കൊച്ചി: രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ബൗദ്ധികമുന്നേറ്റം ഉയരേണ്ട കാലമാണിതെന്ന് പ്രശസ്ത കവിയും സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. മകരന്ദ് ആര്. പരഞ്ജപെ. അതിന് ഭാരതീയ സംസ്കൃതി നിലനില്‍ക്കുന്നത് ലോകത്തിന് വേണ്ടിയാണെന്ന ബോധ്യം പുതിയ തലമുറയ്ക്കുപകരാന് നമുക്ക് കഴിയണം.
പ്രകൃതിയെ പൂര്‍ണമായും ചൂഷണം ചെയ്യുന്ന കമ്പോള സംസ്കാരത്തിന് പകരം പ്രകൃതിയെ ആരാധിക്കുന്ന ഹൈന്ദവ സംസ്കാരം നിലനില്‍ക്കണം. അതിന് ഭാരതം ശക്തമാകണം. ദുര്‍ബ്ബലമായ ഭാരതമാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നതെന്ന് നമ്മള് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തപസ്യ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടന്ന എം.എ. സാര്‍ (എം.എ. കൃഷ്ണന്) നവതി സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ജയിക്കാന്‍ ബൗദ്ധികമുന്നേറ്റം അനിവാര്യമാണ്. യുദ്ധം അതിര്‍ത്തിയില്‍ മാത്രമല്ല. സാംസ്കാരിക അധിനിവേശത്തിനെതിരായ പോരാട്ടവും യുദ്ധമാണ്. അതില്‍ വിജയിക്കുന്നതിന് ആത്മബോധം മാത്രമല്ല ശത്രുവിനെക്കുറിച്ചുള്ള ബോധവും അനിവാര്യമാണ്. ഇവിടെ വിജയിച്ചാല്‍ എവിടെയും ജയിക്കാം എന്നതാണ് സാഹചര്യം.
അന്‍പത് കൊല്ലത്തിലേറെ നീണ്ട നെഹ്റു ഭരണത്തിലൂടെ ഹിന്ദു വിരുദ്ധ ബൗദ്ധിക കാലാവസ്ഥയാണ് സൃഷ്ടിച്ചത്. സര്‍വകലാശാലകളിലും മാധ്യമങ്ങളിലുമൊക്കെ അതിന്റെ പ്രതിഫലനം ശക്തമാണ്. ഹിന്ദു എന്നത് അപശബ്ദമായിപ്പോലും കരുതുന്ന ഒരുവിഭാഗം ആളുകള്‍ അതുമൂലം സൃഷ്ടിക്കപ്പെട്ടു. ഹിന്ദുവിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും സംസാരിക്കുന്നവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന ‘ഇല്ലിബറല്‍ ലിബറലിസമാണ്’ അവര്‍ നടപ്പാക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ അവര്‍ ഹിന്ദു സമൂഹത്തെ വിഭജിച്ച് ദുര്‍ബ്ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക പോരാളിയെന്ന വിശേഷണമാണ് എം.എ സാറിന് ചേരുന്നതെന്ന് പരഞ്ജപെ ചൂണ്ടിക്കാട്ടി. വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി. സംസ്കാര്‍ ഭാരതി സ്ഥാപകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ ബാബ യോഗേന്ദ്രജി എം.എ. സാറിനെ അനുമോദിച്ചു. തപസ്യയുടെ വഴിയില്‍ സഞ്ചരിച്ചാണ് സംസ്കാര്‍ ഭാരതിയെന്ന ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയതെന്ന് യോഗേന്ദ്രജി പറഞ്ഞു.
കേരളത്തിലെ ഗ്രാമങ്ങളില്‍ കൃഷ്ണനാമങ്ങളിലൂടെ വലിയ മാറ്റം സൃഷ്ടിച്ച എം.എ സാറാണ് ദേശമൊട്ടാകെയുള്ള സാംസ്കാരിക ഏകീകരണത്തിന് വഴികാട്ടിയായത്. അസ്വസ്ഥതകള്‍ നിറഞ്ഞ നാഗാലാന്‍ഡ്, അസം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എം.എ സാര്‍ കേരളത്തില്‍ സൃഷ്ടിച്ച ചലനം മാതൃകയായി.
നാഗാലാന്‍ഡിലെ 13 ജനജാതിയില്പ്പെട്ട നാനൂറോളം കലാകാരന്മാര് അവതരിപ്പിച്ച കൃഷ്ണലീലകള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കെ. വാമനന്, പി.കെ. രാമചന്ദ്രന്, ആര്. സഞ്ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: