ന്യൂദല്‍ഹി: വ്യോമസേനയ്‌ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ച കരാറില്‍ രാജ്യത്തിന് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും മറിച്ച് ലാഭകരമാണെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ണായക റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുപിഎ ഭരണകാലത്തെ കരാറിനേക്കാള്‍ 2.86% വിലക്കുറവിലാണ് മോദി സര്‍ക്കാര്‍ കരാറൊപ്പിട്ടതെന്നും വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ അപ്പാടേ തകര്‍ക്കുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊതു തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സിഎജി റിപ്പോര്‍ട്ട് ഏറെ ഊര്‍ജം നല്‍കുന്നു.
സാങ്കേതിക സഹായമടക്കമുള്ള കാര്യങ്ങളില്‍ 2007ല്‍ യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയ കരാറിനേക്കാള്‍ 4.77 ശതമാനം വിലക്കുറവിലാണ് മോദി സര്‍ക്കാര്‍ ഫ്രാന്‍സുമായി കരാറൊപ്പുവെച്ചതെന്ന് സിഎജി കണ്ടെത്തി. വിമാനത്തിന്റെ ഇന്ത്യന്‍ പതിപ്പുകളുമായി ബന്ധപ്പെട്ട് 17.08 ശതമാനം വിലക്കുറവും ആയുധങ്ങളുടെ കാര്യത്തില്‍ 1.05 ശതമാനം വിലക്കുറവുമാണ് മോദി സര്‍ക്കാര്‍ ഫ്രാന്‍സുമായി നേരിട്ട് കരാറുണ്ടാക്കുക വഴി നേടിയെടുത്തത്. എഞ്ചിനീയറിങ് സപ്പോര്‍ട്ട് ഇനത്തിനും യുദ്ധവിമാനത്തിന്റെ പെര്‍ഫോമന്‍സ് ലോജിസ്റ്റിക്‌സിലും 6.54 ശതമാനം വിലവര്‍ധനവും കരാറിലുണ്ട്. യുപിഎ കാലത്ത് റഫാല്‍ നിര്‍മാണ കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ധാരണയിലെത്തിയ വിമാനത്തേക്കാള്‍ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന റഫാല്‍ വിമാനങ്ങളാണ് മോദി സര്‍ക്കാര്‍ കരാറൊപ്പുവെച്ചതെന്ന് വ്യക്തമാക്കുന്നതാണിത്.
കേന്ദ്രധനകാര്യസഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയില്‍ വെച്ചത്. റഫാല്‍ യുദ്ധവിമാനങ്ങളുടെ വില നേരിട്ട് സിഎജി റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. വില പുറത്താവുന്നത് യുദ്ധവിമാനങ്ങളുടെ പ്രത്യേകതകള്‍ ശത്രുരാജ്യങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വഴിവെക്കുമെന്നതിനാലാണിത്. യുപിഎ സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടുമായി ഉണ്ടാക്കിയ കരാറുമായി വലിയ അന്തരമുണ്ട് ഇന്ത്യയും ഫ്രാന്‍സും നേരിട്ടുണ്ടാക്കിയ കരാറിനെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് കാലത്തെ ധാരണ പ്രകാരം 126 വിമാനങ്ങളുടെ നിര്‍മാണത്തിന് ചെലവാകുന്ന തുകയേക്കാള്‍ 17 ശതമാനം കുറവാണ് മോദി സര്‍ക്കാരിന്റെ പുതിയ കരാറിലുള്ളത്. റഫാല്‍ വിമാനത്തില്‍ അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഘടിപ്പിക്കുന്നതിനായി പ്രധാനമായും 13 മാറ്റങ്ങളാണ് മോദി സര്‍ക്കാര്‍ കരാറില്‍ വരുത്തിയത്. എന്നാല്‍ ഇതിന് ശേഷവും യുപിഎ കരാറിനേക്കാള്‍ 2.86% വിലക്കുറവിലാണ് ഇന്ത്യയും ഫ്രാന്‍സും കരാറൊപ്പുവെച്ചത്, സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റഫാല്‍ കരാറില്‍ യാതൊരു അഴിമതിയുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപം തുടര്‍ന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിഎജിയും കരാര്‍ ലാഭകരമാണെന്ന് കണ്ടെത്തിയതോടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അസ്ഥാനത്തായി. സുപ്രീംകോടതിയും സിഎജിയുമല്ല ഗാന്ധി കുടുംബമാണ് ശരിയെന്നാണ് ചിലരുടെ ധാരണയെന്ന് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: