കഥപറഞ്ഞ് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച കാഥികരുടെ പേരുകള്‍ ഒരുകാലത്ത് മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. അവരുടെ കഥയും അതിലെ കഥാപാത്രങ്ങളും നാവിന്‍തുമ്പത്ത് തത്തിക്കളിച്ചിരുന്നു. അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ കഥാപ്രസംഗകലയുടെ ഭാവി എന്താകുമെന്ന് പലരും സംശയിച്ചു. എന്നാല്‍ 50 വര്‍ഷമായി കഥപറയുന്ന നിരണം രാജന് കഥാപ്രസംഗകലയിലെ കുലപതികളുടെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് ഈ കലയെ ജീവനു തുല്യം കൊണ്ടുനടക്കുകയാണ്.
കാലത്തിന്റെ വേഗപ്പാച്ചിലില്‍ കഥാപ്രസംഗം അന്യംനിന്ന് പോകുമെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് നിരണത്തിന്റെ നിര്‍ത്താതെയുള്ള കഥപറച്ചില്‍. തിരുവല്ല നിരണം സ്വദേശിയായ അദ്ദേഹം 14,000ത്തോളം വേദികള്‍ പിന്നിട്ടു. കഥാപ്രസംഗത്തിന്റെ ആദ്യത്തെ സമ്പാദ്യം ഒരു സൈക്കിളായിരുന്നു. ആ സൈക്കിള്‍ ഇപ്പോഴും ഭദ്രമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു; പിന്നിട്ട വഴികളുടെ അടയാളമായി.
എട്ടാമത്തെ വയസ്സിലാണ് കഥാപ്രസംഗകലയിലേക്കുള്ള നിരണത്തിന്റെ രംഗപ്രവേശം.1970-ല്‍ തിരുനല്ലൂര്‍ കരുണാകരന്റെ റാണി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. ഇപ്പോള്‍ 58-ാമത്തെ വയസ്സിലും അനുസ്യൂതം അദ്ദേഹം കഥ പറയുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ കഥാപ്രസംഗകലയിലും വരുത്തിയതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. സമൂഹത്തിന്റെ മൂല്യച്യുതിയെ സരസമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ് കാഥികന് ചെയ്യുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തിയിരുന്ന ഈ കല അന്യംനിന്നു പോയേക്കുമെന്ന് വിചാരിക്കുന്ന കാലഘട്ടത്തിലാണ് നിരണം രാജന് കഥപറയുന്നത്. കലയുടെ ആത്മാവിനെ നോവിക്കാതെ കാലത്തിന്റെ മാറ്റങ്ങള്‍ കഥാപ്രസംഗത്തിലും അദ്ദേഹം വരുത്തി. നവീന കഥാപ്രസംഗവും ഡ്രമാറ്റിക് കഥാപ്രസംഗവും ഇപ്പോള്‍ വിഷ്വല്‍ കഥാപ്രസംഗവും കൊണ്ടുവന്നാണ് പുതുതലമുറയ്ക്കും ആസ്വാദ്യകരമാക്കിത്തീര്‍ത്തത്. കര്ണ്ണന്, ഭീഷ്മര്‍, സമയം വൈകിപ്പോയി തുടങ്ങിയ കഥകള്‍ ആസ്വാദകരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയതാണ്.
50 വര്‍ഷത്തെ കലാസപര്യയ്ക്ക് മുതല്‍ക്കൂട്ടായത് ശാസ്ത്രീയ സംഗീതം പഠിച്ചതാണ്. പതിനാറാമത്തെ വയസ്സില്‍ അച്ഛന് വാങ്ങിക്കൊടുത്ത എച്ച്എംടി വാച്ച് പണയം വച്ച് വാങ്ങിയ ഹാര്‍മോണിയം ഉപയോഗിച്ചാണ് സംഗീത പഠനം തുടങ്ങിയത്. കോട്ടയം പഴയ സെമിനാരിയിലെ ഫാ. എം.പി. ജോര്‍ജ് സുറിയാനി സംഗീതവും ശാസ്ത്രീയ സംഗീതവും അഭ്യസിപ്പിച്ചു. കഥാപ്രസംഗകലയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം കഥാപ്രസംഗ ചക്രവര്‍ത്തി വി.സാംബശിവന്റെ കഥകളോടായിരുന്നു. കെടാമംഗലം സദാനന്ദനും ഓച്ചിറ രാമചന്ദ്രനും ചേര്‍ത്തല ബാലചന്ദ്രനും വി. ഹര്‍ഷകുമാറും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാജന് പറയുന്നു.
ഇതിനകം നിരവധി അംഗീകാരങ്ങള്‍ നിരണം രാജനെ തേടിയെത്തി. 22 മണിക്കൂറും 10 മിനിറ്റും തുടര്‍ച്ചയായി കഥാപ്രസംഗം അവതരിപ്പിച്ചതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് വിന്നര്‍ പദവി തേടിയെത്തി. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും വേദിയൊരുക്കി. എഐആര്‍ ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റായ നിരണം രാജനെ അടുത്തിടെ ചെന്നൈയില്‍ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കി ആദരിച്ചു. നാല് സിനിമകളില്‍ അഭിനയിച്ച അദ്ദേഹം പുതിയൊരു സിനിമയുടെ കഥാരചനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: