ന്യൂദല്‍ഹി: ഭീകരത ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പോരാട്ടത്തിന് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. പുല്‍വാമയിലെ പാക് ഭീകരാക്രമണത്തെ അപലപിച്ച യോഗം തുടര്‍നടപടികളില്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. പാക്കിസ്ഥാനെ വിമര്‍ശിച്ച് പാസാക്കിയ പ്രമേയം ഭീകരര്‍ക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്നും ലഭിക്കുന്ന പിന്തുണയെ അപലപിക്കുന്നതായി വ്യക്തമാക്കി. ഭീകരത തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്നാഥ് സിങ്ങ് വിശദീകരിച്ചു.
മുപ്പത് വര്‍ഷത്തിലേറെയായി ഇന്ത്യ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരത നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്ന ശക്തികള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്നും എല്ലാവിധ പ്രോത്സാഹനങ്ങളും ലഭിക്കുന്നു. ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ എക്കാലവും ദൃഢതയും ധൈര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരതയെ നേരിടാന്‍ രാജ്യം ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ഭീകരത തുടച്ചുനീക്കാനുമുള്ള പോരാട്ടത്തില്‍ സൈന്യത്തിനൊപ്പം അടിയുറച്ച് നില്ക്കുന്നു, പ്രമേയം വിശദീകരിച്ചു.
ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ (കോണ്‍ഗ്രസ്), രാം വിലാസ് പാസ്വാന് (എല്‍ജെപി), ഡറിക് ഒബ്രിയാന് (തൃണമൂല്‍), സഞ്ജയ് റൗട്ട് (ശിവസേന), ജിതേന്ദ്ര റെഡ്ഡി (ടിആര്‍എസ്), ഡി. രാജ (സിപിഐ), ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), നരേഷ് ഗുജ്റാള്‍ (അകാലിദള്‍), ഉപേന്ദ്ര കുശ്വാഹ (ആര്‍എല്‍എസ്പി), ടി.കെ. രംഗരാജന്, ജിതേന്ദ്ര ചൗധരി (സിപിഎം) തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. മിന്നലാക്രമണത്തിന് ശേഷം സംഭവം വിശദീകരിക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ ഭീകരാക്രമണ വിഷയത്തില്‍ അഭിപ്രായം തേടുന്നതിനായി ആദ്യമായാണ് സര്‍വകക്ഷിയോഗം നടന്നത്.
ഭീകരരോട് സഹിഷ്ണുതയില്ലെന്നും സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. സമാധാനം ആഗ്രഹിക്കുന്ന കശ്മീര്‍ ജനത സര്‍ക്കാരിനൊപ്പമുണ്ട്. ഭീകരരെ സംരക്ഷിക്കുന്നവരെയും വെറുതെ വിടില്ല. അദ്ദേഹം വ്യക്തമാക്കി. തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ക്കിടെ രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ ഇന്നലെ ഉന്നതതല യോഗവും നടന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, റോ മേധാവി എ.കെ. ധസ്മാന, ഇന്റലിജന്റ്സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: