കോട്ടയം: സാമ്പത്തികവര്‍ഷം അവസാനിക്കാറായപ്പോള്‍ ഖജനാവ് കാലിയായതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രതിസന്ധിയില്‍.
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് സര്‍ക്കാര്‍ വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള ബില്ലുകളും ട്രഷറിയില്‍ പിടിച്ചുവയ്ക്കുന്നുണ്ട്. ഇതു മൂലം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ ചെയ്ത കരാറുകാരും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളും സമര്‍പ്പിച്ച ബില്ലുകള്‍ മടങ്ങി. കിഫ്ബി വഴി പ്രതീക്ഷിച്ചത്ര പണം സമാഹരിക്കാതെ പോയതും ധൂര്‍ത്തുമാണ് സര്‍ക്കാരിന് തിരിച്ചടിയായത്. കിഫ്ബിയിലൂടെ ധനവകുപ്പിന് ഇതുവരെ സമാഹരിക്കാനായത് പ്രഖ്യാപിച്ച പദ്ധതി തുകയുടെ പതിനഞ്ച് ശതമാനം മാത്രമാണ്.
ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പണം പോലും സര്‍ക്കാരിന്റെ പക്കലില്ല. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് മാറേണ്ടത്. ഇത് മാറിക്കൊടുക്കണമെങ്കില് വന്‍തോതില്‍ കടമെടുക്കേണ്ട അവസ്ഥയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി അവസാനിച്ചതോടെ ഇനി കൂടുതല്‍ കടമെടുക്കാന്‍ കഴിയില്ല. മാത്രമല്ല ധനകാര്യസ്ഥാപനങ്ങളും കടം കൊടുക്കാന്‍ തയാറല്ല. ഈ സാഹചര്യത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ, ബിവറേജസ് കോര്പ്പറേഷന് എന്നിവയുടെ അക്കൗണ്ടിലുള്ള പണമെടുക്കാനാണ് നീക്കം. ഇത് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. പക്ഷെ മാര്‍ച്ചില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാവും. ബില്ലുകള്‍ മാറാനാവാതെ ഖജനാവ് പൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ട്രഷറി നിയന്ത്രണം ക്ഷേമപെന്‍ഷനുകളുടെ വിതരണത്തെയും ബാധിക്കും. കരാറുകാരും പ്രതിഷേധത്തിലാണ്. ബില്ലുകള്‍ മടങ്ങുന്നതിനാല്‍ കരാറുകാര്‍ പണി നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് കരാറുകാരുടെ സംഘടനകള്‍ വ്യക്തമാക്കി. കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് കോടികള്‍ ചെലവഴിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് ദിനാഘോഷത്തിനും ലക്ഷങ്ങളാണ് പൊടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: