ഒരു വര്ഷംമുന്പ് ആദ്യമായി കാശിയില്‍ പോകുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് വലിയൊരു പ്രതീക്ഷയുടെ ചിത്രമായിരുന്നു. ലോകത്തിലെ ഏറ്റവും പ്രാചീന നഗരത്തിന്റെ പ്രൗഢിയെക്കുറിച്ചുളള അഭിമാനത്തിനും, പുണ്യപുരാണ നഗരി കാണാനുള്ള അഭിനിവേശത്തിനുമപ്പുറം കാശി എന്ന വാരാണസിയിലെ മനോഹരകാഴ്ചകളായിരുന്നു ഉള്ളില്‍. മലയാളത്തിന്റെ മഹാസാഹിത്യകാരന് എംടിയുടെ ‘വാരാണസി’ നോവലില്‍ വായിച്ചതിന്റെയും, നേമം പുഷ്പരാജിന്റെ ബനാറസ് സിനിമയില്‍ കണ്ടതുമായ ദൃശ്യങ്ങള്‍ നേരിട്ടനുഭവിക്കാനുള്ള അവസരം കൈവന്നിരിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവുമായിരുന്നില്ല.
കാര്യാലയം തേടി
വാരാണസി റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ പ്രത്യേകമായൊന്നും തോന്നിയില്ല. വടക്കേയിന്ത്യന്‍ സ്റ്റേഷനുകളിലെ പതിവ് ബഹളം തന്നെ. ആര്‍എസ്എസ് കാര്യാലയത്തിലായിരുന്നു താമസ വ്യവസ്ഥ. ഒപ്പമുണ്ടായിരുന്ന സഹപ്രവര്ത്തകന് അശോക് കുറുപ്പ് ആത്മീയ ജീവിതം അന്വേഷിച്ച് കുറെനാള്‍ കാശിയില്‍ അലഞ്ഞതായതിനാല് സ്ഥലങ്ങളെല്ലാം ഏറെക്കുറെ അറിയാം. രാജേന്ദ്ര നഗറില്‍ നവയുഗ് കന്യകാ കോളേജിനടുത്താണ് കാര്യാലയം എന്നതിനാല്‍ ഓട്ടോക്കാരനോട് സ്ഥലം പറഞ്ഞു.
മൂന്നു കിലോമീറ്റര്‍ ദൂരം പോകാന്‍ മൂക്കാല്‍ മണിക്കൂറിലധികം എടുത്തു. വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ വീഥികള്‍. ഇരുവശവും രണ്ടും മൂന്നും നിലകളുള്ള പഴയ കെട്ടിടങ്ങളും പാണ്ടികശാലകളും. തലങ്ങും വിലങ്ങും നടക്കുന്ന ജനങ്ങള്‍. വഴിവാണിഭക്കാര്‍, പശുക്കള്‍, എരുമകള്‍. പ്രതീക്ഷയ്ക്ക് വിപരീതമായ കാഴ്ചകള്‍ കണ്ട് രാജേന്ദ്ര നഗറിലെത്തി. ഓട്ടോക്കാരന് ആര്‍എസ്എസ് കാര്യാലയം അറിയില്ല. അവിടെയുണ്ടായിരുന്ന മറ്റ് റിക്ഷാക്കാരോട് തിരക്കിയിട്ടും പ്രയോജനമുണ്ടായില്ല. സമീപത്തെ ഹോട്ടലില്‍ കയറി ചോദിച്ചമ്പോള്‍ കുറെ ദൂരെയെന്നു പറഞ്ഞ് ഓട്ടോക്കാരന് വഴി പറഞ്ഞുകൊടുത്തു.
ഇടവഴികളിലൂടെയും നിരത്തുകളിലൂടെയും വീണ്ടും യാത്ര. റോഡു വികസനവും മേല്‍പ്പാല നിര്‍മ്മാണവും മൂലം പലസ്ഥലത്തും യാത്രാ തടസ്സം. ഒരുമണിക്കൂറോളം യാത്ര ചെയ്ത് ഒരിടത്ത് നിര്‍ത്തിയിട്ട് ഒാട്ടോക്കാരന് ഓഫീസ് ചൂണ്ടിക്കാട്ടി-ബിജെപി സംസ്ഥാന കാര്യാലയം! പിന്നെ മറ്റൊരു ഓട്ടോയില്‍ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് തിരിച്ചു.
കാശി വിശ്വനാഥനെ കാണാന്‍
വന്ന വഴിയായിരുന്നില്ല മടക്കം. എല്ലായിടത്തും നിര്‍മ്മാണ പ്രവൃത്തികള്‍. കാശിയുടെ മുഖച്ഛായ മാറ്റാനുള്ള മോദി സാഹിബിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് പറയുമ്പോള്‍ ഓട്ടോക്കാരന് നൂറുനാവ്. ഹൈവേകളെക്കുറിച്ചും മേല്പ്പാലങ്ങളെക്കുറിച്ചുമൊക്കെ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മണ്ഡലമായ വാരാണസിക്കായി പലതും ചെയ്യുമെന്ന വിശ്വാസം ഓട്ടോക്കാരനിലും, പിന്നീടുകണ്ട പലരിലും പ്രകടമായിരുന്നു.
ലോകത്തിലെ ഏറ്റവും പൗരാണിക ആത്മീയ നഗരമായ വാരാണസിലെത്തിയാല് ആദ്യം കാണേണ്ടത് കാശി വിശ്വനാഥനെ ആയതിനാല്‍ ക്ഷേത്രത്തിലേക്ക്. തിരക്കേറിയ നഗരത്തിലൂടെ ഒരു കിലോമീറ്ററോളം നടന്ന് ക്ഷേത്ര പരിസരത്തെത്തി. ക്ഷേത്ര നടയിലെത്താന്‍ ഇടുങ്ങിയ വഴിയിലൂടെ വീണ്ടും നടക്കണം. പരിസരത്തെ കടകളെല്ലാം അടഞ്ഞുകിടക്കുന്നു. ഹര്‍ത്താലാണ്. നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കാശി വിശ്വനാഥ് ഇടനാഴിക്കും ഗംഗാ നടപ്പാതയ്ക്കും വേണ്ടി വീടുകളും കടകളും ഒഴിയേണ്ടി വരുന്നവരുടെ പ്രതിഷേധമാണ്.
ഗംഗാ ആരതി കാണാനായി ദശാശ്വമേധ് ഘട്ടിലേക്ക് തിരിച്ചു. ഗംഗാസ്നാനത്തിനിറങ്ങുന്ന ഭക്തരാല്‍ ബഹളമയമാണ് തീരം. കാഷായ വസ്ത്രധാരികള്‍, അല്‍പ്പവസ്ത്രധാരികള്‍, വിദേശ സഞ്ചാരികള്‍, തോണിക്കാരന്, ഭിക്ഷാടകര്‍, കീര്‍ത്തന സംഘങ്ങള്‍, ദേഹം മുഴുവന്‍ ഭസ്മം പൂശിയവര്‍. എല്ലാവരും ചേര്‍ന്ന് പ്രത്യേക അന്തരീക്ഷം തീര്‍ക്കുന്ന ഗംഗാ തീരം. അസിഘട്ടു മുതല്‍ മണികര്‍ണികാ ഘട്ടുവരെ 88 ഘട്ടുകള്‍. സാക്ഷാല്‍ ഹരിശ്ചന്ദ്രന് കാവല്‍നിന്ന മണികര്‍ണികാ ഘട്ടിലാണ് കൂടുതല്‍ ശവസംസ്ക്കാരങ്ങള് നടക്കുന്നത്.
വികസനത്തിന്റെ ഘട്ടുകള്‍
എവിടെയും ഇരിക്കുവാന് പാകത്തിനാണ് ഘട്ടിന്റെ നിര്‍മിതി. വൈകുന്നേരമുള്ള ഗംഗ ആരതിയുടെ സമയത്താണ് ഘട്ടിന്റെ ഭംഗി മനോഹരമാകുന്നത്. ഗംഗയെ പൂജിക്കുന്ന ചടങ്ങാണ് ആരതി. ദീപങ്ങള്‍ വിതറുന്ന പ്രകാശവും മണിനാദവും വര്‍ണാഭമായ വസ്ത്രം ധരിച്ചുള്ള പൂജാരിയുടെ കര്‍മ്മവും ആകര്‍ഷകം. തീരത്തിന്റെ ആത്മീയ പ്രഭയേക്കാള്‍, ആരതിയുടെ ശോഭയേക്കാള്‍ മനസ്സില്‍ തട്ടിയത് തീരത്തെ അസൗകര്യങ്ങളായിരുന്നു. നരേന്ദ്രമോദിയുടെ മണ്ഡലമായിട്ടും അതിനൊത്ത വികസനം എന്തുകൊണ്ടില്ല എന്ന സംശയമുണ്ടായി.
ഇതിനൊക്കെ ഉത്തരമായിരുന്നു കഴിഞ്ഞ മാസത്തെ വാരാണസി സന്ദര്‍ശനം. തിക്കിനും തിരക്കിനും കുറവൊന്നുമില്ലെങ്കിലും വാരാണസി ആകെ മാറിയിരിക്കുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഇടവഴികള്‍ വീതികൂട്ടിയിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ ഗലികളിലെ വീടുകള്‍ മാത്രമല്ല, നിരവധി ചെറിയ ആരാധനാ കേന്ദ്രങ്ങളും പൊളിച്ചുമാറ്റിയായിരുന്നു വികസനം. എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബഹളമൊന്നുമില്ലാതെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനായി. ഉടമകളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയും, മതിയായ നഷ്ടപരിഹാരം നല്കിക്കൊണ്ടുമായിരുന്നു നടപടി.
550 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തില്‍ നടപ്പിലാക്കിയത്. സമഗ്ര വൈദ്യുതി വികസന പദ്ധതി, ബനാറസ് യൂണിവേഴ്സിറ്റി അടല്‍ ഇന്‍കുബേഷന്‍ സെന്റര്‍, റീജനല്‍ ഒഫ്താല്‍മോളജി സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്.
രണ്ട് ദേശീയപാതകള്‍
എന്നാല്‍ വാരാണസിയുടെ മുഖംമാറ്റുന്ന വികസനം ഇതൊന്നുമായിരുന്നില്ല. അത് മോദിതന്നെ രാഷ്ട്രത്തിനു സമര്‍പ്പിച്ച രണ്ടു ദേശീയപാതകളാണ്. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും 1571.95 കോടി രൂപ ചെലവില്‍ നിര്‍മിച്ചതുമായ പ്രധാന ദേശീയപാതകള്‍. 16.55 കിലോമീറ്റര്‍ വരുന്ന വാരാണസി റിങ് റോഡ് 759.36 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചത്. ദേശീയ പാത 56-ല്‍ 17.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബബത്പൂര്‍-വാരാണസി റോഡിന്റെ നിര്‍മാണവും നാലുവരിയാക്കലും 812.59 കോടി രൂപ ചെലവു വന്ന പദ്ധതിയാണ്.
ബബത്പൂര്‍ ദേശീയ പാത, വാരാണസിയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതും, ജോണ്‍പൂര്‍-സുല്‍ത്താന്‍പൂര്‍-ലഖ്നൗ എന്നിവിടങ്ങളിലേക്കു നീളുന്നതുമായ പാതയാണ്. ഹര്‍ഹ്വയില്‍ ഫ്ളൈ ഓവറും തര്‍നയില്‍ റോഡ് മേല്‍പ്പാലവുമുള്ള പാത വാരാണസിയില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും. വാരാണസിക്കാര്ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകുന്ന പാത. രണ്ടു മേല്‍പ്പാലങ്ങളും ഒരു ഫ്ളൈ ഓവറുമുള്ള റിങ് റോഡ് എന്‍.എച്ച്. 56 (ലഖ്നൗ-വാരാണസി), എന്‍.എച്ച്. 233 (അസംഗഢ്-വാരാണസി), എന്‍.എച്ച്. 29 (ഗോരഖ്പൂര്‍-വാരാണസി) എന്നിവയ്ക്കു വാരാണസി നഗരം തൊടാതെയുള്ള ബൈപ്പാസാണ്.
നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കുമെന്നു മാത്രമല്ല, യാത്രാസമയവും ഇന്ധനച്ചെലവും വായുമലിനീകരണവും കുറയുമെന്ന നേട്ടവുമുണ്ട്. ബുദ്ധമത തീര്‍ഥാടകരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സാരാനാഥിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ഈ പദ്ധതികള്‍ റോഡ് കടന്നുപോകുന്ന പ്രദേശത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുന്നതിനും സാമ്പത്തിക വികസനം യാഥാര്‍ഥ്യമാക്കുന്നതിനും സഹായമാകും. ഇതിനു പുറമെ വാരാണസിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതും, 63,885 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതുമായ 2,833 കിലോമീറ്റര്‍ റോഡ് വികസനം നടന്നുവരികയുമാണ്.
മറ്റൊരു വികസനക്കുതിപ്പ്
ഗംഗാനദിയില്‍ ഉള്‍നാടന്‍ ജലഗതാഗത ടെര്‍മിനലാണ് വാരാണസിയിലെ മറ്റൊരു വികസനക്കുതിപ്പ്. ലോകബാങ്ക് സഹായത്തോടെ ഇന്ത്യന്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി നടപ്പാക്കുന്ന ജലമാര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി ദേശീയ ജലപാതയില്‍ നിര്‍മിക്കുന്ന ബഹുതല ടെര്‍മിനലുകളില്‍ ആദ്യത്തേതാണിത്. മറ്റു മൂന്നു ടെര്‍മിനലുകള്‍ സാഹിബ്ഗഞ്ച്, ഹാല്‍ദിയ, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഗംഗാ നദിയില്‍ 1500-2000 ഡിഡബ്ല്യുടി ശേഷിയുള്ള യാനങ്ങളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഗതാഗതം സാധ്യമാകുന്ന പദ്ധതിയാണിത്.
സ്വാതന്ത്ര്യാനന്തരം ഉള്‍നാടന്‍ ജലഗതാഗത പാത വഴി അയയ്ക്കപ്പെടുന്ന ആദ്യ കണ്ടെയ്നര്‍ ചരക്ക് സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രിതന്നെ പദ്ധതി ഉദ്ഘാടനം ചെയ്തു. വാരാണസിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാാനമാക്കുമെന്ന് മോദി തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. ലോകോത്തര നിലവാരത്തിലുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി പ്രധാനമന്ത്രി വാക്കുപാലിക്കുകയാണ്.
കാശിയുടെ കാണാപ്പുറം
ലോകത്തിലെ ഏറ്റവും പ്രാചീന നഗരങ്ങളില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്ന കാശി പൂര്വഉത്തര്പ്രദേശില് ഗംഗാതീരത്താണ്. കാശിവിശ്വനാഥന്റെ മഹിമ അപാരമാണ്. വരണാനദിക്കും അസിഗംഗയ്ക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്നതുകൊണ്ട് ഈ നഗരം വാരാണസി എന്നും അറിയപ്പെടുന്നു. കാശി മഹാനഗരത്തിന്റെ തലസ്ഥാനമായിരുന്നു ഭാരതത്തിലെ ആറ് മഹാനഗരങ്ങളില്‍ ഏറ്റവും വലുതായിരുന്ന കാശിയെന്ന് ജാതകകഥകളില്‍ പറയുന്നു.
ശ്രേഷ്ഠമായ അധ്യയന കേന്ദ്രം, വിവിധ ജാതിമതസ്ഥരുടെ തീര്‍ത്ഥാടന സ്ഥലം, ഭഗവത് പ്രാപ്തിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നിങ്ങനെ പലതരത്തിലും കാശി പ്രസിദ്ധമാണ്. ഈ നഗരം ശൈവരുടെയും ശാക്തേയരുടെയും ബൗദ്ധരുടെയും ജൈനരുടെയുമെല്ലാം പ്രമുഖ തീര്‍ത്ഥസ്ഥാനമാണ്. കാശിവിശ്വനാഥക്ഷേത്രത്തിലെ ശിവലിംഗം പന്ത്രണ്ട് ജ്യോതിര്ലിംഗങ്ങളില്പ്പെടുന്നു. ഇവിടെ ഒരു ശക്തിപീഠമുണ്ട്. ഏഴാമത്തെയും പതിനൊന്നാമത്തെയും ജൈനതീര്‍ത്ഥങ്കരന്മാര്‍ ആവിര്ഭവിച്ചതിവിടെയാണ്. ബുദ്ധഭഗവാന് തന്റെ പ്രഥമ മതപ്രഭാഷണം നടത്തിയ സാരാനാഥ് കാശിക്കടുത്താണ്. ജഗദ്ഗുരു ആദിശങ്കരാചാര്യര്‍ ദിഗ്വിജയ യാത്ര ആരംഭിച്ചതും ഇവിടെനിന്നുതന്നെ.
ഏതൊരുകാര്യവും അതൊരു പുതിയ പ്രസ്ഥാനമായാലും പരിഷ്കാരമായാലും ദര്‍ശനമായാലും – കാശിയില്‍നിന്നും ആരംഭിക്കുക എന്നത് അതിന്റെ പൂര്‍ണവിജയത്തിന് വളരെ ആവശ്യമായി കണക്കാക്കപ്പെടുന്നു. കബീര്‍, രാമാനന്ദ, തുളസീദാസ് തുടങ്ങിയ ഭക്തരുടെയും സന്ത് കവികളുടെയുമെല്ലാം കര്‍മഭൂമിയും കാശി നഗരം തന്നെയായിരുന്നു.
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് ഇവിടെയുണ്ടായിരുന്ന വിശ്വനാഥക്ഷേത്രം നശിപ്പിക്കുകയും, തല്‍സ്ഥാനത്ത് ഒരു പള്ളി നിര്‍മിക്കുകയും ചെയ്തു. പിന്നീട് റാണി അഹല്യാബായ് ഹോല്‍ക്കര്‍ അതിനടുത്തുതന്നെ പുതുതായി വിശ്വനാഥക്ഷേത്രം പണി കഴിപ്പിച്ചു. പിന്നീട് മഹാരാജാ രണ്‍ജിത് സിംഹന് ഈ ക്ഷേത്രത്തിന്റെ മേല്‍ക്കൂര (താഴികക്കുടം) മുഴുവന്‍ സ്വര്‍ണം പൂശി.
മദന്മോഹന് മാളവ്യ കാശിയില്‍ പ്രസിദ്ധമായ കാശി – ഹിന്ദു സര്‍വകലാശാല സ്ഥാപിച്ചുകൊണ്ട് കാശിയുടെ വിദ്യാഭ്യാസ പാരമ്പര്യത്തെ കൂടൂതല്‍ മുന്പോട്ട് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: