ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഒരു മുന്നറിയിപ്പാണ്. ഭീകരര്‍ക്കും അവരെ പോറ്റുന്ന പാക്കിസ്ഥാനുമുള്ള കനത്ത മുന്നറിയിപ്പ്. കാശ്മീരിലെ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് തിരിച്ചടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കഴിഞ്ഞു. എവിടെ, എങ്ങനെ, എപ്പോള്‍ എന്ന് അവര്‍ക്കു തീരുമാനിക്കാം. ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന് താങ്ങില്ലെന്നു മുന്‍പ് പ്രതിരോധത്തിന്റെ ചുമതല വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. താങ്ങാനാവാത്ത ആ പ്രഹരത്തിന്റെ ശേഷി അവര്‍ അറിയട്ടെ. ദേശസ്നേഹികളായ ഇന്ത്യക്കാര്‍ ഒന്നടങ്കം നല്കിയ ശാപത്തിന്റെ കരുത്ത് അതിനുണ്ടാകും. ക്ഷമയും മാന്യതയും ബലഹീനതയല്ലെന്നു പാക്കിസ്ഥാനും ഭീകരരും അറിയാനിരിക്കുന്നതേയുള്ളൂ.
ഭീകരം എന്ന വാക്കിന്റെ രൗദ്രഭാവം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു പുല്‍വാമയിലെ ആക്രമണം. നാല്പതിലേറെ സൈനികരുടെ വീരമൃത്യു. സൈന്യത്തിനെതിരായ ഏറ്റവും വലിയ ഭീകരാക്രമണം. ശ്രീനഗര്‍-ജമ്മു ദേശീയപാതയെ കുരുതിക്കളമാക്കിയ ആക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. പാക്കിസ്ഥാനും ഞെട്ടല്‍ രേഖപ്പെടുത്തിയെങ്കിലും അതൊരു കൈകഴുകല്‍ മാത്രമായേ കാണാനൊക്കൂ. ‘മുഹമ്മദിന്റെ സൈന്യം’ എന്ന് അര്‍ഥം വരുന്ന ‘ജയ്ഷെ മുഹമ്മദ്’ എന്ന ഭീകര സംഘടനയാണല്ലോ സംഭവത്തിന് ഉത്തരവാദിത്തം എറ്റെടുത്തത്. ഇതിന്റെ സ്ഥാപകന്‍ തന്നെ കൊടുംഭീകരനായ മസൂദ് അസ്ഹര്‍ എന്ന പാക്കിസ്ഥാന്‍കാരനാണ്. കാശ്മീരിനെ ഇന്ത്യയില്‍ നിന്നു വേര്‍പെടുത്തുകയെന്ന ദൗത്യമാണ് അസ്ഹര്‍ ഏറ്റെടുത്തിരിക്കുന്നത്. അപ്പോഴും പാക്കിസ്ഥാന് ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറും. അത് കള്ളന്മാരുടെ ജന്മസ്വഭാവമാണ്. ജയ്ഷെയുടെ പരിശീലനം സിദ്ധിച്ച കാശ്മീര്‍ സ്വദേശി ആദില്‍ മുഹമ്മദായിരുന്നു ചാവേര്‍. വന്‍സ്ഫോടകശേഖരവുമായി ഒരു വാഹനം സൈനികരുടെ വാഹന വ്യൂഹത്തിലേയ്ക്കു പാഞ്ഞു കയറിയായിരുന്നു ആക്രമണം. പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം ചെന്നെത്തി.
പാക്കിസ്ഥാന് എന്നും മുട്ടാപ്പോക്കിനും ഏറ്റുമുട്ടലിനും ചോരക്കളിക്കും കൂട്ടുനിന്ന ചരിത്രമേയുള്ളൂ. വിഘടനവാദത്തിന്റെ വിത്തില്‍ നിന്നാണ് ആ രാജ്യത്തിന്റെ ജനനം തന്നെ. ജന്മസ്വഭാവം ഒരിക്കലും കൈവിട്ടുമില്ല. ചോരക്കൊതിയുള്ളവര്ക്ക് ചോരമണക്കാതെ ജീവിക്കാനാവില്ലെന്നു പറയുംപോലെയാണവരുടെ കാര്യം. ആ ശീലം വളര്‍ന്നുവളര്‍ന്ന് ആ രാജ്യത്തേത്തന്നെ ചോരക്കൊതിയും അതിന്റെ അവതാരമായ ഭീകരവാദവും വിഴുങ്ങിക്കഴിഞ്ഞു. ഭീകരതയുടെ താവളമായി ലോകത്തിന്റെ മുഴുവന്‍ വെറുപ്പ് ഏറ്റുവാങ്ങി പിടിച്ചുനില്ക്കാന് തന്നെ പാടുപെടുന്ന പാക്കിസ്ഥാന് ഇന്ത്യാ വിരുദ്ധതയുടെ ചുവടുപിടിച്ചാണ് നിലനില്‍ക്കുന്നത്. ഒരുമിച്ചു പിറന്നിട്ടും ഇന്ത്യ കണ്ടെത്തിയ നേട്ടത്തിന്റെ ഉയരത്തിന് ഏഴയലത്തുപോലും എത്താന്‍ അവര്‍ക്ക് കഴിയാത്തത് ഇന്ത്യാ വിരോധത്തിനപ്പുറമൊരു പദ്ധതി അവരുടെ രാഷ്ട്രമനസ്സില്‍ ഇല്ലാത്തതുകൊണ്ടാണ്. നിലനില്‍പ്പിന്റെ അടിവേരിലാണ് ഭീകരപ്രവര്‍ത്തനം കത്തിവയ്ക്കുന്നത്. യാഥാര്‍ഥ്യം തിരിച്ചറിയാതെ അത്തരം പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കൊപ്പം നീങ്ങുകയും ചെയ്യുന്ന പാക്കിസ്ഥാന് ചെന്നുപറ്റാന്‍ പോകുന്ന ദുരന്തത്തേക്കുറിച്ച് അവരിനിയും ബോധവാന്മാരല്ലതാനും. പാക്കിസ്ഥാന്റെ ഇന്ത്യാവിരോധം ആ നാട്ടില്‍ ഭീകരതയ്ക്കു നല്ല വളക്കൂര്‍ ഒരുക്കുന്നുണ്ട്. ഫലത്തില്‍ ഭീകര പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ് ഇന്ന് ആ രാജ്യം.
ഒരു രാജ്യത്തിന്റെയും മതത്തിന്റെയും ജനതയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമല്ല ഭീകരവാദമെന്ന് വിഘടന വാദശക്തികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന് ബലിനല്കാന് പോലും ഉറച്ചവരാണ് നമ്മുടെ വീരസൈനികര്‍. പക്ഷേ, ഓരോ ജീവന്റെയും നഷ്ടം വേദനാജനകമാണ്. ബലിദാനികളുടെ കുടുംബാംഗങ്ങളെ മാത്രമല്ല രാഷ്ട്രത്തിന്റെ മനസ്സിനേയും അത് വേദനിപ്പിക്കും. ആ മനസ്സിന്റെ വികാരവും ദൃഢനിശ്ചയവുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ മുഴങ്ങിയത്. ഒരു ത്യാഗവും പാഴാവില്ല. തിരിച്ചടിക്കും, വേണ്ടപ്പോള്‍ വേണ്ടപോലെ. കാരണം, ഭാരതത്തിന് ഭാരതമായി നിലനിന്നേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: