ആലപ്പുഴ: മഹാപ്രളയബാധിത മേഖലകളെ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കിയെന്നും, വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറോട്ടോറിയം ഏര്പ്പെടുത്തിെയന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്ക്. സഹകരണ ബാങ്കുകള്‍ പോലും ഇടപാടുകാര്‍ക്ക് ജപ്തി നോട്ടീസ് അയച്ചു തുടങ്ങി. പ്രളയദുരിതാശ്വാസ സഹായം വൈകിപ്പിച്ച് സര്‍ക്കാരും ദ്രോഹിക്കുന്നു.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ എടത്വാ ശാഖയില്‍ നിന്ന് തലവടി പഞ്ചായത്തിലെ ആനപ്രമ്പാല്‍ തെക്ക് പുത്തന്‍പുര ചിറയില്‍ പി.കെ. വിനോദിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. കൂലിപ്പണിക്കാരനായ അച്ഛന് കുട്ടപ്പന് എടുത്ത വായ്പയ്ക്കാണ് ജാമ്യക്കാരനായ മകന് പി.കെ. വിനോദിന്റെ പേരില്‍ ജപ്തി ഭീഷണി. വിനോദും കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ പ്രളയത്തില്‍ ഏകദേശം പത്ത് ദിവസത്തോളം ഈ കുടുംബം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയശേഷം വീട്ടിലേക്ക് മടങ്ങി വന്നപ്പോള്‍ ഫര്‍ണീച്ചര്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടിരുന്നു.
മകളുടെ വിവാഹ ആവശ്യത്തിനാണ് ആധാരം പണയം വച്ച് കുട്ടപ്പന് 2013ല്‍ രണ്ടു ലക്ഷം രൂപ വായ്പ എടുത്തത്. ഇതിനോടകം ഒരു ലക്ഷത്തിലധികം രൂപ അടച്ചു. വെള്ളം കയറിയ വീടുകള്‍ക്ക് സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരത്തുക പോലും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. 2018 ജൂണ്‍ 21ന് 1,18,020 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു.
ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, എട്ടു മാസം കൊണ്ട് 22,000 രൂപ പലിശ ഉള്‍പ്പെടെ 1,40,559 രൂപ ഏഴ് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം ഇനിയൊരു നോട്ടീസ് കൂടാതെ ബാങ്ക് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ബ്രാഞ്ച് മാനേജര്‍ നല്കിയ നോട്ടീസിലുള്ളത്. എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഈ ദരിദ്രകുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: