ന്യൂദല്‍ഹി: എന്തുകൊണ്ട് സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല? മാസങ്ങള്‍ക്ക് മുന്‍പ് റഫാല്‍ കരാറിനെച്ചൊല്ലി ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാക്കളുടെ ചോദ്യമായിരുന്നു ഇത്. വിരമിച്ചതിന് ശേഷം മോദി ഭരണത്തില്‍ ‘പ്ലേസ്മെന്റ്’- ലഭിക്കാത്തതില്‍ ഉറക്കം നഷ്ടപ്പെട്ട ഏതാനും മുന്‍ ഉദ്യോഗസ്ഥരെയും കോണ്‍ഗ്രസ് ഇതിനായി രംഗത്തിറക്കി. റഫാലിലെ മറ്റ് പല ആരോപണങ്ങളെയും പോലെ ഏതാനും ദിവസത്തേക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിന് പിന്നില്‍. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുമെന്ന് ഉറപ്പായപ്പോള്‍ ഇതേ നേതാക്കളുടെ ‘ഭാവി പ്രധാനമന്ത്രി’- രാഹുല്‍ ഗാന്ധി മലക്കം മറിഞ്ഞു.
സിഎജി റിപ്പോര്‍ട്ട് ചൗക്കീദാര്‍ (കാവല്ക്കാരന്) റിപ്പോര്‍ട്ടാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കാവല്ക്കാരന് എന്ന് മോദി സ്വയം വിശേഷിപ്പിക്കാറുണ്ട്. റഫാല്‍ കരാറില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് വ്യക്തമായി അറിയുന്നതിനാലാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പായി രാഹുല്‍ ആരോപണം ഉന്നയിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഒറ്റ ദിവസത്തിനുള്ളില്‍ പ്രതിപക്ഷത്തിന് സിഎജി എന്നത് വിശ്വസിക്കാന്‍ കൊള്ളാത്ത സംവിധാനമായി. നേരത്തെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഹുലിന് നീതിയുടെ കാവലാളായിരുന്നു. റഫാല്‍ കരാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ഗൊഗോയിയിലും സുപ്രീംകോടതിയിലും കോണ്‍ഗ്രസ്സിന് വിശ്വാസമില്ലാതായി. തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ തോറ്റതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസ്യത രാഹുലിന് നേരത്തേ നഷ്ടപ്പെട്ടിരുന്നു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ശവപ്പെട്ടി ഇടപാടില്‍ നടത്തിയ വ്യാജപ്രചാരണത്തിന് സമാനമായി റഫാല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടത്. നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ സംശയം ജനിപ്പിക്കുകയെന്ന തന്ത്രമാണ് രാഹുല്‍ പയറ്റുന്നത്. ഒരു വിഭാഗം ദേശീയ മാധ്യമങ്ങള്‍ രാഹുലിന്റെ നുണപ്രചാരണം കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ തയ്യാറാകുന്നതും സമൂഹമാധ്യമങ്ങള്‍ ശക്തമായതും പാര്‍ട്ടിക്ക് തിരിച്ചടിയായി. മലയാള മാധ്യമങ്ങള്‍ മാത്രമാണ് രാഹുലിന്റെ നുണ അതേപടി പകര്‍ത്തിയെഴുതുന്നത്. ഓരോ പത്രസമ്മേളനങ്ങള്‍ കഴിയുമ്പോഴും രാഹുല്‍ കൂടുതല്‍ പരിഹാസ്യനായി തീരുന്നു.
റഫാലില്‍ മോദിക്കെതിരെ പറയാന്‍ ഒന്നും അവശേഷിക്കാതെയാണ് ഈ സര്‍ക്കാരിന്റെ കാലത്തെ പാര്‍ലമെന്റ് സമ്മേളനത്തിലെ അവസാന ദിവസം പ്രതിപക്ഷം പടിയിറങ്ങിയത്. സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം ആക്രമണം ശക്തമാക്കാമെന്ന പ്രതീക്ഷ തകര്‍ന്നടിഞ്ഞു. നുണപ്രചാരണങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തുറന്നുകാട്ടപ്പെട്ടതും അവരുടെ വിശ്വാസ്യതയ്ക്ക് മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഒന്നുമില്ലാത്ത റഫാലില്‍ പ്രതിപക്ഷത്തെ തളച്ചിട്ടത് ബിജെപിയുടെ തന്ത്രമാണോയെന്ന സംശയവും പ്രതിപക്ഷ ക്യാമ്പില്‍ ഉയര്‍ന്നുതുടങ്ങി. യുപിഎ സര്‍ക്കാരിന്റെയും വാദ്രയുടെയും അഴിമതികള്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ എന്തെടുത്ത് പ്രതിരോധിക്കുമെന്നതാണ് കോണ്‍ഗ്രസ്സിനെ അലട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: