ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണമാണ് പാക്ക് ഭീകരര്‍ പുല്‍ഭാമയില്‍ നടത്തിയത്. 41 ധീരജവാന്മാരുടെ ജീവന് നഷ്ടപ്പെട്ട സംഭവത്തെ ഒട്ടുമിക്ക രാജ്യങ്ങളും അപലപിച്ചു. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നതിന് ഇന്ത്യക്ക് അമേരിക്ക ഉള്‍പ്പെടെ പലരാജ്യങ്ങളും പിന്തുണനല്‍കി. ഇറാന്, ഇറാഖ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളും പാക്കിസ്ഥാന് ഭീകരരെ ഉത്പാദിപ്പിച്ച് അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നതിനെതിരെ താക്കീതും നല്കി.
ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടാണ് പാക്കിസ്ഥാന് സ്വീകരിക്കുന്നത്. പാക്കിസ്ഥാനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നതിന് എന്തുതെളിവാണ് ഇന്ത്യയിലുള്ളതെന്ന് അവര്‍ അവര്‍ത്തിക്കുകയാണ്. ഇന്ത്യയും മാധ്യമങ്ങളും കള്ളപ്രചരണം നടത്തുകയാണെന്ന ആക്ഷേപം ഉന്നയിക്കാന്‍ പാക്കിസ്ഥാന് തയ്യാറായിരിക്കുന്നു. അരിയും തിന്നു, അമ്മയേയും കടിച്ചു. പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നപോലെയാണ് അവരുടെ പെരുമാറ്റം.
തെമ്മാടി രാജ്യമാണ് പാക്കിസ്ഥാനെന്ന് പണ്ടേക്കുപണ്ടേ തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രമേയം പാസാക്കിയത്. ആ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളെ ആരേയും അയയ്ക്കാത്ത സിപിഎം നാടാകെ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് ഏത് രാജ്യത്തിനുവേണ്ടിയാണ് ശബ്ദിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പാക്കിസ്ഥാനെ കുറ്റപ്പെടുത്താത്ത ഒരേ ഒരു രാജ്യം ചൈനയാണ്. ഇന്ത്യയെ കുറ്റപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയാണ് ചൈന. പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചൈനാ ചാരന്മാരെന്ന് പേരെടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി. ആ കക്ഷി പിളര്‍ന്ന് സിപിഎം നിലവില്‍വന്നപ്പോള്‍ ചൈനയ്ക്ക് വേണ്ടി വിടുപണി ചെയ്യുന്നതാണ് അവരുടെ മുഖ്യതൊഴില്‍. ചൈന ഇന്ത്യന്‍ മണ്ണില്‍ റോഡുവെട്ടാനും നുഴഞ്ഞുകയറാനും അടിത്തിടെ ശ്രമിച്ചപ്പോള്‍ ചൈനയ്ക്കുവേണ്ടി വാദിച്ചവരാണവര്‍. ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു ചൈനയാണെന്ന് പ്രതിരോധമന്ത്രിയായിരിക്കെ ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രസ്താവിച്ചപ്പോള്‍ ഫെര്‍ണാണ്ടസിനെ വേട്ടയാടാന്‍ തയ്യാറായ പാര്‍ട്ടിയും സിപിഎമ്മാണ്.
ഭീകരാക്രമണത്തെ തുടര്‍ന്ന് മൗലാന മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ വീണ്ടും പാടെ തള്ളിയിരിക്കുകയാണ് ചൈന. ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമണത്തെ അതിശക്തമായി അപലപിക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ഒപ്പം എല്ലാസഹകരണങ്ങളും ഭാരതത്തിന് വാഗ്ദാനം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചൈന പാക്കിസ്ഥാന് അനുകൂലമായ മുന്‍നിലപാട് തുടരുന്നത്.
രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയാണ് മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം വിലങ്ങുതടിയാകുന്നതും. പരമാധികാരത്തെയും അഖണ്ഡതയെയും നിരന്തരം വെല്ലുവിളിക്കുന്ന ചൈനയെ പിന്തുണയ്ക്കുന്നതിന് സമമാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ സമീപനം.
നരേന്ദ്രമോദി ഭരണം രാജ്യരക്ഷ അപകടത്തിലാക്കി എന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കൈയില്‍ മറ്റെന്തിനേക്കാളും പരിഗണന രാജ്യസുരക്ഷയ്ക്കാണ്. രാജ്യസ്നേഹം ഇവര്‍ക്ക് കൂടിപ്പോയി എന്നതാണല്ലോ പരാതി. പശുവിന് കിട്ടുന്ന പരിഗണനപോലും സൈനികര്‍ക്ക് നല്‍കുന്നില്ലത്രെ. എവിടെനിന്നാണ് സിപിഎം സെക്രട്ടറിക്ക് ഈ വിവരം ലഭിച്ചതെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. സൈനികമേഖലയ്ക്ക് കൂടുതല്‍ പണവും സൗകര്യവും ഒരുക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവരാണ് സിപിഎം. ഒരേ റാങ്കിന് ഒരേ പെന്ഷന് നടപ്പാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
സൈനികരുടെ ജീവനുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും പറയുന്ന കോടിയേരിയുടെ ഓരോ വാക്കും സൈനികരെയും രാജ്യത്തെയും അവഹേളിക്കുന്നതാണ്. സൈന്യത്തിന്റെ പണി അതിര്‍ത്തിയില്‍ സ്ത്രീകളെ പിടിക്കലാണെന്ന് നേരത്തെ കുറ്റപ്പെടുത്തിയ പാര്‍ട്ടിക്ക് സൈന്യവും അവരുടെ കുടുംബാംഗങ്ങളും മറുപടി നല്കാതിരിക്കില്ല. പാക്കിസ്ഥാന്റെ സ്വരവുമായി കേരളത്തില്‍ നടക്കുന്നതിന്റെ ലക്ഷ്യം വേറെയാണ്. സദ്ദാംഹുസൈനെ വിറ്റ് വോട്ടാക്കിയ ഇഎംഎസിന്റെ തന്ത്രം പയറ്റാമെന്ന കോടിയേരിയുടെ ലക്ഷ്യം ഫലിക്കാന്‍ പോകുന്നില്ലെന്ന് തിരിച്ചറിയുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: