മതപ്രസ്ഥാനത്തെ സഹിക്കുന്നവരല്ല പൊതുവെ മാര്‍ക്സിസ്റ്റുകള്‍. എന്നാല്‍ കേരളത്തില്‍ (പടിഞ്ഞാറന്‍ ബംഗാളിലും) ആ പാര്‍ട്ടിക്ക് ഒരു ഭാരതീയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നു. സംഘടിത മതത്തിന്റെ വിശ്വാസം, വോട്ടുബാങ്കുകളെ ഉറപ്പിച്ചുനിര്ത്തിയതിനെ എതിര്‍ക്കാന്‍ കഴിയാതെവന്നു. അങ്ങനെ കേരളത്തില്‍ അകറ്റിനിര്‍ത്തേണ്ടത് ഹിന്ദുവിശ്വാസത്തെയാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ വാര്‍ത്താമാധ്യമങ്ങളുടെ നിര്‍ലോപമായ സഹകരണവും ഉണ്ടായി.
സനാതനധര്‍മവും മാര്‍ക്സിസവും പലതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തേത് മനുഷ്യന്റെ അന്തരംഗത്തില്‍ പരിണാമം വരുത്തി അവനെ ഈശ്വരസാക്ഷാല്‍ക്കാരത്തിന് സമര്ഹനാക്കുന്നു. സാധാരണമായി അപ്രാപ്യമെന്ന് കരുതാവുന്ന ലക്ഷ്യം. എങ്കിലും സനാതന ധര്‍മം ഏവരെയും സാക്ഷാല്‍ക്കാരത്തിനുവേണ്ടിയുള്ള ഏറ്റവും സുഗമമായ വഴിയിലേക്ക് നയിക്കുന്നു. പില്ക്കാലത്ത് അതിന് മാര്ഗഭ്രംശമുണ്ടായി. വിദ്വാനായ പുരോഹിത് സ്വാമി തന്റെ ആത്മകഥയില്‍ എഴുതിയതുപോലെ സമൂഹഘടനയിലെ പരിഷ്കൃതി നല്ലതുതന്നെ. എന്നാല്‍ അത് ഒരു ചീട്ടുകൊട്ടാരംപോലെ അടര്‍ന്നുവീഴും. കാരണം, മനുഷ്യഹൃദയത്തിലാണ് സനാതനസാമ്രാജ്യം സ്ഥാപിക്കപ്പെടേണ്ടത്.
റഷ്യ, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവിയ, കിഴക്കന്‍ യൂറോപ്പ് എന്നിവ തകര്‍ന്നത്, അവര്‍ മനുഷ്യന്റെ മനസ്സിനെ സംസ്കരിച്ചില്ല എന്നതുകൊണ്ടാണ്. ആകെ ചെയ്തത് ഭൗതികതയില്‍ വിശ്വാസം ഉറപ്പിക്കലും സംഘടിത മനുഷ്യവൃത്തിയെ ചൂഷണം ചെയ്യുന്ന ഫ്യൂഡലിസത്തിനൊപ്പമുള്ള കാര്‍ഷിക സമൂഹത്തെ തടയുക എന്നതും ആയിരുന്നു. കേരളത്തിലെ ഭൂപരിഷ്കരണം, വിപ്ലവപരമായിരുന്നെങ്കിലും കാര്‍ഷിക വിഭാഗത്തെ നശിപ്പിച്ചു. ഇന്ന് കേരളം തമിഴ്നാടിനെയും മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളേയും ആശ്രയിക്കുന്നു.
മാര്‍ക്സിസവും സാമൂഹികദുരന്തവും
മാര്‍ക്സിസത്തിന് നേരിട്ടോ പരോക്ഷമായോ പങ്കുള്ള സാമൂഹികദുരന്തങ്ങള്‍ കേരളത്തില്‍ സംഭവിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഉള്ളതിന്റെ ഏതാണ്ട് മൂന്നിരട്ടി ആത്മഹത്യകളും വിവാഹമോചനവും മനോരോഗവുമാണ് ഇവിടെ. മാര്‍ക്സിസം ഇവിടെ കടത്തിക്കൊണ്ടുവന്ന മതപരമായ മൂല്യങ്ങളുടെ ധ്വംസനമാണ് ഇതിനുകാരണം. ഈ വിനാശത്തിന് ഏറ്റവും കൂടുതലായി ഇരയായത്, മാര്‍ക്സിയന്‍ ശിക്ഷണം അടിച്ചേല്‍പ്പിക്കപ്പെട്ട ഹിന്ദുയുവാക്കള്‍ ആയിരുന്നു.
ബൗദ്ധിക പാപ്പരത്തം
നിരര്‍ത്ഥക മുദ്രാവാക്യം, പദങ്ങളുടെ ആവര്‍ത്തന പ്രയോഗം എന്നിവയാല്‍ സ്വതന്ത്രചിന്തയെ ഇല്ലാതാക്കി. ഇതു പറയുമ്പോള്‍ പാസ്റ്റര്നിക്കിന്റെ കഥാനായകനായ ഡോ. സിവാഗോയുടെ രോദനമാണ് ഓര്‍മവരുക. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള സോവിയറ്റ് സമൂഹത്തെ ഓര്‍ത്താണ് ആ രോദനം: ‘അപ്പോഴാണ് ഞങ്ങളുടെ റഷ്യയില്‍ കള്ളത്തരം പ്രത്യക്ഷമായത്. വ്യക്തിപരമായ അഭിപ്രായങ്ങളുടെ മൂല്യത്തെപ്പറ്റിയുള്ള വിശ്വാസം നശിച്ചതാണ് എല്ലാ തിന്മയുടെയും നാരായവേര് എന്ന് പറയാവുന്ന കടുത്ത ഭാഗ്യദോഷം. തങ്ങളുടെ സന്മാര്ഗബോധം അറുപഴഞ്ചനാണെന്ന് ആളുകള്‍ കരുതി. ജനതയുടെ അഭിപ്രായഗതി തങ്ങള്‍ സ്വീകരിച്ച് കൂട്ടത്തില്‍ പാടിനടക്കണം എന്നുവന്നു. ഈ കൂട്ടപ്പാട്ട് ഏവരുടെയും കണ്ഠത്തില് തിരുകിവയ്ക്കപ്പെട്ടു. അങ്ങനെ തിളങ്ങുന്ന ഒരു പദപ്രയോഗം ഉണ്ടായി. ആദ്യം സാറിന്റെ ഭരണകാലത്ത്, പിന്നെ വിപ്ലവ കാലഘട്ടത്തില്‍. നമ്മുടെ സ്വഭാവമായിരുന്ന തനിമയും സ്വതന്ത്രചിന്തയും ഇല്ലാതായി. നാം വിഡ്ഢികളെപ്പോലെ പരസ്പരം പൊള്ളയായി പെരുമാറി.
കമ്മ്യൂണിസ്റ്റ് പ്രചാരണവേലയിലൂടെ ജനങ്ങള്‍ വിഡ്ഢികളെപ്പോലെ പൊള്ളവേഷങ്ങളായിട്ടാണ് മാറിയത്. ഫാസിസ്റ്റ്, സംഘപരിവാര്‍, നവോത്ഥാനം എന്നൊക്കെ അവര്‍ വെറുതെ പറയും. ഇത്തരം പദങ്ങള്‍ ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റ് കൂലിപ്പടയാളികളാണ്. കോടിയേരി ബാലകൃഷ്ണനെപ്പോലൊരു നേതാവിന് പറയാന്‍ ചങ്കുറപ്പുണ്ടായി, ഇന്ത്യ എല്ലായിടത്തുംകൂടി ചൈനയെ വളയുകയാണെന്ന്. മനുഷ്യച്ചങ്ങല ഒരു നവോത്ഥാനമതിലായിട്ട്, ഭക്തജനങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ അയ്യപ്പജ്യോതിയെ തടയുമെന്ന്. സര്‍ക്കാര്‍ അതിന് തുണനില്ക്കും. ആ മതില് എന്താണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാതാനും.
വേദാന്തത്തിന്റെ പാരമ്പര്യം വ്യക്തമായ ഒരു ധാരയായി നില്ക്കുമ്പോള്, വിശ്വാസത്തിന്റെ ശക്തി അവരിലൂടെ പ്രവഹിക്കുമ്പോള്‍, കമ്മ്യൂണിസ്റ്റുകള്‍ ആവശ്യപ്പെടുന്നത് ജനങ്ങള്‍ താഴോട്ടുകുനിഞ്ഞുനിന്ന് കെട്ടിനില്‍ക്കുന്ന മൃതപ്രായമായ ഒരു ആദര്‍ശസംഹിതയുടെ മലിനജലം മോന്തിക്കൊള്ളണം എന്നാണ്.
ത്യാഗം, ശാന്തി, ബ്രഹ്മചര്യം എന്നീ ഗുണങ്ങള്‍ ജ്വലിപ്പിക്കാനുതകുന്ന അസാധാരണ ക്ഷേത്രമാണ് എക്കാലത്തും ശബരിമല. ശബരിമലയില്‍ ഭക്തര്‍ എത്തുന്നതോടെ നിത്യസത്യത്തെ അനുഭവിച്ചറിയാന്‍ യോഗ്യത നേടുന്നു. തത്വം അസി (നീ അത് ആകുന്നു) എന്ന ഈ സത്യം ക്ഷേത്രഗോപുരത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇവിടം ആരാധനാകേന്ദ്രം മാത്രമല്ല, യോഗമാര്ഗത്തിലെത്തേണ്ടവര്ക്ക് ഒരു ശിക്ഷണകേന്ദ്രം കൂടിയാണ്. പ്രത്യേകതയുള്ള ഈ പാരമ്പര്യം അതിനാല്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യംതന്നെ.
യോഗ പാരമ്പര്യവും മാധ്യമങ്ങളുടെ വ്യാജപ്രചാരണവും
ഇപ്പറഞ്ഞ നന്മയുടെയും ശിക്ഷണത്തിന്റെയും മാര്‍ഗം സ്ത്രീകള്‍ക്കും ശീലിച്ചുകൂടേ? ആവാം. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ എല്ലാംതന്നെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നത്. ശബരിമല വിഗ്രഹത്തെ ഭക്തന്മാര് നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാക്കി തന്റെ പ്രാണബലം ആകെ കേന്ദ്രീകരിച്ച് തപസ്സുചെയ്ത് സായൂജ്യം നേടുന്നതായിട്ട്. അദ്ദേഹത്തിന്റെ ഇരിപ്പ് പ്രത്യേക തരത്തിലാണ്. യോഗപത്മാസനം. തന്ത്രശാസ്ത്രമനുസരിച്ച് കുണ്ഡലിനീ ശക്തി ഉണര്‍ത്താനുള്ള ആസനം. തന്ത്രയോഗശാസ്ത്രത്തിന്റെ പ്രാഥമിക പാഠം അറിയുന്ന ആളിനും (ഈ ലേഖകനെപ്പോലെ) മനസ്സിലാവും. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിനുമാത്രമുള്ളതാണ് ഈ യോഗാസന നില.
പ്രാണബലത്തെ മുഴുവന്‍ ഇങ്ങനെ വിഗ്രഹത്തില്‍ കണ്ടെത്തുമ്പോള്‍ അത് പ്രത്യുല്‍പ്പാദനശേഷിയുള്ള സ്ത്രീകള്‍ക്ക് യോജിച്ച ആരാധനാവിഗ്രഹമാകുമോ? അവരുടെ ആത്മീയമായ ത്വരയ്ക്ക് യോജിക്കുന്നത് ശ്രീകൃഷ്ണ-ശ്രീരാമ വിഗ്രഹങ്ങളോ അല്ലെങ്കില്‍ മറ്റു വിധത്തില്‍ പ്രതിഷ്ഠിതമായ അയ്യപ്പവിഗ്രഹമോ ആയിരിക്കില്ലേ?
ആധുനികശാസ്ത്ര യുക്തിയനുസരിച്ച് പ്രാചീന മതാചാരങ്ങള്‍ പരിശോധിച്ച് പഴിപറയുന്നത് പാഴ്വേലയാണ്. ആത്മീയകാര്യങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ വരുത്തുന്ന അപകടം അറിഞ്ഞ റൊമയ്ന് റോളണ്ട് ഇങ്ങനെ പറയാന്‍ പ്രേരിതനായി: ശ്രീരാമകൃഷ്ണ പരമഹംസന് പാശ്ചാത്യരാജ്യത്ത് ആയിരുന്നു ജനിച്ചതെങ്കില്‍ അദ്ദേഹത്തിന് ഷോക്ക് ചികിത്സ നല്കിയേനെ!
സ്ത്രീകളിലുള്ള ഭക്തകളുടെ വിഭാഗത്തിന് ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ പ്രത്യേകതയറിയാം. ആരാധനാ സ്വാതന്ത്ര്യത്തെ അവര്‍ ബഹുമാനിക്കുന്നു. ഒന്നോ രണ്ടോ അപവാദങ്ങളൊഴിച്ചാല്‍ ശബരിമല മാത്രമാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നും അവര്‍ക്കറിയാം. അപ്പോള്‍ സര്‍ക്കാര്‍ ഈ ആചാരത്തെ തകര്‍ക്കാന്‍ മറ്റുചില പാര്ട്ടിലക്ഷ്യങ്ങള് നേടാന്‍ ഒരുവിഭാഗം സ്ത്രീകളെ ഏര്‍പ്പാടുചെയ്തു. അങ്ങനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്ഷേത്രകാര്യത്തില്‍ നേരിട്ട് ഇടപെട്ടു.
ലിംഗസമത്വം ജനാധിപത്യത്തിന്റെ ഭാഗംതന്നെ. എന്നാല്‍ ഈ സമത്വത്തോടൊപ്പം പുരുഷന്റെ അവകാശം എവിടെ തീരുന്നു, സ്ത്രീയുടെ അവകാശം എവിടെത്തുടങ്ങുന്നു എന്നതെപ്പറ്റിയുള്ള ധാരണയും വേണം.
സീസറിന് സീസറിന്റെ പങ്ക്, ദൈവത്തിന് ദൈവത്തിന്റെ പങ്ക് ശരിതന്നെ. അപ്പോള്‍ ഇവരുടെ പങ്കിനെ തിരിച്ചറിയേണ്ടത് ആവശ്യമാണല്ലൊ. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവരുടെ വിയോജനക്കുറിപ്പില്‍ ഇതുപറയുന്നുണ്ട്. ആത്മീയകാര്യങ്ങള്‍ രാജ്യത്തെ നിയമവകുപ്പിന് കൈകാര്യം ചെയ്യാവുന്ന ഒന്നല്ല.
ആരാധനയുടെ അര്‍ത്ഥം മനസ്സിലായാല്‍, സ്ത്രീകള്‍ പ്രത്യുല്‍പ്പാദന ക്ഷമമായ കാലത്ത് സ്വമേധയാ ക്ഷേത്രത്തില്‍നിന്ന് ശബരിമലയില്‍നിന്ന് – അകന്നുനില്‍ക്കുന്നതിന്റെ അര്‍ത്ഥവും വ്യക്തമാവും. ദേവദൂതന്മാര് ചെല്ലാന്‍ മടിക്കുന്നിടത്തേക്ക് വിഡ്ഢികളും പ്രവര്‍ത്തക കൂട്ടവും വിലസുന്നു.
കമ്മ്യൂണിസവും നവോത്ഥാന ചിന്തയും
കമ്മ്യൂണിസ്റ്റ് നിഘണ്ടുവില്‍ സ്വീകാര്യമായിത്തീര്ന്ന മറ്റൊരു വാക്കാണ് നവോത്ഥാനം. ശബരിമല തര്‍ക്കത്തിനിടെ ഈ വാക്ക് ധാരാളം കാണാം. പാസ്റ്റര്നിക്കിനെ ഒന്നുകൂടി ഉദ്ധരിച്ചാല്‍ എല്ലാവരുടെ തൊണ്ടയിലേക്ക് ഈ വാക്ക് പൂഴ്ത്തിക്കൊടുത്തിരിക്കുന്നു.
ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ പ്രാരംഭകര്‍ വാസ്തവത്തില്‍ ആരായിരുന്നുവെന്ന് ഏത് ചരിത്രവിദ്യാര്‍ത്ഥിക്കും അറിയാം. റാംമോഹന് റോയിയെത്തുടര്ന്നുവന്ന സന്ന്യാസിമാരായിരുന്നു അവര്‍. ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദസ്വാമി, ശ്രീ അരവിന്ദന്, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു… നവോത്ഥാന ചൈതന്യത്തിന്റെ പ്രമാണം മനുഷ്യനെപ്പറ്റിയുള്ള മഹത്തായ, അനിവാര്യമായ സങ്കല്‍പ്പമാണ്. പലവിധ പ്രവര്‍ത്തനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാണ് നവോത്ഥാനം ഉദ്ദേശിച്ചത്. ശാസ്ത്രത്തിലൂടെ, കലയിലൂടെ, ശില്‍പ്പത്തിലൂടെ, സാങ്കേതികമായ കണ്ടുപിടിത്തങ്ങളിലും സാമൂഹ്യ പരിവര്‍ത്തനത്തിലും കൂടെ, എല്ലാത്തിന്റെയും അടിസ്ഥാനം മഹത്തായ മാനുഷികമൂല്യസങ്കല്പ്പമാണ്.
അവസാന ആശ്രയവും ദീര്ഘസമരവും
കമ്മ്യൂണിസത്തിന്റെ അന്തിമാശ്രയസ്ഥലം കേരളമാണ്. എല്ലാ ശക്തിയും സംയോജിപ്പിച്ച് ഇവിടെ അവരുടെ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടി പൊരുതും എന്ന് വരുന്നു. സംഘടിതമായ പാര്‍ട്ടി അണികള്‍, പോലീസ് സൈന്യത്തിന്റെ പിന്തുണ എന്നീ സൗകര്യങ്ങള്‍ ഹിന്ദുസമൂഹത്തിന്റെ ഒത്തൊരുമിപ്പിനെ തടയാന്‍വേണ്ടി കയ്യിലുണ്ട്. ക്രിസ്ത്യന്‍-മുസ്ലീം വോട്ടുകള്‍ ഹിന്ദുവിന് എതിരായി പ്രയോഗിക്കാനും ശ്രമം നടക്കുന്നു.
രാഷ്ട്രീയ യുദ്ധക്കളത്തില്‍ വോട്ടുബാങ്കിന്റെ ബലത്തിലാണ് ഭരണം നിര്‍ണയിക്കപ്പെടുക. ഹിന്ദുക്കള്‍ വിഭജിച്ചുനില്ക്കാതെ ബുദ്ധിപൂര്‍വം തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മതം ഒരിക്കലും ഫാസിസത്തിലേക്ക് വീണുപോകുകയില്ല. പരിഷ്കൃതിയുടെ മൂല്യങ്ങളെ സംരക്ഷിക്കയും ദേശീയതയെ ഉറപ്പിക്കയും ആണ് നാം ചെയ്തുപോരുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഇത്രവ്യക്തമായ മുന്നറിയിപ്പ് മുന്‍പെങ്ങും ഉണ്ടായിരുന്നില്ല.
ഹൃദയത്തില്‍ത്തട്ടി ശ്രീ ചിത്തരഞ്ജന് ദാസ് പറഞ്ഞത് (അലിപൂര്‍ ബോംബുകേസില്‍ ശ്രീ അരവിന്ദനുവേണ്ടി വാദിച്ചപ്പോള്‍) അല്‍പ്പം വാക്കുകള്‍ മാറ്റി (അങ്ങനെ സന്ദര്‍ഭാനുസരണം മാറ്റിയത് ക്ഷമിക്കുക) ഇവിടെ ഉദ്ധരിക്കട്ടെ. ‘ഈ തര്‍ക്കം നിശബ്ദതയില്‍ അവസാനിച്ച് ഏറെക്കാലം കഴിഞ്ഞ്, ഈ സമരം ഒടുങ്ങി ഒട്ടേറെ നാള് കഴിഞ്ഞ്, ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തെ ഹിന്ദു ജനതയുടെ ആത്മാഭിമാനത്തിന്റെയും വിശ്വാസശക്തിയുടെയും നിത്യമായ അടിസ്ഥാനമെന്നോണം കേരളത്തില്‍ ആരാധിക്കപ്പെടും. അയ്യപ്പസ്വാമിയും ശബരിമലയും. സുപ്രീംകോടതിയെയല്ല, അഭിമുഖീകരിക്കുക. ചരിത്രത്തിന്റെ ഉയര്‍ന്ന കോടതിയെയാവും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: