തൃശൂര്‍: കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.സി. വേണുഗോപാലെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്ക് പരാതി. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഹൈക്കമാന്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള നേതാക്കള്‍ക്കാണ് കെ.സിയുടെ ഇടപെടല്‍ തലവേദനയാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലുമായി വളരെ അടുപ്പമുള്ള വേണുഗോപാലാണ് ഇപ്പോള്‍ കേരളത്തിലെ സീറ്റു നിര്‍ണയത്തില്‍ അവസാനവാക്കെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്.
എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്കും കേന്ദ്ര ഓഫീസില്‍ കെ.സി ശക്തനാകുകയാണ്. സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകള്‍ വേണുഗോപാലിന്റെ ഇടപെടലില്‍ ആശങ്കയിലാണ്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന വേണുഗോപാല്‍ ഇപ്പോള്‍ ഐ ഗ്രൂപ്പ് നേതൃത്വത്തേയും വിലവെക്കുന്നില്ല എന്നാണ് പരാതി. ഹൈക്കമാന്‍ഡുമായുള്ള അടുപ്പത്തിലൂടെ കേരളത്തില്‍ സീറ്റ് തരപ്പെടുത്തിയിരുന്ന കെ.വി. തോമസ്, പി.സി. ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നില ഇക്കുറി പരുങ്ങലിലാണ്. ഇവരെ വെട്ടാനുള്ള നീക്കത്തിന് പിന്നിലും വേണുഗോപാലാണെന്ന് പറയുന്നു.
എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കെ.വി. തോമസ് ഇപ്പോള്‍ ഒരു ചുവട് പിന്നിലേക്ക് മാറിയത് ഈ നീക്കം മുന്നില്‍ക്കണ്ടാണ്. വേണുഗോപാലിനെ മറികടന്ന് സോണിയയെ കണ്ട് സീറ്റ് തരപ്പെടുത്താനുള്ള നീക്കത്തിലാണ് അദ്ദേഹം. മുന്‍പ് കേരള നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തപ്പോഴും കെ.വി. തോമസിന് സീറ്റ് നല്‍കിയത് സോണിയയായിരുന്നു. ഇതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി പോലും ഹൈക്കമാന്‍ഡിനോട് ഇടയുകയുമുണ്ടായി. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന പി.സി. ചാക്കോ ഇപ്പോള്‍ സീറ്റിനായി ശക്തമായ സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്. തൃശൂരോ ചാലക്കുടിയോ നോട്ടമിട്ടാണ് ചാക്കോയുടെ ശ്രമം. തൃശൂരില്‍ സഭയുടെ എതിര്‍പ്പ് ദുര്‍ബലമായ സാഹചര്യമാണ് വീണ്ടും കളത്തിലിറങ്ങാന്‍ ചാക്കോയെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ചാക്കോക്കു വേണ്ടി ചാലക്കുടി വിട്ടുകൊടുത്ത കെ.പി. ധനപാലന് തൃശൂരില്‍ മത്സരിച്ച് വന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ഇക്കുറി ചാലക്കുടി വേണമെന്ന് പരസ്യമായി ധനപാലന് ആവശ്യപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ചാക്കോയ്ക്കുവേണ്ടി അന്ന് സോണിയയുടെ താത്പര്യപ്രകാരം ഇടപെട്ടത് എ.കെ. ആന്റണിയായിരുന്നു.
എന്നാല്‍ ഇക്കുറി ആന്റണിയും ദുര്‍ബലനാവുകയാണ്. കേരളത്തിലെ കാര്യങ്ങളില്‍ സോണിയ അവസാനവാക്കായി എടുത്തിരുന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. എന്നാല്‍ ആന്റണിക്ക് രാഹുല്‍ അത്ര പ്രാധാന്യം നല്‍കുന്നില്ല. ഗ്രൂപ്പിനതീതമായി ആന്റണിയുടെ കാരുണ്യത്തില്‍ സീറ്റ് തരപ്പെടുമെന്ന് വിചാരിച്ചിരുന്ന നേതാക്കള്‍ക്കും ഇത് തിരിച്ചടിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: