സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലൂടെ വന്ന്, വിന്ധ്യനപ്പുറം വളര്‍ന്ന്, രാജ്യാന്തരവേദികളില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് സി.കെ. സജി നാരായണന്. സംഘാടകന്‍, സൈദ്ധാന്തികന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന് എന്നീ നിലകളില്‍ വിവിധമേഖലകളില്‍ ഇതിനകം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ഈ അഭിഭാഷകനെത്തേടി അഞ്ചാമത്തെ അനന്തകീര്‍ത്തി പുരസ്കാരവും എത്തിയിരിക്കുന്നു.
വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെത്തിച്ചേര്ന്ന സജി നാരായണന് തുടര്‍ന്ന് എബിവിപിയില്‍ പ്രവര്‍ത്തിക്കുകയും, അതിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമാവുകയും ചെയ്തു. കേരളത്തില്‍ പുതിയൊരു വിചാര വിപ്ലവത്തിന് തുടക്കം കുറിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന സെക്രട്ടറിയെന്ന ചുമതലയും വഹിച്ചു. ഇടപ്പള്ളി മാധവന് നായര്‍ മ്യൂസിയത്തില്‍ വിചാരകേന്ദ്രം ചരിത്ര വിചാര സത്രം സംഘടിപ്പിച്ചപ്പോള്‍ അതിന്റെ മുന്‍നിരയില്‍ സജി നാരായണനുമുണ്ടായിരുന്നു. ഇടക്കാലത്ത് തപസ്യ കലാസാഹിത്യവേദിയിലും സജീവമായി.
അഭിഭാഷകനെന്ന നിലയില്‍ പേരെടുത്ത സജി നാരായണന് തൃശൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഭോപ്പാലിലെ നാഷണല്‍ ജുഡിഷ്യല്‍ അക്കാദമിയുടെ ഫാക്കല്‍റ്റി റിസോഴ്സ് പേഴ്സണറായ ഈ നിയമജ്ഞന് പതിനഞ്ചിലേറെ നിയമ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോ ഓഫ് ഫാമിലി കോര്‍ട്ട്, മാര്യേജ് ആന്റ് ഡൈവോഴ്സ്, ലാന്‍ഡ് റിഫോംസ്, സിവില്‍ പ്രൊസീജര്‍ കോഡ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇതിനുപുറമെ വിവിധ വിഷയങ്ങളില്‍ ദിശാബോധം നല്കുന്ന 250 ലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാരതീയമായ കാഴ്ചപ്പാടില്‍ ഫെമിനിസത്തിന്റെ ചരിത്രം വിലയിരുത്തുന്ന ‘വനിതാ വിമോചനവും ഹിന്ദുസ്ത്രീത്വവും’ എന്ന ആധികാരിക ഗ്രന്ഥം സജി നാരായണന്റെ മാസ്റ്റര്‍ പീസായി കണക്കാക്കാം. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും സമകാലീന വിഷയങ്ങളിലും ഒരുപോലെ താല്‍പ്പര്യം പുലര്‍ത്തുന്ന ഈ ധിഷണാശാലി, ആര്യനാക്രമണവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതും, സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടുന്നതുമായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മാനവരാശിയുടെ മോചനം മുതലാളിത്വത്തിനും കമ്യൂണിസത്തിനുമപ്പുറം ഭാരതീയ ദര്‍ശനത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെടുന്ന പുത്തന്‍ ലോകക്രമത്തിലാണെന്ന് ഈ ചിന്തകന്‍ വിശ്വസിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സജി നാരായണന് രണ്ടാംവട്ടവും സംഘടനയുടെ അധ്യക്ഷ പദവി അലങ്കരിക്കുകയാണ്. ട്രേഡ് യൂണിയന് പ്രതിനിധിയായി നിരവധി വര്‍ഷങ്ങള്‍ ലോക തൊഴിലാളി സംഘടനയായ ഐഎല്‍ഒയുടെ ജനീവ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ടാം ദേശീയ ലേബര്‍ കമ്മീഷനില്‍ അംഗമായിരുന്നു. വിവിധ സമ്മേളനങ്ങളും പരിശീലന പരിപാടികളുമായി ബന്ധപ്പെട്ട് ഇറ്റലി, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ആസ്ട്രിയ, മലേഷ്യ, സിങ്കപ്പൂര്‍, ഹോങ്കോങ്, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍, വിവിധ ബാങ്കുകളുടെ ഉപദേഷ്ടാവ്, ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് അംഗം, മുംബൈയിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം, കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും തൃശൂര്‍ സ്വദേശിയായ സജി നാരായണന് പ്രവര്‍ത്തിക്കുകയുണ്ടായി.
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് നെടുനായകത്വം വഹിച്ചവരില്‍ ഒരാളായിരുന്ന അഡ്വ.ടി.വി. അനന്തന്റെ സ്മരണാര്‍ത്ഥം അഡ്വ. ടി.വി. അനന്തന് എന്‍ഡോവ്മെന്റ് കമ്മിറ്റി നല്‍കുന്നതാണ് അനന്തകീര്‍ത്തി പുരസ്കാരം. അഡ്വ. ഡി.ബി. ബിനു-കെ.വി. പ്രകാശ് (സംയുക്തമായി), ഒ.എ. അശോകന്, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, കെ. അയ്യപ്പന് പിള്ള എന്നിവര്‍ക്കാണ് ഇതിനു മുന്‍പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: