സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ഭരണം ആയിരം ദിവസം തികഞ്ഞ ആഹ്ലാദത്തിലാണ്. ആയിരം ദിവസത്തിനിടയില്‍ അവരുടെ കൊലക്കത്തിക്ക് ഇരയാകേണ്ടിവന്നവരെല്ലാം മരണപ്പെട്ടിരുന്നെങ്കില്‍ ആയിരം ദിവസത്തിനിടയില്‍ ആയിരം പേരെ കൊലപ്പെടുത്തിയതിലും ആഹ്ലാദിക്കാമായിരുന്നു. അവരുടെ മനസ്സിനനുസരിച്ച് ആഘോഷത്തിന് മാറ്റുകൂടുമായിരുന്നു. സംസ്ഥാനത്താകെ സിപിഎമ്മിന്റെ കഠാരരാഷ്ട്രീയത്തിന് ഇരയാകേണ്ടിവന്നവരുടെ എണ്ണം നൂറുകണക്കിനാണ് വീടുകളും വാഹനങ്ങളും തകര്‍ത്തതിന്റെ കണക്ക് വേറെയുമുണ്ട്. കൊന്നും കൊലവിളിച്ചും ഓരോ ദിവസവും നടത്തിക്കൊണ്ടാണ് അവര്‍ ഭരണത്തില്‍ തുടരുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായി ഭരണം തുടങ്ങിയതിനുശേഷം 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. 2016 മേയ്ക്ക് ശേഷം മാത്രം ഒന്‍പത് കൊലപാതകങ്ങളുണ്ടായി. 2017ല്‍ അഞ്ച് കൊലപാതകങ്ങളുണ്ടായതില്‍ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്താണ്. 2018 ല്‍ നാലുപേരെയാണ് കൊന്നത്. 2019 ഫെബ്രുവരിയിലേതാണ് നിഷ്ഠൂരമായ രണ്ടു കൊലപാതകങ്ങള്‍. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ ഞായറാഴ്ച രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊന്നുകൊണ്ടാണ് പുതുവര്‍ഷം ആഘോഷമാക്കിയത്. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാക്കി എഫ്ഐആര്‍ എടുത്തിട്ടുണ്ട്. ശരത്തിനോടും കൃപേഷിനോടും സിപിഎമ്മുകാര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രാദേശിക നേതാക്കള്‍ക്ക് ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും എഫ്ഐആറില്‍ പറഞ്ഞു.
ഇരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. കൊടുവാള് പോലെയുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിക്കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കൃപേഷിന്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ്. വെട്ടേറ്റു തലച്ചോര്‍ പിളര്‍ന്നു. ശരത്ലാലിന്റെ ശരീരത്തില്‍ 15 വെട്ടുണ്ട്. ഇതില്‍ രണ്ട് വെട്ടുകള്‍ മരണകാരണമായതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ഇടതു നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തിലുള്ള മുറിവാണ് ഒന്ന്. വലതു ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ട് രണ്ടാമത്തേത്. മുട്ടിന് താഴെ മാത്രം അഞ്ചിടത്തു വെട്ടേറ്റു. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന് രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍. കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്റിമീറ്റര്‍ നീളത്തിലും രണ്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള വെട്ടേറ്റു തലയോട്ടി തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശരത് മരിച്ചത്. ആയുധപരിശീലനം ലഭിച്ചവരോ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഇത്രത്തോളം മുറിവേല്‍പ്പിച്ച് കൊല്ലാന്‍ സിപിഎം ആക്രമികള്ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അവരുടെ ക്രൂരതയുടെ മുഖമാണ് ടി.പി.ചന്ദ്രശേഖരന് വധത്തിലും കതിരൂര്‍ മനോജ് വധത്തിലും സുഹൈബിന്റെ കൊലയിലും കണ്ടത്. ഇവരുടെ ചരമവാര്‍ഷികത്തില്‍ സ്തൂപം തകര്‍ത്തും മരണപ്പെട്ടസ്ഥലത്ത് പട്ടിയുടെ തലവെട്ടിയിട്ടും ബോംബെറിഞ്ഞുമാണവര്‍ ആഘോഷിച്ചത്. ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകം പലകുറി ചര്‍ച്ച ചെയ്തതാണ്. സിപിഎമ്മിന്റെ അക്രമം മൃഗീയമെന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിക്കും. മൃഗങ്ങള്‍ക്ക് പോലും ഇങ്ങനെ പൈശാചികമായി പെരുമാറാനറിയില്ല.
പതിവുപോലെ സിപിഎം അപലപിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. പ്രതികള്‍ പാര്‍ട്ടിക്കാരല്ലെന്നും തെളിവ് കിട്ടിയാല്‍ കര്‍ശന നടപടിയെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവിച്ചിരിക്കുന്നു. ഭീകരര്‍ പോലും അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്. ആദ്യം തള്ളിപ്പറയുന്ന സിപിഎം പിന്നീട് പ്രതികളെ സംരക്ഷിക്കുന്ന കാഴ്ചയാണുണ്ടാകാറ്. വക്കീലിനെ നിയോഗിക്കുന്നതും ജയിലിലെത്തിയാല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്നതും പാര്‍ട്ടിയായിരിക്കും. സിപിഎം അക്രമത്തിന് ഇരയാകുന്നത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെങ്കില്‍ നിശബ്ദത പാലിക്കുകയോ കൊല്ലപ്പെട്ടവരെ അപമാനിക്കുകയോ ചെയ്യുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നെഞ്ചത്തടിച്ച് കേഴുകയാണ്. പക്ഷേ, ഇന്ന് കാണിക്കുന്ന ആവേശം നാളെ കാണുമോ? സുഹൈബ് വധിക്കപ്പെട്ടപ്പോഴും ഇതൊക്കെ കണ്ടതല്ലേ. മാത്രമല്ല, പുതിയ ബാന്ധവത്തിന് മുഹൂര്‍ത്തം കുറിച്ചിരിക്കുകയുമാണല്ലോ കോണ്‍ഗ്രസ്. പശ്ചിമബംഗാളില്‍ അണിയറയില്‍ തയാറാക്കിയ ചങ്ങാത്തം അരങ്ങത്തേക്ക് എത്തിക്കുകയാണല്ലോ. കേരളത്തില്‍ ബിജെപി ജയിക്കാതിരിക്കാന്‍ അടവുനയം പ്രയോഗിക്കാനും നിശ്ചയിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായിട്ടല്ലെ രണ്ടു ചെറുപ്പക്കാരെ തുണ്ടംതുണ്ടമായി കൊന്നിട്ടും പ്രതികള്‍ സിപിഎമ്മുകാരെന്ന് പോലീസ് എഫ്ഐആര്‍ എടുത്തിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സിപിഎമ്മിനെ ആക്ഷേപിക്കാതിരുന്നത്? ഈ കാപട്യം കോണ്‍ഗ്രസിന് ഏറെക്കാലം തുടരാനാവില്ല. അണികള്‍ അത് തിരിച്ചറിയുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: