റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി തകരുന്നു. സിഎജി റപ്പോര്‍ട്ടിന്റെ വരവോടെ അതു പൂര്‍ണമായി. പറയാനുറച്ചവര്‍ ഇനിയും പലതും പറഞ്ഞുകൊണ്ടിരിക്കുന്നെന്നു മാത്രം. കരാറും കാര്യവുമൊന്നും അറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അബദ്ധങ്ങളിലേക്കും അപകടങ്ങളിലേക്കും വീണുകൊണ്ടിരിക്കുകയാണ ല്ലോ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാഠം പഠിപ്പിക്കാനും വരുതിയില്‍ നിര്‍ത്താനും ഇറങ്ങിത്തിരിച്ച ചില മാധ്യമപ്രവര്‍ത്തകരും ഉപദേശകരും ഉയര്‍ത്തിവിടുന്നതാണ് പലവാദങ്ങളും. അവ വിവാദമാക്കാന്‍ രാഹുല്‍ ഗാന്ധിയെ കരുവാക്കുകയാണ്. അത്തരം പാഴ്ശ്രമങ്ങള്ക്ക് അന്നത്തെ ആയുസ് മാത്രമേയുള്ളൂ. എങ്കിലും പുകമറ ഉണ്ടാക്കാനും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും എന്തോ കുഴപ്പംകാണിച്ചുവെന്ന് ജനങ്ങള്‍ക്കിടയില്‍ ധാരണ ഉണ്ടാക്കാനും സാധിക്കുന്നു എന്നത് ഒരു പരിധിവരെ സത്യമാണ്. അതേസമയം, നരേന്ദ്രമോദിയുടെ വിശ്വാസ്യത രാഹുല്‍ ഗാന്ധിയുടേതിനേക്കാള്‍ എത്രയോ ശക്തവും വിലയുറ്റതുമാണെന്ന സത്യവും നിലനില്ക്കുന്നു.
ആടും ആനയും ആടലോടകവും പോലെ. എല്ലാത്തിലും ‘ആ’ ഉണ്ട് എന്നതൊഴിച്ചാല്‍ തമ്മില്‍ ഒരു ബന്ധവുമില്ല. രാഹുല്‍ ഗാന്ധി ഏറ്റവും ഒടുവില്‍ പത്രസമ്മേളനത്തില്‍ കാണിച്ച രേഖയുടെ ആധികാരികതയും അത്രയേയുള്ളൂ. ഒരു മാധ്യമപ്രവര്ത്തകന് തിരികെ ചോദിച്ചാല്‍ പൊളിഞ്ഞു വീഴാവുന്ന കാര്യമാണ് ആദ്യം ടിവിചാനലുകളില്‍ ബ്രേക്കിങ് ന്യൂസായും, പിന്നീട് അന്തിച്ചര്‍ച്ചയായും പരിണമിച്ചത്. രാജ്യദ്രോഹികളായ ഒരു വലിയ ഉപജാപക സംഘത്തിന്റെ മുഖംമൂടി പരസ്യമായി അഴിഞ്ഞുവീണു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരംകൊണ്ട് ഉണ്ടായ ഗുണം. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അത് നേട്ടമായി.
എന്താണ് രാഹുല്‍ കാണിച്ച ഇ മെയില്‍ കത്തിലെ ഉള്ളടക്കം?
രാഹുല്‍ ആരോപിക്കുന്നത് ഇതാണ്: 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍, റഫാല്‍ കരാറില്‍ ഇന്ത്യ ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന കാര്യം അനില്‍ അംബാനി ഇമെയില്‍ കത്തില്‍ എങ്ങനെ പറഞ്ഞു? അത് പ്രതിരോധമന്ത്രിക്കും, വിദേശകാര്യ സെക്രട്ടറിക്കും മുന്നേ അംബാനി എങ്ങനെ അറിഞ്ഞു? പ്രധാനമന്ത്രിക്ക് മാത്രം അറിയുന്ന കാര്യം എങ്ങനെ അംബാനി അറിയും? പ്രധാനമന്ത്രി അംബാനിയുടെ ഏജന്റാണോ? എല്ലാം പൊള്ളയായ ആരോപണങ്ങള്‍.
ഈ കത്തില്‍ റഫാല്‍ വിമാനത്തെക്കുറിച്ചോ അതിന്റെ കമ്പനിയായ ഫ്രാന്‍സിലെ ദസ്സോയെക്കുറിച്ചോ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവക്കാന്‍ പോകുന്ന കരാറിനെക്കുറിച്ചോ, അതിന്റെ വിശദാംശങ്ങളെക്കുറിച്ചോ അതിന്റെ ഉദ്യോഗസ്ഥരെക്കുറിച്ചോ ഒന്നും ഒരക്ഷരമില്ല. കത്ത്, എയര്‍ബസ് ഹെലികോപ്റ്റേഴ്സ് (എഎച്ച്) എന്ന ഹെലികോപ്റ്റര്‍ നിര്‍മ്മാണ കമ്പനിയുടെ എക്സിക്യൂട്ടീവിന്റേതാണ്. അവരുടെ ‘വാണിജ്യ ഹെലികോപ്റ്റര്‍ (കമേഴ്സ്യല്‍ ഹെലോസ്) നിര്‍മ്മാണ രംഗത്ത് മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സഹകരിക്കാന്‍ തനിക്ക് താല്പര്യം ഉണ്ടെന്ന് അനില്‍ അംബാനി എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ടെന്നും, അതിന് ഫ്രഞ്ച്മന്ത്രിയെ അദ്ദേഹം നേരത്തെ സന്ദര്‍ശിച്ചുവെന്നും, ആ വിഷയത്തില്‍ കരാറില്‍ ഏര്‍പ്പെടാന്‍ ധാരണാപത്രത്തിന്റെ പ്രാരംഭഘട്ട തയ്യാറെടുപ്പിലാണ് താനെന്നുമാണ് അംബാനി പറയുന്നത്. ഇക്കാര്യം എയര്‍ബസ് ഉദ്യോഗസ്ഥന് നിക്കോളാസിന്റെ ഇമെയിലില്‍ പറയുന്നുണ്ട്. അതിന് എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന് പറയുന്ന മറുപടി ചേര്‍ത്ത് വായിച്ചാല്‍, കത്തിന് റഫാല്‍ വിമാന ഇടപാടും കരാര്‍ ഒപ്പുവെക്കലുമായി ഒരുബന്ധവുമില്ലെന്ന് വ്യക്തമാകും. എയര്‍ബസ് ഉദ്യോഗസ്ഥന് നിക്കോളാസിന്റെ മറുപടി ഇങ്ങനെ:
‘എയര്‍ബസ് ഹെലികോപ്റ്റര്‍ നിര്‍മ്മാണ സംരംഭത്തില്‍ മറ്റനേകം സമാനമായ കമ്പനികളും ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഈ വിഷയത്തിലെ മറുപടി എന്താണെന്ന് താമസിയാതെ അയാളെ (അംബാനിയെ) അറിയിക്കാം.’ ഇതില്‍ എവിടെയാണ് റഫാല്‍ ഇടപാട്?
ഒരൊറ്റ വാക്കാണ് പണിപറ്റിച്ചത്. ‘എയര്‍ബസുമായുള്ള ധാരണാപത്രം ഒപ്പുവെക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുത്ത ആഴ്ചയിലെ ഫ്രാന്‍സ് സന്ദര്‍ശനവേള തിരഞ്ഞെടുത്തേക്കാമെന്ന് അതില്‍ പരാമര്‍ശിച്ചു. ഈ ബന്ധം വച്ച്, ഒരു നോവല്‍ തന്നെയാണ് രാഹുലും കൂട്ടരും എഴുതിയത്. കത്തിലെ വരികളില്‍നിന്ന്, അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ആന്‍ഡ് എയര്‍ബസ് ഡീലിനെക്കുറിച്ചാണ് പരാമര്‍ശം എന്ന് വ്യക്തമാണ്. അല്ലാതെ അതില്‍ ഇന്ത്യയും റഫാല്‍ ഇടപാടും ദസ്സോ കമ്പനിയും, ഇന്ത്യയും ഫ്രാന്‍സ് സര്‍ക്കാരും തമ്മില്‍ നടക്കാന്‍ പോകുന്ന ഇന്റര്‍ ഗവണ്മെന്റ് എഗ്രിമെന്റ് (സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍) ഒന്നും വിഷയമല്ല എന്ന് വ്യക്തം. അതിനകം മാധ്യമങ്ങളില്‍ വന്നവാര്‍ത്ത ഇ മെയിലില്‍ പരാമര്‍ശിച്ചു എന്നുമാത്രം. അതുകൊണ്ട്് ഒരു വിവാദം ഉണ്ടാക്കി എടുക്കുകയാണ് രാഹുല്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി 2015 ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍ കരാറില്‍ ഒപ്പുവച്ചോ? ഇല്ല. പിന്നെ പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേള, എയര്‍ബസ് ഹെലികോപ്റ്റര്‍ കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ അംബാനി തിരഞ്ഞെടുക്കാന്‍ കാരണം എന്താണ്?
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആ സന്ദര്‍ശനത്തില്‍ സ്പേസ് ടെക്നോളജി, പ്രതിരോധം, കാലാവസ്ഥ, ടൂറിസം, സ്പോര്‍ട്സ്, ഊര്‍ജം, സാമ്പത്തിക സഹകരണം, റെയില്‍വേ തുടങ്ങി വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് ഇരുപതോളം ധാരണാപത്രങ്ങളാണ് (എംഒയു) ഒപ്പുവച്ചത്. ഇന്ത്യന്‍ സ്വകാര്യ-പൊതുമേഖല-സര്‍ക്കാര്‍ കമ്പനികള്‍ വിവിധ വിദേശ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നു ആ ധാരണാപത്രങ്ങള്‍. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കഴിവുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കെല്ലാം അവസരം പ്രയോജനപ്പെടുത്താനും വിദേശ പാര്‍ട്ണര്‍മാരുമായി എംഒയു ഒപ്പുവെക്കാവുന്നതരത്തില്‍ ചര്‍ച്ചനടത്താനും ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഡിഫന്‍സ് അവരുടെ ഇടപാടിന്റെ ഭാഗമായി എയര്‍ബസ് എന്ന ലോകപ്രശസ്ത കമ്പനിയുടെ ഹെലികോപ്റ്റര്‍ യൂണിറ്റുമായി ചര്‍ച്ച നടത്തിയിരിക്കണം. എംഒയുവിന് ഈ സമയം തിരഞ്ഞെടുക്കുകയും ചെയ്തുകാണും. പക്ഷേ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കരാറില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ സ്വകാര്യ-സര്‍ക്കാര്‍ കമ്പനികളുടെ ലിസ്റ്റും കരാര്‍ വിവരങ്ങളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഉണ്ടല്ലോ. അതില്‍ എവിടെയാണ് റഫാല്‍ കരാര്‍ എന്നൊന്ന് കാണിച്ചു തരാന്‍ രാഹുലിനെ മാധ്യമ ലോകത്തെ ആരും വെല്ലുവിളിക്കുന്നില്ലെങ്കില്‍ ഞാന്‍ അത് ഏറ്റെടുക്കുന്നു.
വാസ്തവം ഇതാണ്:
ഇന്ത്യ-ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഒരു ഇന്റര്‍ ഗവണ്‍മെന്റ്എഗ്രിമെന്റില്‍-ഐജിഎ (രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍) ഏര്‍പ്പെട്ട് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ എംഒയു ഒപ്പുവക്കുന്നത് ഏപ്രില്‍ 2015ന് അല്ലേയല്ല. ആ സമയത്ത് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഇന്ത്യയും ഫ്രാന്‍സും ഐജിഎ-എംഒയു ഒപ്പുവക്കുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് 2016 ജനുവരിലാണ്. ഇതൊക്കെ രാഹുല്‍ ടീം മറന്നു പോയി. അതും ഫ്രഞ്ച് സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള കരാറാണ്. അല്ലാതെ കോണ്‍ഗ്രസ് ഭരണകാലത്ത് നടത്തിയതുപോലെ ഇടനിലക്കാരും കമ്മീഷനും കൊണ്ട് വിദേശകമ്പനിയുമായി നടത്തിയ അവിഹിതകരാറല്ല. രണ്ട് സര്‍ക്കാരുകളാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
അനില്‍ അംബാനിയുടെ റിലയന്‍സിന് ഈ ഇമെയിലില്‍ പറയുന്ന എയര്‍ബസ് ഹെലികോപ്റ്റര്‍ ഉണ്ടാക്കാന്‍ ആ കരാര്‍ കിട്ടിയോ? അത് ഒപ്പുവച്ചോ? ഇല്ല, അതും കിട്ടിയില്ല.
തുടക്കത്തില്‍ പറഞ്ഞില്ലേ ചില രാജ്യദ്രോഹശക്തികളുടെ മുഖപടത്തെക്കുറിച്ച്. അതുകൂടിപറയാം. രാജ്യദ്രോഹികളുടെ അടിവേര് ചെന്നുനില്ക്കുന്നത് ഇവിടെ എങ്ങുമല്ല. റഫാല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി നടത്തുന്ന ഈ നാടകങ്ങള്‍ മുഴുവന്‍ അന്വേഷണത്തിന്റെ ഒടുവില്‍ ചെന്നെത്തുന്നത് അവിടെത്തന്നെയാണ്. എവിടെ? പഴയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി നടത്തിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ ഓഫീസില്‍. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഉള്ള റഫാല്‍ ഇടപാട് വിവാദമായാല്‍ അഗസ്റ്റ വെസ്റ്റ്ലാന്റിന് എന്ത് പ്രയോജനം?
പ്രയോജനം ഉണ്ട്. അതിന് വേണ്ടിയുള്ള നിഴല്‍ നാടകമാണിത്. ഒരുപക്ഷേ സുപ്രീംകോടതി ക്ലീന്‍ ചിറ്റ് കൊടുത്തിട്ടും റഫാല്‍ ഇടപാടില്‍ നിന്ന് കോണ്‍ഗ്രസ് പിടിവിടാത്തത് അത് കൊണ്ടാവാം. എന്നാല്‍, കഥയറിയാതെ ആട്ടം കാണുന്ന വിഡ്ഢികള്‍ ആവുന്നത് ഈ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ് എന്നതാണ് ഇതിലെ ക്രൂരമായ തമാശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: