കണ്ണൂര്‍: ഇരട്ടക്കൊലപാതകം നടന്നതിന് ജനങ്ങള്‍ക്ക് മുന്നില്‍ തല കനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ കാസര്‍കോട് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കവേയാണ് മുഖ്യമന്ത്രി തല കുനിക്കുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടി മുന്‍കൈയെടുത്ത് നടത്തിയ കൊലപാതകത്തിന്റെ കുറ്റം ഒരു പാര്‍ട്ടി നേതാവ് ഏറ്റു പറയുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമാണ്. പാര്‍ട്ടി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് എന്നതിലേക്കാണ് മുഖ്യമന്ത്രിയുടെ പ്രസംഗം വിരല്‍ ചൂണ്ടുന്നത്.
തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയുടേയും ഭരണകൂടത്തിന്റെയും മുഖം മിനുക്കാനുളള നാടകമാണ് മുഖ്യമന്ത്രിയുടെ തലകുനിക്കല്‍ എന്ന് വ്യക്തമാണ്. കൊലപാതകത്തില്‍ ആരോപണ വിധേയരായ പാര്‍ട്ടി നേതാക്കളേയും എംഎല്‍എയേയും അടക്കം വേദിയിലിരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. കൊലപാതകം ഹീനമായ ഒന്നാണ്. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കുന്നില്ല. ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു. ശക്തമായ നടപടിക്കു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നെല്ലാം ആരോപണ വിധേയരെ ഇരുത്തി കുമ്പസരിക്കേണ്ടി വന്നത് പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: