ശ്രീനാരായണ ഗുരുദേവനെയും മഹാകവി കുമാരനാശാനെയും മറയാക്കി മാലോകരെയാകെ ഞെക്കിപ്പിഴിയുന്ന ബജറ്റ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിന് അതില്‍പ്പരംചേരുന്ന വിശേഷണമില്ല. പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാന്‍ നമ്മോടൊപ്പം കൈകോര്‍ത്ത കേന്ദ്രസൈനിക വിഭാഗങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി അറിയിച്ച ധനമന്ത്രി ആമുഖത്തില്‍ പറഞ്ഞ കേന്ദ്രവിരുദ്ധം ഫെഡറല്‍ സങ്കല്‍പ്പത്തിനുതന്നെ എതിരാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി പ്രധാനമന്ത്രിയെ ചെന്നുകണ്ടപ്പോള്‍ എന്റെ വസതി സ്വന്തം വീടായി പരിഗണിച്ച് വരാമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അതിനുശേഷം കേന്ദ്രവിരുദ്ധ വികാരംപ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരമൊന്നും മുഖ്യമന്ത്രി പിണറായി വിജയന് പാഴാക്കിയില്ല. അതിന്റെ തുടര്‍ച്ചയായി വേണം ധനമന്ത്രിയുടെ കേന്ദ്രവിരുദ്ധ സമീപനത്തെയും കണക്കാക്കാന്‍. മുഷ്കിന് കീഴടങ്ങാതെ എന്ന് ആശാന് പറഞ്ഞതിനെ ഉദ്ധരിച്ച ഡോ. ഐസക് കേരള ഭരണക്കാരുടെ മുഷ്കും മുട്ടാപ്പോക്കും വിസ്മരിച്ചു എന്നതാണ് സത്യം. മുഖ്യമന്ത്രി ചിലപ്പോഴും പൊതുമരാമത്ത് മന്ത്രി പലപ്പോഴും കേന്ദ്രം ഉദാരമായി ഇപ്പോഴത്തെപ്പോലെ ഒരിക്കലും സഹായിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചതാണ്. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്രത്തിന്റെ ഉദാരസമീപനം ധനമന്ത്രി ഓര്‍മിച്ചതേയില്ല.
ശബരിമലയ്ക്ക് വഴിവിട്ട് എന്തൊക്കെയോ ചെയ്തു എന്ന ധാരണ പരത്താന്‍ ധനമമന്ത്രി ബോധപൂര്‍വം ശ്രമിക്കുകയാണ്. പമ്പവഴിയും പത്തനംതിട്ടയിലേക്കും കോട്ടയത്തേക്കും ഇടുക്കിയിലേക്കുമൊക്കെ പോകുന്ന റോഡുപണിക്ക് ചെലവാക്കിയ തുകയെല്ലാം ശബരിമലയുടെ പേരില്‍ എഴുതിച്ചേര്‍ത്ത് വായിച്ചതുപോലുള്ള മുഷ്ക് മാര്‍ക്സിസ്റ്റ്കാരനല്ലാതെ മറ്റാര്‍ക്കും ചെയ്യാനാകില്ല. ആകെ എടുത്തുപറയേണ്ടത് ദേവസ്വം ബോര്‍ഡിന് 100കോടി വാഗ്ദാനം ചെയ്തുവെന്നതാണ്. വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരിന്റെ വാക്കില്‍ ആവേശംകൊള്ളാനൊന്നുമില്ല. ഇക്കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ ഭക്തജനങ്ങള്‍ക്കെതിരെ നടത്തിയ കിരാതനടപടികള്‍ക്ക് എത്ര തുക അനുവദിച്ചാലും പരിഹാരമാകില്ല. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയും ധാര്‍ഷ്ട്യവും മറച്ചുവച്ച് ഭക്തജനങ്ങളെ അധിക്ഷേപിക്കാനാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ഇടംകണ്ടെത്തിയത്. സുപ്രീംകോടതിവിധിയെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണാവസരമായി ഉപയോഗിക്കാന്‍ അരയും തലയുംമുറുക്കി വര്‍ഗീയ വാദികള്‍ ഇറങ്ങി എന്നാണ് ഡോ. ഐസക്ക് കുറ്റപ്പെടുത്തിയത്. ശരണം അയ്യപ്പ മന്ത്രം ജപിച്ചവരെല്ലാം മന്ത്രിയുടെ കണ്ണില്‍ വര്‍ഗീയവാദികളാണ്. പ്രളയത്തിന്റെയും ദുരന്തത്തിന്റെയും കഥ പറഞ്ഞ മന്ത്രി ദുരിതബാധിതരെ പിഴിയുന്ന നിര്‍ദേശമാണ് ബജറ്റിലുടനീളം പറഞ്ഞത്. സോപ്പുതേച്ചുള്ള കുളിയും പല്ലുതേപ്പുമൊന്നും മലയാളിക്ക് വേണ്ടെന്ന തീരുമാനത്തിലാണ് മന്ത്രി. സാധാരണക്കാരന് നിത്യജീവിതത്തില്‍ അനിവാര്യമായ എല്ലാ വസ്തുക്കള്‍ക്കും ഇനി അധികവില നല്‍കണം.
ബജറ്റില്‍ വന്‍കിടക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് അധികവും. പാര്‍ട്ട്ണര്‍ഷിപ്പ് കരാറുകള്‍ക്കും ഇനിമുതല്‍ മുദ്രവില നല്‍കേണ്ടിവരും. എന്നാല്‍ കുത്തക കമ്പനികളുടെ രജിസ്ട്രേഷനുള്ള മുദ്രവില കുറച്ചു. റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്ക്ക് നല്‍കേണ്ട അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒഴിവാക്കി എന്നത് മാത്രമാണ് സാധാരണക്കാരനെ സഹായിക്കുന്ന ബജറ്റിലെ ഏക പ്രഖ്യാപനം. പിന്നെയുള്ളത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തെ നികുതിയിലെ അന്‍പത് ശതമാനം ഇളവാണ്. സ്വര്‍ണപ്പണയത്തിലും പണം കടംകൊടുക്കുന്നതിനും ഉള്ള പലിശ പരമാവധി 18 ശതമാനമാക്കി നിജപ്പെടുത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടിവരെ വിറ്റുവരുമാനമുള്ള വന്‍കിട വ്യാപാരികള്‍ക്കുള്ള നികുതി ഒരു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെലവ് ചുരുക്കല്‍ നടത്തില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു. പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര മാത്രമാണ് ബജറ്റ്. കിഫ്ബിയുടെ ബലത്തില്‍ ബജറ്റില്‍ പുതിയ പദ്ധതികള്‍ ഒന്നുംതന്നെ ഇടംപിടിച്ചിട്ടില്ല. പെന്ഷന് തുക പ്രതിമാസം 100 രൂപ വര്‍ദ്ധിപ്പിച്ചു എന്നതാണ് ബജറ്റിലെ ഏക നേട്ടം. എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചതോടെ നൂറ്റന്പത് രൂപ നികുതിയിനത്തില്‍ പ്രതിമാസം സര്‍ക്കാരിന് തിരികെ നല്‍കേണ്ട ഗതികേടിലാണ് സാധാരണ ജനങ്ങള്‍. വനിതാമതിലിലാണ് മന്ത്രി ആവേശംകൊള്ളുന്നത്. മതിലില്‍ കയറിനിന്ന് പൊതുജനത്തെ കൊഞ്ഞനംകുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ബജറ്റിലൂടെ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: