കാസര്‍കോഡ് ജില്ലയിലെ പെരിയ ഇരട്ടക്കൊല കേസില്‍ പിടിയിലായ പീതാംബരന്റെ കുടുംബത്തോട് സിപിഎം പറഞ്ഞതാണ് ആ പാര്‍ട്ടിയെ സംബന്ധിച്ച പൊതുനിയമം; എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം. അതെ, എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും. ആരെ, എങ്ങനെ, എവിടെവച്ച് കൊല്ലണമെന്നും ആരു പ്രതിയാകണമെന്നും ആരൊക്കെ ശിക്ഷിക്കപ്പെടണമെന്നും പാര്‍ട്ടിക്കറിയാം. പ്രതിയെയും കുടുംബത്തെയും എങ്ങനെ സംരക്ഷിക്കണമെന്നും അറിയാം. പിടിക്കപ്പെടുന്നവനും കിട്ടും പാര്‍ട്ടിയുടെ സംരക്ഷണകവചം. അതാണ് സിപിഎം മോഡല്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണം പെരിയയില്‍ കാണാം.
ഒരു കാര്യമേയുള്ളു. പാര്‍ട്ടി ഉപദേശിക്കുന്നത് മാത്രമേ പുറത്ത് പറയാവൂ. അത് മാത്രമേ പറയാന്‍ അനുവദിക്കൂ. തിരിഞ്ഞുനിന്നാല്‍ ആദ്യം പ്രലോഭനം, പിന്നെ ഭീഷണി. എങ്ങനെയും വരുതിക്ക് നിര്‍ത്തും.
പെരിയ സംഭവവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണല്ലോ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. അതേസമയം, കൊലനടത്തിയത് പീതാംബരനാണെങ്കില് അത് പാര്‍ട്ടി പറഞ്ഞിട്ടാവും എന്ന് പീതാംബരന്റെ ഭാര്യയും മകളും ഉറപ്പിച്ച് പറഞ്ഞു. തൊട്ടുപിന്നാലെ പാര്ട്ടിക്കാര് വീട്ടിലെത്തി. അതോടെ കുടുംബത്തിന്റെ നിലപാട് മയപ്പെട്ടു. പാര്‍ട്ടിസെക്രട്ടറി പറഞ്ഞ അതെ ലൈനിലായി അവരുടെ നിലപാടും. പക്ഷെ തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന് പാര്‍ട്ടി പറയും. കൊന്നതും കൊല്ലിച്ചതും ഒന്നും പാര്ട്ടിയല്ലത്രേ. മുകളില്‍നിന്ന് അരുളിച്ചെയ്യുന്നത് അപ്പടി അനുസരിക്കുന്ന അണികള്‍ക്ക് പെെട്ടന്ന് ഉള്‍വിളിയുണ്ടായാല്‍ പാര്‍ട്ടി എന്ത് ചെയ്യും? കൊല്ലപ്പെടുന്നതൊക്കെ പാര്‍ട്ടിയുടെ നോട്ടപ്പുള്ളികളാണെന്നത് യാദൃശ്ചികം മാത്രം. തുരുമ്പെടുത്ത ഒരു വാള്‍കൊണ്ട് ഇത്രമാത്രം വെട്ടുവെട്ടാനാകുമോ എന്ന് ചോദിക്കരുത്. അതൊന്നും പാര്‍ട്ടിക്ക് അറിയില്ല.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശക്തമായ നടപടികളുണ്ടായതും കേസ് മുന്പോട്ടുപോയതും അന്ന് ഭരണകക്ഷി സിപിഎം അല്ലാതിരുന്നതുകൊണ്ടാണ്. പ്രതികളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിശൈലി അന്ന് നടക്കാതെ പോയി. കൊടിസുനി അടക്കം പിടിയിലായി. പക്ഷെ ഭരണം മാറിയപ്പോള്‍ കൊടിസുനി ജയിലിലെ രാജാവായി. കുഞ്ഞനന്തനും പ്രത്യേക പരിഗണനയാണ്. അയാള്‍ പുറത്തിറങ്ങി വിലസാത്തത് കോടതിയുടെ ശക്തമായ ഇടപെടല്‍കൊണ്ടുമാത്രമാണ്. സിപിഎം എല്ലാം ശരിയാക്കും, അവരുടെ ഗൂഢസംഘങ്ങള്ക്കുവേണ്ടി. അതൊക്കെക്കണ്ട് പൊതുജനം മോഹിച്ചിട്ടു കാര്യമില്ല. അവരുടെ ഒരുകാര്യവും പാര്‍ട്ടി ശരിയാക്കിത്തരില്ല. അത് പാര്‍ട്ടിനയമല്ല. കാരണം പാര്‍ട്ടിക്ക് അവരെക്കൊണ്ടു പ്രയോജനമില്ല.
മനസ്സാക്ഷിയെ പിടിച്ചുലച്ച ഈ കേസിലെ സൂത്രധാരന്മാരും ഇതുപോലെ വിലസി നടക്കും. പിടിയിലായവര്‍ ജയിലിലും വിലസും. ഭരിക്കുന്നത് അവരുടെ പാര്‍ട്ടിയാണല്ലോ. പക്ഷെ, പൊതുജനത്തെ സംബന്ധിച്ച് ചോരയുടെ ഗന്ധമാണീ ഭരണത്തിന്. ഷേക്സ്പിയറുടെ ഒരു കഥാപാത്രം പറഞ്ഞതുപോലെ, ഏഴു സമുദ്രങ്ങളിലെ ജലവും മതിയാകില്ല ആ കറ കഴുകിക്കളയാന്‍. കേസ്സ് ഏതായാലും ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണല്ലോ. എങ്കില്പിന്നെ, പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സിബിഐയെതന്നെ ഏല്‍പ്പിച്ചുകൂടേ. ഒരു കറയെങ്കിലും കഴുകിക്കളയാന്‍ അവര്‍ക്ക് ആകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: