന്റെ രാജിക്കായും സമ്മര്‍ദം ഉയര്‍ന്നിരുന്നു.
മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ റവന്യൂ വകുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് നടത്തിയ ഇടപെടലുകള്‍ ചെറുക്കാന്‍ കെ.പി. രാജേന്ദ്രന് കഴിഞ്ഞില്ലെന്നും ആരോപണമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ കണക്കിലെടുത്ത് പിന്നീട് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം രംഗത്തുണ്ടായിരുന്നില്ല. പ്രവര്‍ത്തനം എഐടിയുസിയിലേക്ക് മാറ്റുകയും ചെയ്തു. മോശം പ്രകടനത്തിന്റെ പേരില്‍ പാര്‍ട്ടി തന്നെ ഒതുക്കിയയാളെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ജയദേവന് പക്ഷം ചൂണ്ടിക്കാണിക്കുന്നത്. ജയദേവനെ ഒഴിവാക്കിയാല്‍ പുതുമുഖങ്ങളിലാര്ക്കെങ്കിലും അവസരം നല്‍കണമെന്നും അവര്‍ വാദിക്കുന്നു.
സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വവുമായി കനത്ത ഉടക്കിലാണ് ജയദേവന്. തൃശൂര്‍ കോര്പ്പറേഷന് പരിപാടികളില്‍ പോലും എംപിയെ പങ്കെടുപ്പിക്കാന്‍ സിപിഎം അനുവദിക്കാറില്ല. ജയദേവനെ ഒഴിവാക്കണമെന്ന് സിപിഎം നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയതായാണ് കാനം പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുള്ളത്. സിപിഐയുടെ ഏക ലോക്സഭാംഗമാണ് സി.എന്‍. ജയദേവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: