പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുള്ള അങ്കലാപ്പും ബേജാറും ആര്‍ക്കും മനസ്സിലാവും. പക്ഷേ ഇന്ത്യയിലെ പ്രതിപക്ഷകക്ഷികള്‍ക്ക് എന്താണിത്ര പ്രയാസം, ഇരുപ്പ് ഉറക്കായ്ക? കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിവന്ന പ്രസ്താവനകളാണ് സംശയം ജനിപ്പിച്ചത്. അവര്‍ വല്ലാത്ത വിഷമവൃത്തത്തിലായിരിക്കുന്നു. അത്രയേറെ ശക്തമായ പ്രതികരണമാണ് ഭീകരാക്രമണത്തോട് ഇന്ത്യ നടത്തിയത്. ലോകരാഷ്ട്രങ്ങളൊക്കെത്തന്നെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനൊപ്പം പരസ്യമായി അണിനിരക്കുന്നതും കണ്ടു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ നല്കിയ പിന്തുണ ചെറുതല്ലല്ലോ. ദല്‍ഹി പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ ഭാഷയിലാണ് അമേരിക്കയും ബ്രിട്ടനുമൊക്കെ പ്രതികരിച്ചത്. മാത്രമല്ല, ഭീകരാക്രമണം നടത്തിയവരും അതിന് സംരക്ഷണവും സഹായവും നല്കിയവരും അനുഭവിക്കുമെന്നും വേണ്ടതൊക്കെ ചെയ്യാന്‍ സുരക്ഷാസേനയെ ചുമതലപ്പെടുത്തിയെന്നും പ്രധാനമന്ത്രി പിറ്റേന്നുതന്നെ പറഞ്ഞതുമാണ്. ഇതുപോലെ ഒരു പ്രധാനമന്ത്രി പറയുന്നത് കേട്ടിരിക്കില്ല എന്നാണ് പലരും പിന്നീട് സൂചിപ്പിച്ചത്. എന്നിട്ടും രാഹുല്‍ ഗാന്ധിയുടെ കൂട്ടര്‍ക്ക് എന്താണിത്ര ഇരിക്കപ്പൊറുതി ഇല്ലായ്ക? പാക് ചാരസംഘടനയുടെ മുഖത്ത് നിഴലിക്കുന്നതും കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് കാണുന്നതും ഒരുപോലെയായിക്കൂടല്ലോ.
ആ ദാരുണസംഭവത്തിനുശേഷമാണ് സൗദിഅറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ദല്‍ഹിയിലെത്തിയത്. വളരെ നേരത്തെ തീരുമാനിച്ച സന്ദര്‍ശനമായിരുന്നു. പ്രോട്ടോക്കോള്‍ ഒക്കെ മറന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായി. അതാണ് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തിയ വേറൊരുകാര്യം. ലോകത്തെ ഏറ്റവും പ്രമുഖ മുസ്ലിംരാജ്യങ്ങളില്‍ ഒന്നാണ് സൗദിഅറേബ്യ. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആ രാജ്യവുമായുള്ള ബന്ധം അത്രയേറെ നല്ലതാണ്. ഇസ്ലാമിക തീവ്രവാദം സംബന്ധിച്ചും, തീവ്രവാദത്തിന് പണം നല്‍കുന്നത് സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ മോദി സര്‍ക്കാരുമായി പങ്കിടാന്‍ അവര്‍ തയ്യാറാവുകയും ചെയ്തു. അത് ഇന്ത്യയുടെ ‘ഓപ്പറേഷനുകളില്‍’ പലപ്പോഴും വളരെ സഹായകമായിട്ടുമുണ്ട്. അത്തരത്തില്‍ ഭീകരതയോട് കടുത്ത നിലപാടെടുത്ത ഒരു ഇസ്ലാമികരാജ്യത്തിന്റെ കിരീടാവകാശിയെ വേണ്ടവിധം ഇന്ത്യ പരിഗണിച്ചതില്‍ കോണ്‍ഗ്രസിന് വിഷമം ഉണ്ടാവുന്നത് മനസിലാക്കാം. പക്ഷേ, അവര്‍ ഒന്നുകൂടി ആലോചിക്കേണ്ടതായിരുന്നു. അവര്‍ക്ക് പ്രധാനമന്ത്രിയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കാം; എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഒരു വിദേശരാഷ്ട്രത്തലവനെ അല്ലെങ്കില്‍ ഭരണാധികാരിയെ, അതും ഇന്ത്യയിലുള്ളപ്പോള്‍, ആക്ഷേപിക്കുന്നത് നയതന്ത്രതലത്തില്‍ ഏറെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അത് സാമാന്യമര്യാദകള്‍ക്ക് യോജിച്ചതുമല്ല.
‘സൗദി കിരീടാവകാശി ദല്‍ഹിയിലെത്തിയത് പാക്സന്ദര്ശനത്തിന് ശേഷമാണ്. അവിടെ ഭീകരതയെ സഹായിക്കാനായി പാകിസ്ഥാന് പണം കൊടുത്തിട്ടാണ് ഇന്ത്യയിലേക്ക് വന്നത്…’ ഇങ്ങനെയൊക്കെയാണ് കോണ്‍ഗ്രസ് ചിന്തിച്ചത്. പാകിസ്ഥാനില്‍നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഇന്ത്യ ഇടപെട്ടു. അതുവേണ്ടെന്നും തിരികെ സൗദിഅറേബ്യയില്‍ പോയിട്ട് ഇന്ത്യയിലെത്തിയാല്‍ മതിയെന്നും വ്യക്തമാക്കി. അത് അദ്ദേഹം മനസിലാക്കി; സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്തു. ശരിയാണ്, നേരത്തെ അദ്ദേഹം പാക്കിസ്ഥാനില്‍ ചെന്നിരുന്നു. പുല്‍വാമയുടെ പശ്ചാത്തലത്തില്‍ എന്തുവേണമെന്ന് ഇന്ത്യയുമായി അവര്‍ ആലോചിച്ചിരുന്നു. പാക്സന്ദര്‍ശനം ഒരുനാള്‍ മാറ്റിവെച്ചു. ഇവിടെ ഓര്‍ക്കേണ്ടത് ആ സുന്നി മുസ്ലിംരാജ്യത്തിന് പാകിസ്ഥാന് മേല്‍ കുറെയൊക്കെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതാണ്. ആ സാഹചര്യം പ്രയോജനപ്പെടുത്താന്‍ നമുക്ക് ശ്രമിച്ചുകൂടേ? സൗദിഅറേബ്യ അതിന് സന്നദ്ധമാണെങ്കില്‍ അതിലെന്താണ് തെറ്റ്? നാളെ, ഞങ്ങളോട് ഒന്ന് പറയാമായിരുന്നില്ലേയെന്ന് ചോദിക്കുകയുമില്ലല്ലോ.
നരേന്ദ്ര മോദി വിമാനത്താവളത്തില്‍ പോയി സൗദിഅറേബ്യന്‍ കിരീടാവകാശിയെ ക്ഷണിച്ചതാണ് വേറൊരു വിമര്‍ശന വിഷയം. മോദി സൗദിഅറേബ്യയില്‍ ചെന്നപ്പോള്‍ അങ്ങനെയാണ് അവര്‍ സ്വീകരിച്ചത്. കിരീടാവകാശിയും മന്ത്രിസഭ ഒട്ടാകെയും, വരവേല്‍ക്കാന്‍ വിമാനത്താവളത്തിലെത്തി. ഇന്ത്യ ആ മാന്യത തിരികെ കാണിച്ചാല്‍ എങ്ങനെ തെറ്റാവും? അതൊക്കെ വിവാദമാകുന്നത് യഥാര്‍ഥത്തില്‍ സൗദികിരീടാവകാശിയെയും ആ രാജ്യത്തെയും അപമാനിക്കുന്നതിനുവേണ്ടിയാണ് എന്ന് ആര്‍ക്കാണ് മനസിലാകാത്തത്? അന്‍പത് കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്കാണ് പാക്കിസ്ഥാനില്‍ റിയാദ് തയ്യാറായത്. അത് നിക്ഷേപമാണ്, വിവിധ പദ്ധതികളില്‍; പാക്കിസ്ഥാന്റെ കയ്യില്‍ രൊക്കം പണം കൊടുക്കുകയായിരുന്നില്ല. ഇന്ത്യയില്‍ പക്ഷേ അവര്‍ നിക്ഷേപിക്കുന്നത് നൂറ് ബില്യണ്‍ ഡോളറാണ്. സൗദി ജയിലിലുള്ള ഏതാണ്ട് 850 ഇന്ത്യക്കാരെ വിട്ടയയ്ക്കാന് ധാരണയായി. ഹജ്ജിനുള്ള ഇന്ത്യന്‍ വിഹിതത്തില്‍ വലിയ വര്‍ധനവും അനുവദിച്ചു. കുറെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആ രാജ്യത്ത് പദ്ധതികള്‍ക്ക് അനുമതിയും നല്കുന്നു. അതിനൊക്കെപുറമെയാണ് ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനുള്ള പ്രഖ്യാപനം.
എന്തുവേണം എന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ആശയക്കുഴപ്പവുമില്ല. കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ വേണ്ടെന്നുവെച്ചത് ഒരു ഉദാഹരണം. ആ പട്ടിക നീളുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നുള്ള നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു. ഇറക്കുമതി തീരുവ കൂട്ടിയതും എംഎഫ്എന്‍ സ്റ്റാറ്റസ് (അഭിമതരാജ്യ പദവി) റദ്ദാക്കിയതും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കശ്മീരില്‍ വിമാനയാത്രയ്ക്ക് അനുമതി കൊടുത്തതുമൊക്കെ കൂട്ടിവായിക്കേണ്ടതാണല്ലോ. നയതന്ത്ര തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ വേറെ. അതിന്റെ ഫലം കണ്ടുതുടങ്ങി. യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ ഉണ്ടായ നേട്ടം ചെറുതല്ല. പുല്‍വാമ ആക്രമണത്തെ സുരക്ഷ കൗണ്‍സില്‍ അപലപിക്കുകയാണ് ചെയ്തത്. ജെയ്ഷ് ഇ മുഹമ്മദിനെതിരായ നീക്കവും ഫ്രാന്‍സ് മുന്‍കയ്യെടുത്ത് യുഎന്നില്‍ നടക്കുന്നുണ്ട്. ഇതൊക്കെ മുന്നില്‍നിന്ന് ചെയ്യിക്കുന്നതിന് നരേന്ദ്രമോദിയുണ്ട് താനും.
കോണ്‍ഗ്രസ് എന്താണ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ചെയ്തത്? മുംബൈ ഭീകരാക്രമണം ഉണ്ടായദിവസം രാത്രി രാഹുല്‍ ഗാന്ധി എവിടെയായിരുന്നു? രാജ്യം കണ്ണീര് വാര്‍ക്കുമ്പോള്‍ രാഹുല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ഒരു പാര്‍ട്ടിയില്‍ അഴിഞ്ഞാടുകയായിരുന്നില്ലേ? എന്താവാം അവിടെ നടന്നത് എന്നതൊക്കെ ചിന്തിക്കാമല്ലോ. കഴിഞ്ഞില്ല, മുംബൈ ആക്രമണം കഴിഞ്ഞ് നടപടി വേണ്ടത് എന്താണ് എന്നാലോചിക്കാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സൈനികോദ്യോഗസ്ഥരുടെ യോഗത്തില്‍ ഒരു തീരുമാനവും ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണ്? ആ യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, പ്രതിരോധ സെക്രട്ടറി, മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവിമാര്‍ എന്നിവരുണ്ടായിരുന്നുവല്ലോ. ‘ഒരു പ്രതികാരനടപടിയും വേണ്ട, തിരിച്ചടിക്കേണ്ട’ എന്നല്ലേ അന്ന് തീരുമാനിച്ചത്? ഇത്രയേറെ നാണംകെട്ട നിമിഷം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? ആരാണ് അന്ന് അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്? ഐഎസ്ഐ ആണോ?. കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ ഈയിടെ ഐഎസ്ഐ തലവനെ കണ്ടുവെന്ന സൂചനകള്‍ കൂട്ടിചേര്‍ത്ത് വായിക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്.
ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ കാരണക്കാര്‍ ഇതേ നെഹ്റു കുടുംബമല്ലേ? 1947, 1965 യുദ്ധങ്ങള്‍ പോട്ടെ; അന്ന് ചെയ്തില്ല. 1971ല്‍ കിഴക്കന്‍ പാക്കിസ്ഥാന് പിടിച്ചടക്കിയ ഇന്ത്യ അന്ന് എന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാന് അംഗീകരിക്കുമായിരുന്നില്ലേ? അത്രയേറെ പാക് സൈനികര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരുന്നു. അവരെ വിട്ടുകിട്ടണം എന്നതായിരുന്നു ഇസ്ലാമാബാദിലെ പ്രധാന ആവശ്യം. അന്ന് അവരെ വിട്ടുകൊടുക്കാന്‍, പകരം പാക് അധീനകശ്മീര്‍ ഒഴിയണമെന്ന് ഇന്ത്യ നിര്ദ്ദേശിച്ചിരുന്നുവെങ്കിലോ… അവര്‍ക്ക് അന്ന് അത് സമ്മതിക്കേണ്ടിവരുമായിരുന്നു എന്ന് കരുതുന്നവരാണ് പലരും. ഇന്ദിര ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. അത് ചെയ്തില്ല. 1947ല്‍ നെഹ്റുവാണ് ഇന്ന് പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീര്‍ പ്രദേശം വിട്ടുകൊടുത്തത്. അത് വീണ്ടെടുക്കാന്‍ കിട്ടിയ അവസരങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കളഞ്ഞുകുളിച്ചു. ആ ഭൂപ്രദേശമാണ് ഇന്നിപ്പോള്‍ ഇന്ത്യക്ക് തലവേദന ഉണ്ടാക്കുന്നത്. അത് രാഹുലും പരിവാരങ്ങളും മറന്നുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: