തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന ബാങ്കായ കേരളബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍. ജില്ലാ സഹകരണ ബാങ്കുകളെ തങ്ങളുടെ വരുതയിലാക്കി കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ ബാങ്ക് രൂപീകരണം നീളാന്‍ സാധ്യത.
ജില്ലാ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് തീരുമാനം എടുക്കുന്നതിനായി് ഇന്നലെ വിളിച്ചു ചേര്‍ക്കാനിരുന്ന പൊതുയോഗം അവസാന നിമിഷം റദ്ദാക്കി. ജില്ലാ സഹകരണ ബാങ്കില്‍ അംഗ്വതം എടുത്തിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളെയാണ് യോഗത്തിലേക്ക് വിളിച്ചത്.
ലയനം സാധ്യമാക്കാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണമെന്ന നിയമം ഭേദഗതി ചെയ്ത് യോഗത്തില്‍ പങ്കെടുക്കുന്നവരുടെ മൂന്നില്‍ രണ്ട് എന്നാക്കിയ ശേഷമായിരുന്നു പൊതുയോഗത്തിന് നോട്ടീസ് നല്‍കിയത്. യോഗത്തിന് 14 ദിവസത്തിനു മുമ്പ് നോട്ടീസ് നല്‍കണം എന്ന നിയമവും പാലിച്ചില്ല. ഇത് ചോദ്യം ചെയ്ത് ചില സംഘങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കോടതി തീരുമാനം എതിരാകുമെന്ന് ഭയന്നാണ് യോഗം അടിയന്തരമായി റദ്ദാക്കിയത്.
പൊതുയോഗം കൂടുന്നതിനെതിരെ നബാര്‍ഡും ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്കി. ജില്ലാ സഹകരണ ബാങ്കില്‍ പാക്സ് സഹകരണ സംഘങ്ങളെ കൂടാതെ ക്രഡിറ്റ് സംഘങ്ങള്‍, ഹൗസിംഗ്, മില്‍മ തുടങ്ങിയ മേഖലകളിലെ സംഘങ്ങളും അംഗത്വം എടുത്തിട്ടുണ്ട്. ഇവരെ ഒഴിവാക്കി പൊതുയോഗം കൂടുന്നതിനെതിരെ ചില സംഘങ്ങള്‍ നബാര്‍ഡിനെ സമീപിച്ചു.
അംഗത്വം എടുത്തിട്ടുള്ളതും പ്രവര്‍ത്തന ക്ഷമമായിട്ടുള്ള എല്ലാ സംഘങ്ങളെയും പൊതുയോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് നബാര്‍ഡ് ആവശ്യപ്പെട്ടു. നബാര്‍ഡും കടുത്ത നിലപാട് എടുത്തതോടെ കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിലായി. കേരളബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. മാര്‍ച്ച് 31ന് മുമ്പ് ഇവ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് കേസുകളൊന്നും പാടില്ല എന്നായിരുന്നു പ്രധാന നിര്‍ദേശം.
നിലവില്‍ ഹൈക്കോടതിയില്‍ ലയനം സംബന്ധിച്ച ഹര്‍ജികള്‍ നിലനില്ക്കുന്നു. കൂടാതെ നബാര്‍ഡിന്റെ കടും പിടുത്തവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ കേരള ബാങ്ക് രൂപീകൃതമാകുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മൂന്നാം വാര്‍ഷികാഘോഷത്തിലും കേരള ബാങ്ക് രൂപീകൃതമാകില്ലെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: