വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന ചില നദികളുണ്ട് ഹിമാലയത്തിന്റെ താഴ്വരയില്. ഇതുപോലെ ഏതു പ്രതികൂല സാഹചര്യത്തിലും പ്രവര്ത്തനനിരതനാവുന്ന ഒരാള്‍ നമുക്കിടയിലുണ്ട്- എം.എ. സാര്‍. എളമക്കര മാധവ നിവാസിലെ തന്റെ ചെറിയ മുറിയിലിരുന്ന് സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് മനസ്സര്‍പ്പിച്ച് കഴിയുന്ന ഈ നവ സാന്ദീപനി ഇപ്പോള്‍ നവതിയുടെ പ്രഭാവലയത്തിലാണ്.
എം.എ. സാറിന്റെ കര്‍മമേഖല വിപുലമാണെങ്കിലും തപസ്യ, ബാലഗോകുലം എന്നീ പ്രസ്ഥാനങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം കൂടുതല്‍ ലഭിച്ചത്. സംഘടനായോഗങ്ങള്‍ നിരോധിച്ച കാലത്ത്, 1975-ല്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷം കോഴിക്കോട്ടു വച്ചു നടത്തിയതാണ് തപസ്യയുടെ ആവിര്ഭാവത്തിന്റെ നാന്ദി. സ്വതന്ത്രമായ ചിന്താഗതിയെ തടഞ്ഞുനിര്‍ത്തി പത്രക്കാരുടെയും എഴുത്തുകാരുടെയും കൊങ്ങയ്ക്കു പിടിച്ചമര്‍ത്തിയ അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ടാണ് കെ.പി. കേശവമേനോനും വി.എം. കൊറാത്തും സി.കെ. മൂസതും എം.എ സാറും മഹാകവി അക്കിത്തവും ഉള്‍പ്പെടുന്ന പ്രബുദ്ധസദസ്സ് അതിന്റെ സ്വരം ആദ്യന്തം മുഴക്കിയത്.
ഇടതുവലതു കക്ഷികള്‍ പൊതുവെ അവസരവാദനയം സ്വീകരിച്ച ചുറ്റുപാടില്‍ അവരുമായി വിയോജിപ്പുള്ള സ്വതന്ത്രചിന്തകരും എഴുത്തുകാരും തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി ഒരു വേദി ഉണ്ടാകാന്‍ ആവേശപൂര്‍വ്വം മുന്നോട്ടുവന്ന കാഴ്ചയാണ് ഈ പിറന്നാള്‍ യോഗത്തിനുശേഷം കണ്ടത്. അങ്ങനെ ബാഹ്യപ്രേരണ കൂടാതെ, ശസ്ത്രക്രിയകൂടാതെ, സ്വാഭാവിക പ്രസവത്തിലുണ്ടായ ചൈതന്യവാനായ ശിശുവാണ് തപസ്യ കലാസാഹിത്യവേദി.
ഇതേ ചുറ്റുപാടില്‍ സമാന്തരമായി, അഖിലേന്ത്യാ തലത്തില്‍ ആഗ്ര കേന്ദ്രമാക്കി സംസ്കാര ഭാരതി എന്ന സംഘടന രൂപംകൊണ്ടത് ഒരു കൊല്ലത്തിനുശേഷമാണ്. അതായത് സംസ്കാര ഭാരതിയുടെ മുന്നോടിയായിരുന്നു തപസ്യ. തെക്കും വടക്കുമുള്ള മനോഗതിയുടെ ഐക്യം സംഘടനാതലത്തിലും പ്രതിഫലിക്കാന്‍, കുറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും സംസ്കാരഭാരതിയുടെ കേരളത്തിലെ ഘടകം എന്ന പദവിയാണ് ‘തപസ്യ’ സ്വയം വരിച്ചത്. സംസ്കാര ഭാരതിയുടെ ഉപാധ്യക്ഷന്മാരില് ഒരാള്‍ തപസ്യയില്‍ നിന്നായിരിക്കും.
ഇത്തരം പശ്ചാത്തലമുള്ള ഏതൊരു പ്രസ്ഥാനവും ഏറ്റെടുക്കുന്ന വിഷയങ്ങളാണ് പ്രാരംഭദശയില്‍ തപസ്യയും പിന്തുടര്ന്നത്. പത്രപ്രവര്‍ത്തകരും കവികളും ചിത്രകാരുമടങ്ങുന്ന നേതൃത്വനിരയും കര്‍മ്മശേഷിയുള്ള ഒട്ടേറെ പ്രവര്‍ത്തകരും ആദ്യകാലത്ത് പ്രവര്‍ത്തനത്തെ ഏറെ മുന്നോട്ടു നയിച്ചുവെങ്കിലും സാഹിത്യവാസനയുള്ള പ്രവര്‍ത്തകരുടെ സംഖ്യ സംഘടനയില്‍ പൊതുവെ കുറവായിരുന്നു. ഇക്കാരണത്താല്‍ സാഹിത്യ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും പൊതുസമൂഹത്തെ ആകര്‍ഷിക്കാനുമുതകുന്ന വിഷയങ്ങളും പരിപാടികളും തപസ്യ ആസൂത്രണം ചെയ്യേണ്ടതായി വന്നു. പത്രപ്രവര്‍ത്തനം, നാടകം, കവിത, ഫോക്ലോര്, ചിത്രകല തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പഠനശിബിരങ്ങളും അരങ്ങ് നഷ്ടപ്പെട്ട കലാരൂപങ്ങള്‍ക്ക് രംഗവേദി ഒരുക്കാനുള്ള ശ്രമങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴത്തിലേക്കുള്ള അന്വേഷണവുമടക്കം തപസ്യ ശ്രദ്ധ പതിപ്പിച്ച മേഖലകളും ഏറ്റെടുത്ത വിഷയങ്ങളും വളരെ വിപുലമായിരുന്നു.
ഒരു പ്രത്യേക സ്ഥലത്ത് സമ്മേളനമോ പഠനക്ലാസ്സോ നടക്കുമ്പോള്‍ ആ പ്രദേശത്തെ തനത് കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം ഉത്തര കേരളത്തിലെ തെയ്യമടക്കമുള്ള കലാരൂപങ്ങളെ ദക്ഷിണകേരളത്തിലും മുടിയേറ്റ്, പടയണി തുടങ്ങിയ തെക്കന്‍ സമ്പ്രദായങ്ങളെ ഉത്തര കേരളത്തിലും പരിചയപ്പെടുത്തുക, സംസ്ഥാന സമ്മേളനങ്ങളില്‍ മറ്റു ഭാരതീയ ഭാഷകളിലെ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കുക തുടങ്ങിയ തപസ്യയുടെ ശീലങ്ങള്‍ മറ്റ് പല സംഘടനകള്‍ക്കും മാതൃകയായിത്തീര്‍ന്നത് ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.
കന്നടയിലെ യക്ഷഗാനത്തെയും ഇവിടെ വരുത്തി. മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള പ്രാചീനകേരളത്തിന്റെ സാംസ്കാരിക തീര്‍ത്ഥസ്ഥാനങ്ങളിലാറാടിയും മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സര്‍ഗ്ഗപ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ചും നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയും മേല്‍പ്പറഞ്ഞതുപോലെ സാംസ്കാരിക കേരളത്തിന് അനുകരണീയമായി മാറി. എടുത്തുപറയേണ്ട ഒരു വസ്തുത, രാഷ്ട്രീയ ഊരുവിലക്കിനെ ഭയന്ന ഏതാനും സാഹിത്യകാരന്മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും കലാകാരന്മാരും തപസ്യയോട് സര്‍വ്വാത്മനാ സഹകരിച്ചു എന്നതാണ്.
ഇപ്പോള്‍ പുറമെ വിശ്രമ ജീവിതം എന്നു തോന്നിക്കുന്ന മട്ടില്‍ നാം കാണുന്ന എം.എ സാര്‍ എന്ന വ്യക്തിയാണ് നിര്‍വ്വഹിച്ചത്. അടിയന്തരാവസ്ഥാ ജയില്‍വാസത്തിനുശേഷം എം.എ. സാര്‍ ഏറ്റെടുത്ത ദൗത്യം തപസ്യയുടെ രൂപീകരണമായിരുന്നു. ഏറെക്കാലം മുമ്പുതന്നെ താന്‍ സ്വപ്നംകണ്ട ബാലഗോകുലം എന്ന അതിപ്രശസ്തമായി ഭവിച്ച കുട്ടികളുടെ സംഘടനയുടെ സജീവമായ പ്രവര്‍ത്തന നൈരന്തര്യം, അദ്ദേഹത്തെ എഴുത്തുകാരുടെയൊരു താദൃശ്യ സംഘടനയുണ്ടാക്കാന്‍ പ്രേരിപ്പിച്ചിരിക്കണം.
അനാരോഗ്യം കാരണം ഒരിടത്തിരുന്നുകൊണ്ട്, അവശ്യംവേണ്ടവരെ കണ്ടറിഞ്ഞ് പ്രചോദിപ്പിച്ച് കര്മ്മനിരതരാക്കുക എന്ന പിന്നണിനേതാവിന്റെ പങ്കാണ് നിര്‍വ്വഹിക്കുന്നതെങ്കിലും എം.എ. സാറിന്റെ ശിഷ്യന്മാര് എന്ന അഭിമാനബോധമാണ് പ്രവര്‍ത്തകരുടെ മനസ്സിന്റെ മുന്നണിയായി നില്‍ക്കുന്നത്. ബാലഗോകുലം വര്‍ഷംതോറും ജന്മാഷ്ടമി അവാര്‍ഡ് ബാലസാഹിത്യത്തിനു നല്‍കുന്നതും തപസ്യ മൂന്ന് വാര്‍ഷിക പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും എം.എ. സാറിന്റെ നേട്ടങ്ങളില്‍ വിസ്മരിച്ചു കൂടാത്ത ചിലതാണ്.
പത്രപ്രവര്‍ത്തകര്‍ക്കുള്ള വി.എം. കൊറാത്ത് സ്മാരക പുരസ്കാരം, ശ്രേഷ്ഠമായ സാഹിത്യകൃതിക്കുള്ള സഞ്ജയന് പുരസ്കാരം, യുവസാഹിത്യകാരന്മാര്ക്കുള്ള ദുര്‍ഗാദത്ത പുരസ്കാരം, കുഞ്ഞുണ്ണി സമ്മാനം എന്നിവയാണ് മലയാള സാഹിത്യ/ജേണലിസ്റ്റ് രംഗത്ത് തപസ്യ നല്കുന്ന പുരസ്കാരങ്ങള്‍. നമ്മുടെ വിശ്രുതരായ പല സാഹിത്യകാരന്മാരും ഇതിനകം ഈ പുരസ്കാരങ്ങളുടെ സ്വീകര്‍ത്താക്കളായിട്ടുണ്ട്.
ഭാവനാപൂര്‍ണമായ സ്വപ്നം ഇനിയുമുണ്ട് പലതും എം.എ. സാറിന് അതില്‍ കുറച്ചൊക്കെ മുന്നേറിയ ഒരു ദൗത്യമാണ് തൃശൂരിനടുത്ത് ഗോകുലം എന്ന ഗോവര്‍ധകമായ ഭാരതീയഗ്രാമ സംവിധാനം. മറ്റു സംസ്ഥാനങ്ങളില്‍ പണക്കാരും അല്ലാത്തവരുമായ സുമനസ്സുകളുടെ സന്നദ്ധത ഇത്തരം പ്രസ്ഥാനങ്ങള്‍ നടത്തിപ്പോരുന്നുവെങ്കിലും കേരളത്തില്‍ ഇന്നുള്ളത് നെടുമങ്ങാട്ടുള്ള മിത്രനികേതന് എന്ന ഗാന്ധിയന്‍ സംരംഭം മാത്രമാണ്. എം.എ. സാറിന്റെ ‘ഗോകുലം’ ഒരു വൃന്ദാവനമായി വികസിക്കാനും കേരളത്തിന്റെ കാളിയവിഷബാധ ഒഴിഞ്ഞുകിട്ടാനും ഇടവരട്ടെ. എം.എ. സാര്‍ പകര്ത്തരുളിയ നന്മയുടെ ശക്തി ഭാവിയില്‍ ഭാരതീയ അനുഭവമായി മാറട്ടെ.
എണ്‍പതാം പിറന്നാള്‍ വേളയില്‍ എം.എ. സാറിന്, വിശുദ്ധിയുടെയും മൂല്യത്തിന്റെയും കാര്യത്തില്‍ അഗ്രിമസ്ഥാനത്തുള്ള വിവേകാനന്ദ സമ്മാന്‍ എന്ന അഖിലേന്ത്യാ പുരസ്കാരം ഡോ. മുരളീ മനോഹര്‍ ജോഷിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ അവസരമുണ്ടായി. വിദ്യാഭ്യാസ രംഗത്ത് മേല്‍പ്പറഞ്ഞ പ്രസ്ഥാനങ്ങളിലൂടെയല്ലാതെ അമൃതഭാരതി (സംസ്കൃതഭാഷാ പ്രചരണത്തിന്) മയില്‍പ്പീലി ബാലമാസിക (ആലുവയിലെ ബാലസംസ്കാരകേന്ദ്രത്തില് നിന്ന്) വാര്‍ത്തികം (തപസ്യയുടെ മുഖപത്രം) അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം എന്നിങ്ങനെ പലവിധത്തിലും എം.എ. സാറിന്റെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു.
ഉണ്ണിക്കണ്ണന് കൊമ്പില്‍ കയറി നില്ക്കുന്നു എന്നതാണല്ലോ കടമ്പുവൃക്ഷത്തിന്റെ മഹത്വം. വിവേകാനന്ദസ്വാമി യുവാക്കളെ എപ്പോഴും ഓര്‍മപ്പിച്ചിരുന്നു അവരിലുള്ള ഈ ആത്മസാന്നിധ്യത്തപ്പറ്റി. അത് ആത്മാഭിമാനത്തെയും ഭാരതത്തിന്റെ ദേശീയ ബോധത്തെയും ഇപ്പോഴും ഉത്തേജിപ്പിക്കുന്നുവെന്ന് ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ആ ഉത്തേജനത്തിന്റെ സംവാഹകന്‍ എന്ന നിലയില്‍ എം.എ. സാറിനെ അറിയുന്നതുകൊണ്ടാണ്, അദ്ദേഹത്തിന്റെ അനുശാസനമോ, അനുഗ്രഹമോ അറിയുമ്പോള്‍ ആ സ്ഥലത്തേക്ക് ദേശസ്നേഹികള്‍ ഓടിയെത്തുന്നത്; ആയുഷ്മാന്‍ ഭവ എന്ന പ്രാര്‍ത്ഥനയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: