അടിമാലി: പ്രളയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കോടാനുകോടികള്‍ പിരിച്ച് ഖജനാവ് നിറയ്ക്കുമ്പോള്‍ പ്രളയം വരുത്തിയ ബാധ്യതയില്‍നിന്ന് കരകയറാന്‍ വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് വീടിന് മുന്നില്‍ പരസ്യം ചെയ്ത് കാത്തിരിക്കുകയാണ് വെള്ളത്തൂവല്‍ സ്വദേശി ജോസഫ് തണ്ണിക്കോട്ട്.
തന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് ജോസഫ് വൃക്കവില്പ്പനയ്ക്ക് എന്നെഴുതി പരസ്യപ്പെടുത്തിയിട്ടുള്ളത്. ‘ദുരന്തത്താല്‍ മുറികള്‍ തകര്‍ന്ന വീട്, കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാന്‍, വൃക്ക വില്‍പ്പനയ്ക്ക് വയ്ക്കുന്നു’വെന്നാണ് ജോസഫിന്റെ പരസ്യവാചകം. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലാണ് ജോസഫും ഭാര്യ ആലീസും കാല്‍നൂറ്റാണ്ടായി താമസിക്കുന്നത്. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയാണ് വെള്ളത്തൂവല്‍ ടൗണിന് സമീപം ജോസഫിന്റെ കൈവശമുള്ളത്. ഇതില്‍ മൂന്ന് മുറികളുള്ള വീടുണ്ട്. രണ്ട് മുറികള്‍ വാടകയ്ക്ക് കൊടുത്തിരുന്നു. ഈ ഇനത്തില്‍ ലഭിച്ചിരുന്ന തുകയായിരുന്നു വരുമാനമാര്‍ഗം.
ആഗസ്ത് 15ന് ഉണ്ടായ കനത്തമഴയില്‍ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന മുറികള്‍ മണ്ണിടിഞ്ഞ് തകര്‍ന്നു. വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ 60,000 രൂപ വേണ്ടി വന്നു. ഇതിനായി ഭാര്യയുടെ സ്വര്‍ണം വിറ്റു. സഹായമഭ്യര്‍ഥിച്ച് പഞ്ചായത്തോഫീസും കളക്ടറേറ്റും ഉള്‍പ്പെടെ താന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല, നല്‍കാത്ത അപേക്ഷകളില്ല. എല്ലായിടത്തുനിന്നും അവഗണനയായിരുന്നു മിച്ചം. ഇതില്‍ പ്രകോപിതനായാണ് ജോസഫ് വൃക്ക വില്പ്പനയ്ക്കെന്നെഴുതി പരസ്യപ്പെടുത്തിയത്. വൃക്ക വിറ്റ് പണം ലഭിച്ചാല്‍ അതിലൊരോഹരി കൈക്കൂലിയായി നല്‍കാമെന്നും ജോസഫ് പറയുന്നു.
മേസ്തിരിപ്പണിക്കാരനായ ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. രോഗിയായ തനിക്ക് ഇനി മുമ്പോട്ട് പോകാന്‍ നിര്‍വാഹമില്ലെന്നും ജോസഫ് കണ്ണീരോടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: