ഇടുക്കി: അപകട സാധ്യത മുന്നില്‍ക്കണ്ട് മൂന്ന് മാസം മുമ്പ് അടച്ച മൂന്നാര്‍ പള്ളിവാസലിലെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി വീണ്ടും വെള്ളമൊഴുക്കുന്നു. പെന്‍സ്റ്റോക്ക് പൈപ്പിന് താഴെയുള്ള മീന്‍കെട്ട്, ചിത്തിരപുരം പ്രദേശത്തെ ആയിരക്കണക്കിന് ആളുകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നവംബര്‍ 17ന് ആകെയുള്ള നാല് പെന്‍സ്റ്റോക്കുകളില്‍ ചോര്‍ച്ച കൂടുതലുള്ള രണ്ടെണ്ണം അടച്ചത്.
1940ല്‍ കമ്മീഷന് ചെയ്ത കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. 80 വര്‍ഷം മുമ്പ് സ്ഥാപിച്ച രണ്ട് വീതം ചെറുതും വലുതുമായ പെന്‍സ്റ്റോക്ക് പൈപ്പുകളാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ളത്.
യാതൊരു മുന്നറിയിപ്പും കൂടാതെ ജനവാസ മേഖലകളിലൂടെയുള്ള ജലപ്രവാഹം പുനഃസ്ഥാപിച്ചതില്‍ പ്രതിഷേധം ശക്തം. അതേസമയം, പൈപ്പുകള്‍ തുറന്നിട്ടുണ്ടോയെന്ന നാട്ടുകാരുടെ ചോദ്യത്തില്‍ നിന്ന് പവര്‍ഹൗസ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണ്. തുരുമ്പെടുക്കാതിരിക്കാന്‍ വെള്ളം നിറച്ചതാണെന്നാണ് സ്ഥലവാസികളുടെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടി. 550 മീറ്ററിലധികം ഉയരത്തില്‍ നിന്ന് വരുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ വെള്ളം നിറച്ചാല്‍ ഇത് അന്തരീക്ഷ മര്‍ദത്തിന്റെ 55 മടങ്ങോളം വരും. ഏത് നിമിഷവും എന്തും സംഭവിക്കാമെന്നിരിക്കെ പൈപ്പുകളുടെ ചോര്‍ച്ചയടയ്ക്കാന്‍ കെഎസ്ഇബി ക്ലാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ ജലവിതരണ പൈപ്പുകളില്‍ ചോര്‍ച്ചയടയ്ക്കാന്‍ ഉപയോഗിക്കുന്ന തരം ക്ലാമ്പുകളാണ് ഇത്രയും മര്‍ദം കൂടിയ പൈപ്പുകളിലും ഉപയോഗിക്കുന്നത്. 2016ലുണ്ടായ പന്നിയാര്‍ ദുരന്തമോര്ത്തെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ഇത്തരത്തില്‍ വെള്ളം ഒഴുക്കിയിട്ടില്ലെന്നും ഇൗ പെന്‍സ്റ്റോക്കുകള്‍ വഴിയുള്ള വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ് കെഎസ്ഇബി ജനറേഷന് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 37.5 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് പള്ളിവാസലിലുള്ളത്. ഇതില്‍ ഇപ്പോള്‍ നാല് ജനറേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: