പ്രളയദുരിതത്തിന്റെ ഭീകരത, കേരളം അനുഭവിച്ചതാണ്. പ്രകൃതിയുടെ വിളയാട്ടമാണെങ്കിലും മനുഷ്യനിര്മിതിയാണെങ്കിലും ദുരിതംപേറിയത് ജനങ്ങളാണ്. മുന്നറിയിപ്പോ, മുന്നൊരുക്കമോ ഇല്ലാതിരുന്നതിനാല്‍ സകലതും നഷ്ടപ്പെട്ട നിരവധിപേര്‍, ജീവന് നഷ്ടപ്പെട്ടവരും ഒട്ടേറെ. പ്രളയത്തിന്റെ പേരില്‍ കുറ്റപ്പെടുത്തലുകളും അവകാശവാദങ്ങളും ഉയരുന്നുണ്ടെങ്കിലും അനുഭവിച്ചവരുടെ ജീവിതം തിരികെയെത്തിയിട്ടില്ല. പഞ്ചഭൂതങ്ങളിലൊന്നായ ജലം വിതച്ച നാശത്തിനുപുറമെ അഗ്നിയും കേരളത്തെ ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വ്യവസായകേന്ദ്രമായ കൊച്ചിയില്‍ ഭീതിപടര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞദിവസം തീപിടുത്തങ്ങളുണ്ടായത്. റെയില്വേസ്റ്റേഷന് സമീപത്തെ ചെരുപ്പുകമ്പനിയുടെ ഗോഡൗണ്‍ അഗ്നിക്കിരയായി. മണിക്കൂറുകള്‍ നീണ്ട മഹാപ്രയത്നത്തിനു ശേഷമാണ് തീ അണയ്ക്കാനായത്. നിരവധി ജീവനക്കാര്‍ ജോലിചെയ്തിരുന്ന ഗോഡൗണ്‍ ഉള്‍പ്പെട്ടിരുന്ന കെട്ടിടം പൂര്‍ണമായി അഗ്നി വിഴുങ്ങി. ആളപായമുണ്ടാകാഞ്ഞത് മഹാഭാഗ്യം. പുക ശ്വസിച്ച് നിരവധിപേര്‍ ആശുപത്രിയിലായി. അഗ്നിസുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടത്തില്‍ ഫയര്‍ഫോഴ്സ് എത്തിപ്പെടാന്‍പോലും പ്രയാസപ്പെട്ടിരുന്നു.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് രണ്ടുദിവസമായി നിന്നുകത്തുകയാണ്. അവിടെനിന്ന് ഉയരുന്ന വിഷപ്പുക കൊച്ചി നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്കെല്ലാം ശ്വാസംമുട്ടല്‍ ഉണ്ടാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് വഴിവയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുക ആരോഗ്യത്തിന് ഹാനികരമെന്ന് ലോകം അംഗീകരിച്ച കാര്യമാണ്. ഇവിടെ രണ്ടുമാസത്തിനകം നാലാംതവണയാണ് തീപിടിത്തമുണ്ടാകുന്നതെന്നത് നിസാരമായി കാണാന്‍ ആകില്ല. സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്നുപറഞ്ഞ് കൈയൊഴിയാന്‍ അധികൃതര്‍ വെമ്പല്‍കൊള്ളുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുയര്ത്താന് നഗരസഭയിലെ ഭരണപ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കുന്നു.
ഇതിനിടയില്‍ ബാണാസുരസാഗര്‍ വനമേഖലയില്‍ അഗ്നിബാധയുണ്ടായി 300 ഏക്കറോളം വനം നശിച്ചുവെന്ന വാര്‍ത്തയും വരുന്നു. മലപ്പുറം, ഇടവണ്ണയില്‍ പെയിന്റ് ഗോഡൗണ്‍ തീപിടിച്ചത് ശമിപ്പിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിക്കും കോട്ടയത്ത് ക്യുആര്‍എസ് സ്ഥാപനത്തിനും കഞ്ചിക്കോട് വ്യവസായ പാര്‍ക്കിലും തീപിടുത്തമുണ്ടായതും കഴിഞ്ഞയാഴ്ചയാണ്. ശബരിമലയില്‍ തിരുമുറ്റത്ത് അഗ്നിബാധയുണ്ടായി. ആഴിക്ക് സമീപമുള്ള അരയാല്‍ കത്തി. കൊടുംചൂടിലും ഇലകള്‍പോലും കരിയാത്ത ആല്മരത്തില് തീ പടര്‍ന്നത് ആദ്യസംഭവമായിരുന്നു. തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഗോഡൗണ്‍ അഗ്നിക്കിരയായപ്പോള്‍ അഞ്ഞൂറ് കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്.
തീപിടിത്തങ്ങള്‍ പലതും ബോധപൂര്‍വ്വം ചെയ്തതെന്ന് ആരോപണങ്ങള്‍ ഉയരാറുണ്ട്. ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാനും വ്യവസായ വിരോധത്തിന്റെ പേരിലുമൊക്കെ സൃഷ്ടിക്കുന്ന തീപിടുത്തങ്ങളെന്നാണ് വ്യാഖ്യാനം. എന്തായാലും ജനങ്ങളില്‍ ഭീതിപടര്‍ത്തി താണ്ഡവമാടുന്ന അഗ്നിബാധയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളൊന്നും ജനം അറിയാറില്ല.
ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി കെട്ടിടങ്ങള്‍ക്കും ഗോഡൗണുകള്‍ക്കും അംഗീകാരം നല്കി അപകടം ക്ഷണിച്ചുവരുത്താന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ കുടുങ്ങുന്നുമില്ല. ഇത് മാറിയേ പറ്റൂ. പ്രളയസമയത്ത് ഐക്യരാഷ്ട്രസഭയുടെ ദുരിതനിവാരണരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മുരളി തുമ്മാരുകുടി പറഞ്ഞത്, കേരളത്തില്‍ അടുത്തുണ്ടാകാന്‍ പോകുന്ന ദുരന്തം അഗ്നിബാധ ആയിരിക്കുമെന്നാണ്. അത് ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. കാടായാലും കെട്ടിടമായാലും അഗ്നി വിഴുങ്ങാന്‍ പാകമായരീതിയില്‍ നില്‍ക്കുന്നത് അപകടമെന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടാകണം. അല്ലെങ്കില്‍ മഹാപ്രളയം പോലെ സര്‍വനാശം വിതയ്ക്കുന്ന ദുരിതമായിരിക്കും ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: