ഇടുക്കി: പ്രകൃതിദുരന്തവും പ്രളയവും കഴിഞ്ഞ് ഇന്ന് ആറ് മാസം പൂര്‍ത്തിയാകുമ്പോഴും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നതായി പരാതി. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ട ജില്ലയാണ് ഇടുക്കി. ഉരുള്‍പൊട്ടലില്‍ മാത്രം 49 പേര് മരിച്ചു. ജില്ലയിലെ ദുരന്തത്തിന്റെ നേര്‍ചിത്രങ്ങള്‍ പോലും വെള്ളമിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകത്തെത്തിയത്.
വീടുകള്‍ തകര്‍ന്നതിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥരെത്തി ശേഖരിച്ച് ജിയോ ടാഗിങ് നടത്തിയാണ് സഹായം നല്‍കുന്നത്. ഇത്തരത്തില്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റുകള്‍ സാധാരണയായി മാറുകയാണ്. ഇതോടെ അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗവും ഇതില്‍ നിന്ന് പുറത്തായി. പരാതിയുമായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെത്തി വീണ്ടും പരിശോധന നടത്തും. അര്ഹതപ്പെടാത്തവരെ ലിസ്റ്റില്‍ തിരുകിക്കയറ്റിയ സംഭവങ്ങളും പുറത്തുവരുന്നുണ്ട്.
അടുത്തിടെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജില്ലയില്‍ നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടത്ത് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെ ഇവരുടെ പ്രശ്നത്തില്‍ അധികൃതര്‍ ഇടപെട്ട് വീട് നിര്‍മ്മിക്കുന്നതിനായി നാല് ലക്ഷം അനുവദിച്ചു. ഓഫീസുകളില്‍ സഹായത്തിനായി കയറിയിറങ്ങി അവസാനം സഹികെട്ട് സ്വന്തം വൃക്ക വിറ്റ് കൈക്കൂലി നല്കാന് തയ്യാറായ വെള്ളത്തൂവല്‍ സ്വദേശി ജോസഫിന്റെ സംഭവവും വാര്‍ത്തയായതിന് പിന്നാലെയാണ് അധികൃതര്‍ സഹായവുമായി എത്തുന്നത്. ഈ പഞ്ചായത്തില്‍ മാത്രം 20 കുടുംബങ്ങളാണ് ഇനിയും സഹായം ലഭിക്കാതെ ഉള്ളത്.
സാധാരണക്കാരില്‍ ഏറെയും അധിവസിക്കുന്നതും ഭൂപ്രകൃതികൊണ്ടും വ്യത്യസ്തമായ മലയോര ജില്ലയുടെ നാശത്തിന്റെ കണക്കില്‍ പോലും വ്യക്തതയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. വീട് തകര്‍ന്നവരില്‍ പലരുടെയും അടുത്ത് ഉദ്യോഗസ്ഥര്‍ ഇതുവരെയും എത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന കാരണം പറഞ്ഞുകൊണ്ടാണിത്. അന്തിയുറങ്ങാന്‍ വീടില്ലാതെ, സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കാതെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഇനിയും ജില്ലയിലുള്ളത്. ഇവരും ജോസഫിനെ പോലെ കടുംകൈ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ സഹായമെത്തൂ എന്നതാണ് അവസ്ഥ.
പ്രളയത്തില്‍ ജില്ലയില്‍ 1631 വീടുകള്‍ പൂര്‍ണമായും 7627 വീടുകള്‍ ഭാഗികമായും നശിച്ചു. 797 പേരുടെ വസ്തുവകകള്‍ക്ക് നാശം നേരിട്ടതായും 836.46 ഹെക്ടര്‍ വസ്തു നഷ്ടപ്പെട്ടതായുമാണ് കണക്ക്. വിദ്യാഭ്യാസമേഖലയില്‍ അഞ്ചുകോടിയുടെ നഷ്ടം നേരിട്ടു. 11530.64 ഹെക്ടര്‍ കൃഷിഭൂമിയിലുള്ള 67,24,74,110 രൂപയുടെ വിളനാശം നേരിട്ടു, ഇതുമൂലം 30,527 കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടിരുന്നു. ഇത്തരത്തിലൊരു കണക്ക് വിവിധ വകുപ്പുകള്‍ നല്കുമ്പോഴും ഇവയെ കൃത്യമായി പരിഗണിച്ച് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. വീടുകള്‍ക്കുള്ള നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കാന്‍ പോലും തികയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബജറ്റില്‍ ഇടുക്കിയോട് ഉണ്ടായ അവഗണന ഇത് വ്യക്തമാക്കുന്നു. സ്ഥലത്തിന് പട്ടയമില്ലെന്ന പേരിലാണ് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പലര്‍ക്കും സഹായം നല്‍കാതിരിക്കുന്നത്. 80 ശതമാനവും കര്‍ഷകര്‍ മാത്രം അധിവസിക്കുന്ന മലയോര മേഖലയില്‍ ഇത് കൂടി തകര്‍ന്നതോടെ തീരാദുരിതത്തിലാണ് മിക്ക കുടുംബങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: