കൊല്ലം: തെളിവുകളും ജനവികാരവും എതിരായതോടെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ അടക്കം പോലീസ് വലയിലാക്കിയ സാഹചര്യത്തിലാണ് ഇവരെ തള്ളിപ്പറഞ്ഞ് തലയൂരാന്‍ കൊടിയേരി ശ്രമിച്ചത്. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ടിപി വധക്കേസിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പ്രതികളായ നേതാക്കളെ സംരക്ഷിക്കാനും അദ്ദേഹം മറന്നില്ല. ഇവയെ രാഷ്ട്രീയ പ്രേരിതമായി വരച്ച് കാട്ടാനാണ് കോടിയേരി ശ്രമിച്ചത്. പെരിയ ഇരട്ടക്കൊലയ്ക്കു ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് ശ്രമിക്കരുത്. ഇക്കാര്യം പാര്‍ട്ടി ഘടകങ്ങളെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണ പിന്തുണ നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. പി.കെ. കുഞ്ഞനന്തന് ടിപി വധക്കേസില്‍ യാതൊരു പങ്കുമില്ലെന്ന് വരുത്തിതീര്‍ക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി മറന്നില്ല.
കുഞ്ഞനന്തനെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരില്‍ പൊലീസ് നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞനന്തനെ കേസില്‍ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. കുഞ്ഞനന്തനെ ഗൂഢാലോചനക്കുറ്റം ചുമത്തി ടിപി വധക്കേസില്‍ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടിക്ക് പൂര്‍ണബോധ്യമുണ്ട്. ഒരു പാര്‍ട്ടി അംഗത്തെ കേസില്‍ കുടുക്കിയാല്‍ അത് ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്.
കെ. കരുണാകരനും കെ. സുധാകരനും ആര്യാടന് മുഹമ്മദും കൊലപാതകക്കേസില്‍ പ്രതിയായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
കൊടി സുനി പാര്‍ട്ടി അംഗമല്ല. ചിലര്‍ക്ക് ചില പേരുകൊടുത്ത് അവരെ പാര്‍ട്ടി നേതാക്കളായി സ്ഥാപിക്കരുത്. പേരിന്റെ കൂടെ കൊടി എന്നുണ്ടെങ്കില്‍ പാര്‍ട്ടി നേതാവാകുമോ എന്നും കോടിയേരി ബാലകൃഷ്ണന് ചോദിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കാന്‍ ഒരു വാദഗതിയും സിപിഎം ഉന്നയിക്കില്ലെന്നും കോടിയേരി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് പാര്‍ട്ടിക്കാരാണെങ്കിലും പോലീസ് ശക്തമായ നടപടി സ്വീകരിക്കും. നയാപൈസയുടെ വിവരമില്ലാത്തവര്‍ നടത്തിയ കൊലപാതകമാണ് കാസര്‍കോട് നടന്നതെന്നും സിപിഎമ്മുകാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: